17 വർഷം എയർടെല്ലിൽ ജോലി ചെയ്തയാളെ യാതൊരു ആനുകൂല്യങ്ങളുമില്ലാതെ പിരിച്ചുവിട്ടതായി ആരോപിക്കുന്ന വീഡിയോ വൈറൽ. ദീർഘകാലം സേവനമനുഷ്ഠിച്ച ജീവനക്കാരോടുള്ള കോർപ്പറേറ്റ് കമ്പനികളുടെ സമീപനത്തെക്കുറിച്ചും തൊഴിൽ സുരക്ഷയെക്കുറിച്ചുമുള്ള ചർച്ചയ്ക്ക് തുടക്കമിട്ടു.
രാജ്യത്തെ തൊഴിൽ സുരക്ഷയെയും അവകാശങ്ങളെയും കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയൊരു ചർച്ചയ്ക്കാണ് പവൻ ശർമ്മയുടെ വീഡിയോ തുടക്കമിട്ടത്. നീണ്ട 17 വർഷം എയർടെല്ലിൽ ജോലി ചെയ്ത പവൻ ശർമ്മയെ പ്രോവിഡൻ ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളൊന്നുമില്ലാതെ കമ്പനി പിരിച്ച് വിണ്ടെന്ന് അദ്ദേഹം തന്‍റെ വീഡിയോയിൽ അവകാശപ്പെട്ടു. ഏറെ വൈകാരികമായി അദ്ദേഹം പങ്കുവച്ച വീഡിയോയിൽ, ദീർഘകാലം ഒരു കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന ജീവനക്കാരോട് കമ്പനികൾ പ്രത്യേകിച്ചും കോർപ്പറേറ്റ് കമ്പനികൾ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം സ്വന്തം ജീവിതം വന്ന് വിവരിക്കുന്നു.
17 വർഷം ഒടുവിൽ...
ഓഫീസ് പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തിന് പുറത്ത് നിൽക്കുന്ന പവൻ ശർമ്മ കരഞ്ഞ് കൊണ്ടാണ് തന്‍റെ അനുഭവം പങ്കുവച്ചത്. “ഇത് എന്‍റെ എയർടെൽ ഓഫീസ് ആണ്. ഞാൻ 17 വർഷമായി എയർടെല്ലിൽ ജോലി ചെയ്യുന്നു. സുനിൽ ഭാരതി മിത്തൽ ജി! നിങ്ങൾ ഒരു പുതിയ ഓഫീസ് തുറന്നു. നിങ്ങൾ ഞങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഞങ്ങൾ ഞങ്ങളുടെ വീട്ടുചെലവുകൾ എങ്ങനെ നടത്തും? എനിക്ക് ഇപ്പോഴും വലിയ ആശയങ്ങളുണ്ട്. ദയവായി ഈ വീഡിയോ സുനിൽ ഭാരതി മിത്തൽ ജിക്ക് അയയ്ക്കുക.” പവൻ തന്‍റെ വീഡിയോയിൽ പറയുന്നു.
നിശബ്ദമായ തന്‍റെ ഓഫീസ് ചൂണ്ടിക്കാണിച്ച അദ്ദേഹം, തന്‍റെ വരുമാനത്തിന്‍റെ ഉറവിടം ഇവിടെയാണെന്നും എന്നാൽ ഓഫീസ് അടച്ചുപൂട്ടിയെന്നും പറയുന്നു. മറ്റ് ജോലികൾ ചെയ്യാനുള്ള വിദ്യാഭ്യാസമില്ലെന്നും എയർടെൽ നേരിട്ട് ബിരുദധാരികളെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ഞങ്ങളുടെ യോഗ്യതകൾ കുറവാണെന്നും ഞങ്ങളുടെ വീട്ടുചെലവുകൾ ഞങ്ങൾ എങ്ങനെ നടത്തുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. ഒപ്പം തന്‍റെ വീഡിയോ പങ്കുവയ്ക്കാനും പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താനും അദ്ദേഹം വീഡിയോയിൽ അഭ്യർത്ഥിച്ചു. അതേസമയം ഈ വിഷയത്തിൽ എയർടെല്ലിന്‍റെ നിലപാടെന്തെന്ന് വ്യക്തമല്ല.
നീതീകരിക്കാനാകില്ല
വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ ഇന്ത്യയിലെ പുതിയ തൊഴിൽ നിയമങ്ങളെ കുറിച്ചു. അത് കോർപ്പറേറ്റുകളെ എത്രമാത്രം സഹായിക്കുന്നുവെന്നതിനെ കുറിച്ചും നിരവധി പേർ എഴുതി. എല്ലാ കമ്പനികളിലും ഓഫീസുകളിലുമുള്ള യാഥാർത്ഥ്യം ഇതാണെന്നും വർഷങ്ങളോളം ഒരു കമ്പനിയിൽ ജോലി ചെയ്ത ഒരാളെ ജോലിയിൽ നിന്ന് പുറത്താക്കുന്നതിന്‍റെ ഒരു ഉദാഹരണം മാത്രമാണിതെന്നും ഒരു കാഴ്ചക്കാരൻ കുറിച്ചു. "17 വർഷത്തെ വിശ്വസ്തത ബഹുമാനം അർഹിക്കുന്നു, വഞ്ചനയല്ല." എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഒരു ജീവനക്കാരൻ അയാളുടെ ജീവിതത്തിന്‍റെ വലിയൊരു ഭാഗം കമ്പനിയുടെ ലാഭത്തിന് വേണ്ടി ജോലി ചെയ്തിട്ടും അയാളെ വെറും കൈയോടെ വിട്ടയക്കുന്നത് ഒരിക്കലും നീതീകരിക്കാനാകില്ലെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.


