ജോലിക്കായി ജർമ്മനിയിലേക്ക് പോയ മകൾ ആദ്യ ശമ്പളത്തിൽ നിന്നും അമ്മയ്ക്ക് നൽകിയ വാഗ്ദാനം നിറവേറ്റി. മകൾ നൽകിയ സ്നേഹ സമ്മാനം കണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്ന വൈകാരിക നിമിഷങ്ങളുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായി.
ആദ്യ ശമ്പളത്തിൽ നിന്നും അമ്മയ്ക്ക് വാങ്ങിയ സമ്മാനം മകൾ കൈമാറിയപ്പോൾ സന്തോഷം കൊണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞു. നാല് വർഷം മുമ്പ് ജോലിയ്ക്കായി ഇന്ത്യയിൽ നിന്നും ജർമ്മനിയിലേക്ക് പോകുമ്പോൾ മകൾ അമ്മയ്ക്ക് നൽകിയ വാഗ്ദാനം കൂടിയായിരുന്നു അവിടെ നിറവേറ്റപ്പെട്ടത്. കുടുംബ ബന്ധങ്ങളുടെ സ്നേഹം വെളിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. ഇന്‍സ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം 21 ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധി കാഴ്ചക്കാർ വൈകാരികമായ കുറിപ്പുമായി എത്തി.
അമ്മയ്ക്ക് നൽകിയ വാഗ്ദാനം
ഇൻസ്റ്റാഗ്രാം ഉപയോക്താവ് വൻഷികയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചത്. നാല് വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് ജർമ്മനിയിലേക്ക് പോകുമ്പോൾ താൻ അമ്മയ്ക്ക് നൽകിയ ഒരു വാഗ്ദാനം നിറവേറ്റുന്നുവെന്ന് വൻഷിക വീഡിയോയിൽ വ്യക്തമാക്കുന്നു. തന്‍റെ വരുമാനത്തിൽ നിന്നും അമ്മയ്ക്ക് വേണ്ടി അവൾ ഒരു സമ്മാനം വാങ്ങി. അമ്മയുടെ ത്യാഗങ്ങൾക്കുള്ള നന്ദി സൂചകമായിട്ടാരുന്നു മകളുടെ സമ്മാനം. വീഡിയോയുടെ തുടക്കിൽ വൻഷിക അമ്മയോട് വെറുതെ സംസാരിക്കുന്നതും ജർമ്മനിയിൽ നിന്നും ഒന്നും കൊണ്ട് വരാൻ കഴിയാത്തതിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ഈ സമയം തനിക്ക് സമ്മാനങ്ങളൊന്നും വേണ്ടെന്ന് അമ്മ പറയുന്നതും കേൾക്കാം. അടുത്ത നിമിഷം അവൾ ഒരു ആഭരണപ്പെട്ടി അമ്മയ്ക്കായി നീട്ടുന്നു. അവിശ്വാസത്തോടെ മാലയിലേക്ക് നോക്കി നിശബ്ദമായി നിൽക്കുന്ന അമ്മയെയാണ് പിന്നീട് കാണുന്നത്. ആ ആഭരണപ്പെട്ടി അമ്മ മുത്തശ്ശിക്ക് കൈമാറുമ്പോൾ അവൾ രണ്ടാമത്തെ ആഭരണപ്പെട്ടി തുറന്ന് അതും അമ്മയ്ക്ക് നൽകുന്നു. മകളുടെ സ്നേഹം കണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ, 'എന്തിനാണ് കരയുന്നത്? കരയരുതെന്ന്' പറഞ്ഞ് കൊണ്ട് വൻഷിക അമ്മയെ കൊട്ടിപ്പിക്കുന്നു.
'ഞങ്ങളെയും കരയിച്ചു'
വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ താൻ നാല് വർഷം മുമ്പ് ജർമ്മനിയിലേക്ക് താമസം മാറ്റിയപ്പോൾ അമ്മയ്ക്ക് നൽകിയ വാഗ്ദാനമായിരുന്നെന്നും കുടുംബത്തിന് വേണ്ടി അമ്മ സഹിച്ച ത്യാഗങ്ങൾക്ക് അവർ അത് അർഹിക്കുന്നുണ്ടെന്നും വൻഷിക എഴുതി. ഒപ്പം ജീവിത കാലം മുഴുവനും താൻ അമ്മയെ രാജ്ഞിയെ പോലെ നോക്കുമെന്നും മകൾ കുറിച്ചു. പിന്നാലെ അമ്മയുടെ ത്യാഗത്തെയും മകൾ അമ്മയ്ക്കായി കരുതിയ സമ്മാനത്തെയും സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു. നിങ്ങളുടെ മാതാപിതാക്കളെ അഭിമാനിപ്പിക്കുന്നതും ആ സന്തോഷക്കണ്ണീർ കാണുന്നതും ഈ ലോകത്ത് മറ്റൊന്നിനും അനുഭവിക്കാൻ കഴിയാത്ത ഒരു അനുഭവമാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. നിരവധി പേർ തങ്ങളെ വീഡിയോ വൈകാരികമായി സ്പർശിച്ചെന്നും കണ്ണീര് വന്നെന്നും എഴുതി.


