
ഒരു സ്കൂൾ കുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കരുതലിന്റെയും കരുണയുടെയും ഓർമ്മപ്പെടുത്തലായി മാറിയിരിക്കുന്ന ഈ വീഡിയോ വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ, ഒരു കുട്ടി തന്റെ അനിയത്തിയെ സ്കൂളിലാക്കാൻ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത് കാണാം. അവന്റെ അനിയത്തി പഠിക്കുന്ന അതേ സ്കൂളിലെ മറ്റൊരു പെൺകുട്ടിയും അവർക്കൊപ്പം യാത്ര ചെയ്തിരുന്നു. ഇവർ മൂവരും ഓട്ടോയുടെ പിൻസീറ്റിലായിരുന്നു ഇരുന്നിരുന്നത്.
സ്കൂളിലെത്തിയപ്പോൾ രണ്ട് പെൺകുട്ടികളും ഇറങ്ങി സ്കൂളിലേക്ക് നടന്നു. എന്നാൽ, ആൺകുട്ടി എല്ലാവരുടെയും യാത്രാക്കൂലി നൽകാനായി അവിടെത്തന്നെ നിന്നു. അവൻ പണമെടുക്കാൻ തുടങ്ങിയപ്പോൾ, രണ്ട് പെൺകുട്ടികളും അവന്റെ സഹോദരിമാരാണോ എന്ന് ഓട്ടോ ഡ്രൈവർ ചോദിച്ചു. അതിന് മറുപടിയായി, ഒരാൾ മാത്രമാണ് തന്റെ അനിയത്തിയെന്നും, മറ്റേ പെൺകുട്ടിക്ക് സ്കൂളിൽ പോകാൻ വൈകുന്നത് കണ്ടതുകൊണ്ട് ഒപ്പം കൂട്ടിയതാണെന്നും ആൺകുട്ടി പറഞ്ഞു.
കുട്ടിയുടെ പെരുമാറ്റം ഓട്ടോ ഡ്രൈവറുടെ മനസ്സിനെ സ്പർശിക്കുകയായിരുന്നു. തുടർന്ന് യാത്രാക്കൂലി വാങ്ങേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയും, പണം നൽകണ്ട എന്ന് കുട്ടിയോട് പറയുകയും ചെയ്തു. സന്തോഷത്തോടെയിരിക്കൂ എന്നും ആ പണം കൊണ്ട് എന്തെങ്കിലും വാങ്ങി അനിയത്തിക്കും നൽകി അവനോടും കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
A boy dropped his sister and another girl at school in an auto-rickshaw. He was paying the driver.
AUTO DRIVER: Are they both your sisters?
BOY: No, only one is my sister. The other girl couldn’t find an auto, so I asked her to come with us.
DRIVER: Then it’s okay. You don’t… pic.twitter.com/u3592zjrbH— Lakshay Mehta (@lakshaymehta08) June 25, 2026
താൻ അപരിചിതരോട് ലിഫ്റ്റ് ചോദിച്ചിരുന്ന സ്വന്തം കുട്ടിക്കാലം ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ അനുഭവമെന്ന് ഡ്രൈവർ വീഡിയോയിൽ പറയുന്നു. കുട്ടികൾ സന്തോഷിക്കുന്നത് കാണുമ്പോൾ തനിക്കും സന്തോഷം തോന്നുന്നുവെന്നും, പണത്തേക്കാൾ വലുത് അവരുടെ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഈ ചെറുപ്രായത്തിൽ തന്നെ ആ കുട്ടി എന്തുമാത്രം കരുതലോടെയാണ് പെരുമാറുന്നത് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്.