
ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പുതിയൊരു കാഴ്ചപ്പാട് വേണമെന്നുണ്ടെങ്കിൽ നേരെ ഇന്ത്യയിലേക്ക് വരൂ എന്ന് വിദേശിയായ വ്ലോഗർ. ഡങ്കൻ മക്നോട്ട് എന്ന യുവാവാണ് ഇന്ത്യ സന്ദർശിച്ച ശേഷം വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. മഞ്ഞുമൂടിയ മലനിരകൾ മുതൽ മണൽ മരുഭൂമികൾ വരെയും, മനോഹരമായ കടൽതീരങ്ങൾ മുതൽ വെള്ളച്ചാട്ടങ്ങൾ വരെയും ഇന്ത്യയിലുണ്ടെന്ന് ഡങ്കൻ പറയുന്നു.
ഇന്ത്യയുടെ വിവിധ പ്രത്യേകതകളെ കുറിച്ചാണ് യുവാവ് പറയുന്നത്. അതിലൊന്ന് വൈവിധ്യത്തെ കുറിച്ചാണ്. ഇന്ത്യയിൽ ഇല്ലാത്തതായി ഒന്നുമില്ല. പ്രകൃതിഭംഗിയിലും ആഘോഷങ്ങളിലും ഇന്ത്യ അതിസമ്പന്നമാണ് എന്ന് യുവാവ് പറയുന്നു. ഇന്ത്യൻ ജനത നിങ്ങളെ സ്വന്തം കുടുംബാംഗത്തെപ്പോലെ സ്വീകരിക്കും. രാജ്യം മുഴുവൻ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യാൻ പോലും സാധിക്കുമെന്നും യുവാവ് പറയുന്നു. ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാവുന്നതും ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവുമായ സ്ഥലങ്ങളിൽ ഒന്നാണിത് എന്നും യുവാവ് പറയുന്നു.
നിങ്ങൾ സങ്കൽപ്പിക്കുന്നതിലും മനോഹരമായ ഉത്സവങ്ങളും വിനോദങ്ങളും ഇവിടെയുണ്ട് എന്നാണ് അടുത്തതായി ഡങ്കൻ പറയുന്നത്. നിങ്ങൾ ഒരു യുവ ബാക്ക്പാക്കർ ആണെങ്കിൽ, ലോകത്തെ മറ്റൊരു രീതിയിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും ഇന്ത്യയിലേക്ക് വരൂ എന്നും യുവാവ് പറയുന്നു. ഏകദേശം 4 ലക്ഷത്തിനടുത്ത് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ ഇന്ത്യയെ പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.
'അമേരിക്കയെപ്പോലെ എല്ലാം കൃത്യമായി ചിട്ടപ്പെടുത്തിയ സ്ഥലത്ത് ജീവിച്ച എനിക്ക്, ഇന്ത്യ ജീവിതം എന്നാൽ അനുഭവിച്ചറിയേണ്ട ഒന്നാണെന്ന് പഠിപ്പിച്ചു തന്നു' എന്നാണ് ഒരു വിദേശി കുറിച്ചത്. 'ഇന്ത്യയുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു' എന്ന് ഒരാൾ കമന്റ് നൽകിയിട്ടുണ്ട്. 'യഥാർത്ഥ ഇന്ത്യയെക്കുറിച്ച് ലോകത്തോട് പറഞ്ഞതിന് നന്ദി ബ്രോ' എന്നും കമന്റുകൾ വരുന്നുണ്ട്.