
ഇന്ത്യയിൽ പഠിക്കാനെത്തി പിന്നാലെ പ്രണയം, വിവാഹം, വഞ്ചന എന്നീവയിലൂടെ കടന്ന് പോകേണ്ടിവന്ന ഒരു റഷ്യൻ യുവതിയുടെ വൈകാരികമായ വിവരണം സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുവതി പങ്കുവച്ച വീഡിയോ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സമൂഹ മാധ്യമം ഷെയർ ചെയ്തതിന് പിന്നാലെയാണ് വീഡിയോ ഇന്ത്യയിൽ വൈറലായത്. പ്രണയത്തിനും പഠനത്തിനുമായി ഇന്ത്യയിലെത്തി എങ്കിലും ഇന്ന് ഇന്ത്യ വിട്ട് സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ് താനെന്ന് അവർ പറയുന്നു.
ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പിഎച്ച്ഡിക്കായാണ് 2015 -ൽ ഓൾഗ ഇന്ത്യയിലേക്ക് എത്തിയത്. എന്നാൽ 2014 -ൽ തന്നെ ഓൾഗ ഒരു ഇന്ത്യൻ യുവാവുമായി പ്രണയത്തിലായിരുന്നു. 2019 -ൽ ഇരുവരും വിവാഹിതരായി. 'ഇതാണ്. ഇന്ത്യ ഇപ്പോൾ സ്വന്തം വീടാണ്. അവൻ സ്വന്തം വീടാണ്,' അന്ന് താൻ സ്വയം പറഞ്ഞിരുന്ന വാക്കുകളാണെന്ന് ഓർഗ ഓർക്കുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം ഭർത്താവ് വിസയ്ക്കായി അപേക്ഷിച്ചു. പിന്നെ അയാളെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നെന്നും ഓൾഗ പറയുന്നു.
2023 നവംബറിലാണ് ഭർത്താവ് വിസയ്ക്ക് അപേക്ഷിച്ചത്. പിന്നാലെ പ്രശ്നങ്ങൾ തുടങ്ങി. 2024 ജനുവരിയിൽ, ഒന്നും പറയാതെ അയാൾ പോയി. കാണാനില്ലെന്ന പരാതി പോലീസിൽ നൽകി. ആറ് മാസത്തോളം പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി. സാമ്പത്തികമായി തകർന്നു. എന്നെ സഹായിച്ച സുഹൃത്തിക്കൾ പലരും വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടു. വിസ ഇല്ലാത്തതിനാൽ തനിക്ക് ഇന്ത്യ വിടാനും കഴിഞ്ഞിരുന്നില്ലെന്ന് ഓൾഗ പറയുന്നു.
എന്നാൽ, പിന്നീടാണ് അറിഞ്ഞത്, അയാൾ ജീവിച്ചിരിക്കുന്നുവെന്ന്. സമൂഹ മാധ്യമങ്ങളിലെ വിദേശികളുടെ പോസ്റ്റുകളിലാണ് അയാളെ കണ്ടെത്തിയതെന്നും അവർ പറയുന്നു. കണ്ടെത്തിയെന്ന് മനസിലായപ്പോൾ മാപ്പപേക്ഷയുമായി അയാളെത്തി. ക്ഷമിക്കണമെന്ന് പറഞ്ഞു. ഒരിക്കൽ ഹിമാചലിൽ പോയപ്പോൾ തൊട്ടടുത്ത് മറ്റൊരു വിദേശ സഞ്ചാരിയായ സ്ത്രീക്കൊപ്പം അയാൾ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞു. എന്നാൽ ഇരുവരും തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് തന്‍റെ തൊഴിലുടമയെ വിളിച്ച് അറിയിച്ചു. ഒടുവിൽ ഇന്ത്യ വിടാൻ തീരുമാനിച്ചു. പക്ഷേ. ഭർത്താവ് തന്നെ കാണാനില്ലെന്ന് പരാതി നൽകിയതിനെത്തുടർന്ന് വിമാനത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇന്ന് ഒൾഗ തന്‍റെ വിസ പ്രശ്നം പരിഹരിക്കാനും റഷ്യയിലേക്ക് പോകാനുമായി നിയമ സഹായം തേടുന്നു.