
പട്ടത്തിന്റെ നൂൽ കൊണ്ട് ആളുകൾക്ക് പരിക്കേൽക്കുന്നതും അവരുടെ ജീവൻ അപകടത്തിലാകുന്നതും പുതിയ സംഭവമല്ല. ഇതുമായി ബന്ധപ്പെട്ട് നിരന്തരം ചർച്ചകളും ഉയരാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഓഫീസിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന യുവതിയുടെ കഴുത്തിൽ പട്ടത്തിന്റെ നൂൽ ചുറ്റുകയായിരുന്നു. ജനുവരി രണ്ടിനാണ് സംഭവം നടന്നത് എന്നും യുവതി പറയുന്നു. ഓഫീസിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി സ്ഥിരമായി പോകാറുള്ള ഓവർബ്രിഡ്ജിൽ വച്ചായിരുന്നു അപകടം. പെട്ടെന്ന് ഒരു നൂല് വന്ന് തന്റെ കഴുത്തിൽ കുരുങ്ങുന്നതായി യുവതിക്ക് തോന്നുകയായിരുന്നത്രെ.
അത്ര അപകടമൊന്നുമില്ലാത്തതാണ് എന്ന് കരുതി അവർ അപ്പോൾ തന്നെ ആ നൂല് എടുത്തുമാറ്റാൻ ഒരു ശ്രമവും നടത്തി. എന്നാൽ, പിന്നീടാണ് അത് പട്ടത്തിന്റെ മാഞ്ച എന്ന് വിളിക്കുന്ന മൂർച്ചയേറിയ നൂലാണ് എന്ന് മനസിലാവുന്നത്. നൂലിൽ തൊട്ട ഉടനെ വിരലുകളിൽ അസ്വസ്ഥത അനുഭവപ്പെട്ടു. കഴുത്തിൽ നിന്നും ഊരിമാറ്റുന്നതിനിടയിൽ, മൂർച്ചയേറിയ നൂല് കാരണം കഴുത്തിലും കൈകളിലും ആഴത്തിലുള്ള മുറിവുകളും പൊള്ളലുകളും ഉണ്ടായതായും യുവതി പറയുന്നു. നൂൽ വളരെ മൂർച്ചയുള്ളതായിരുന്നു, അത് നീക്കം ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു എന്നും യുവതി വെളിപ്പെടുത്തി. പരിക്ക് കാരണം തന്റെ കൈക്ക് തുന്നൽ വേണ്ടി വന്നു എന്നും അവൾ പറയുന്നു.
ജീവന് വേണ്ടി താൻ പോരാടുകയായിരുന്നു എന്നാണ് ആ നിമിഷത്തെ കുറിച്ച് പോസ്റ്റിൽ പറയുന്നത്. മുറിവ് ആഴത്തിലുള്ളതാണോ വോക്കൽ കോഡിന് പരിക്കേറ്റിട്ടുണ്ടാകുമോ എന്ന് താൻ ഭയന്നിരുന്നു എന്നും യുവതി പറയുന്നു. ആ പട്ടം പറത്തിയിരുന്നയാൾ അതുവഴി കടന്നുപോകുന്ന അനേകം യാത്രക്കാരുടെ ജീവനാണ് അപകടത്തിലാക്കുന്നത് എന്ന ആശങ്കയും പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ദേശീയ ഹരിത ട്രൈബ്യൂണൽ മാഞ്ച ഇതിനകം നിരോധിച്ചിട്ടുണ്ട് എന്നതും യുവതി ചൂണ്ടിക്കാണിച്ചു. നമ്മുടെ ആഘോഷങ്ങളെ താൻ ബഹുമാനിക്കുന്നു, എന്നാൽ ഇന്ന് തനിക്ക് നടന്ന ഈ അപകടം നാളെ ആർക്കും വരാം, ഭാഗ്യം കൊണ്ടാണ് തന്റെ ജീവൻ നഷ്ടപ്പെടാഞ്ഞത് എന്നും യുവതി പറയുന്നു.
നേരത്തെയും നിരവധിപ്പേർക്ക് പല സ്ഥലങ്ങളിലായി ഇതുപോലെ പട്ടത്തിന്റെ നൂൽ കാരണം പരിക്കേറ്റതും ജീവൻ തന്നെ നഷ്ടപ്പെട്ടതും വാർത്തയായിരുന്നു.