
പുതുവർഷാരംഭത്തിൽ നിരവധിപ്പേരാണ് കൊളംബിയയിലെ വിവിധ ബീച്ചുകളിൽ ആഘോഷങ്ങൾക്കായി എത്തിച്ചേർന്നത്. എന്നാൽ, അതിലൊരു ബീച്ചിലെത്തിയ ആളുകളെ ആകെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കൊളംബിയയുടെ വടക്ക്, കരീബിയൻ ദ്വീപായ സാൻ ആന്ദ്രെസിൽ സ്ഥിതി ചെയ്യുന്ന സ്പ്രാറ്റ് ബൈറ്റ് എന്ന ബീച്ചിലാണ് ഈ ഭയാനകമായ സംഭവം നടന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
വീഡിയോയിൽ കാണുന്നത് ഒരു സ്രാവും മന്താ രേയും തമ്മിലുള്ള സംഘട്ടനരംഗമാണ്. ബീച്ചിൽ നിൽക്കുന്ന ആളുകൾക്ക് ആദ്യം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായിരുന്നില്ല. വെള്ളത്തിൽ പൊങ്ങിച്ചാടുന്ന സ്രാവിനെ കാണാം. കടലിൽ ഇറങ്ങി നിന്നിരുന്ന ആളുകൾ ഈ രംഗം കാണുന്നതോടെ ഭയന്ന് കരയിലേക്ക് കയറുന്നതും കാണാം. ഓരോരുത്തരായി കരയിലേക്ക് കയറി നിന്നുകൊണ്ട് രംഗം വീക്ഷിക്കുകയാണ്. തങ്ങളുടെ കൂടെ നിന്ന ആളുകളെ മറ്റുള്ളവർ വിളിക്കുന്നതും കരയിൽ കയറാൻ പറയുന്നതും എല്ലാം വീഡിയോയിൽ വ്യക്തമാണ്. അതിനിടയിൽ ഒരാൾ തന്റെ കുഞ്ഞിനെ വെള്ളത്തിൽ നിന്നും വേഗം എടുത്ത് കരയിലേക്ക് മാറ്റുന്നുമുണ്ട്. ആകപ്പാടെ തീരത്ത് വലിയ ഒച്ചയും ബഹളവും ഭയവും നിറഞ്ഞു എന്നർത്ഥം.
ആളുകൾ ഭയന്നുപോയിട്ടുണ്ട് എന്നത് ദൃശ്യങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്. മന്താ രേയും സ്രാവും ഏറ്റുമുട്ടുന്ന രംഗമാണിത് എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. സ്രാവ് ഒറ്റക്കടിക്ക് മന്താ രേയുടെ കഥ കഴിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഒരു തൊഴിലാളി ജെറ്റ് സ്കീയുമായി അതിന് ചുറ്റും നീങ്ങുന്നതും കാണാം. സ്രാവ് തീരത്തേക്ക് വരുന്നത് തടയുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം.
ഏതായാലും വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിത്തീർന്നത്.