ഒരു പാവയ്‍ക്കക്ക് നൽകിയത് 1000 രൂപ! ചിരി അതിമനോഹരമെന്നും അമേരിക്കൻ വ്ലോഗർ, ആശ്വാസത്തില്‍ കച്ചവടക്കാരി

Published : Jun 12, 2026, 09:29 PM IST
viral video

Synopsis

ബെംഗളൂരുവിൽ കച്ചവടമില്ലാതെ വിഷമിച്ചിരുന്ന വഴിയോരക്കച്ചവടക്കാരിക്ക് തുണയായി അമേരിക്കൻ വ്ലോഗർ. ഒരു പാവയ്ക്ക 1000 രൂപയ്ക്ക് വാങ്ങിയാണ് വ്ലോഗര്‍ ഇവരെ സഹായിച്ചത്. 

കച്ചവടമില്ലാതെ വിഷമിച്ചിരുന്ന വഴിയോരക്കച്ചവടക്കാരിയായ സ്ത്രീക്ക് തുണയായി അമേരിക്കൻ വ്ലോഗർ. ബെംഗളൂരു സന്ദർശിക്കാനെത്തിയ ക്രിസ് റോഡ്രിഗസ് എന്ന വ്ലോഗറാണ് വേറിട്ടൊരു പ്രവൃത്തിയിലൂടെ സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത്. റോഡരികിൽ പച്ചക്കറി വിൽക്കുന്ന സ്ത്രീയുടെ സങ്കടം കണ്ട് മനസ്സലിഞ്ഞ ക്രിസ്, ഒരു പാവയ്ക്ക 1,000 രൂപ നൽകി വാങ്ങുന്ന വീഡിയോ ആണ് ഇപ്പോൾ നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്.

പച്ചക്കറി സ്റ്റാളിന് മുന്നിൽ വളരെ നിരാശയോടെ ഇരിക്കുന്ന സ്ത്രീയെ കണ്ടാണ് ക്രിസ് അവർക്കരികിലേക്ക് എത്തിയത്. 'നമസ്തേ, സുഖമാണോ? ഇന്ന് കച്ചവടം കുറവാണോ? എനിക്ക് നിങ്ങളെ സഹായിക്കണം, ഞാൻ എന്തെങ്കിലും വാങ്ങിക്കോട്ടെ?' എന്ന് ക്രിസ് ചോദിച്ചെങ്കിലും ഭാഷ അറിയാത്തതിനാൽ അവർക്ക് അത് മനസ്സിലായില്ല. അവർ കന്നഡയിൽ മറുപടി നൽകിയപ്പോൾ ക്രിസിനും ഒന്നും മനസ്സിലായില്ല. തുടർന്ന് ഇംഗ്ലീഷ് അറിയാവുന്ന ആരെങ്കിലും ഒപ്പമുണ്ടോ എന്ന് ക്രിസ് ചുറ്റുമുള്ളവരോട് അന്വേഷിച്ചു. ഒടുവിൽ അവിടെയുണ്ടായിരുന്ന ഒരു പ്രദേശവാസി സഹായത്തിനെത്തുകയും, ക്രിസ് കൈയിലെടുത്ത പച്ചക്കറി 'പാവയ്ക്ക' ആണെന്ന് വിശദീകരിക്കുകയും ചെയ്തു.

ആ സ്ത്രീ എന്തുകൊണ്ടാണ് ഇത്രയധികം സങ്കടപ്പെട്ടിരിക്കുന്നത് എന്ന് അന്വേഷിക്കാൻ ക്രിസ് വിവർത്തകനോട് ആവശ്യപ്പെട്ടു. സ്കൂളുകൾക്ക് അവധിയായതിനാൽ കച്ചവടം വളരെ മന്ദഗതിയിലാണെന്ന് അവർ മറുപടി നൽകി. സാധാരണയായി ദിവസം 1,000 രൂപയോളമാണ് അവരുടെ വരുമാനമെന്നും അവർ വ്യക്തമാക്കി. തുടർന്ന് 1000 രൂപ നൽകി ക്രിസ് അവരുടെ കൈയിൽ നിന്നും ഒരു പച്ചക്കറി വാങ്ങി. തുക കൈമാറിയ ഉടൻ തന്നെ ആ സ്ത്രീയുടെ മുഖത്ത് വലിയൊരു പുഞ്ചിരി വിരിഞ്ഞു. സന്തോഷം കൊണ്ട് അവർ കൂടുതൽ പച്ചക്കറികൾ ക്രിസിന് നൽകാൻ ശ്രമിച്ചെങ്കിലും, 'വേണ്ട, നിങ്ങൾക്ക് നല്ലൊരു ദിവസമാകട്ടെ' എന്ന് പറഞ്ഞ് അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിച്ചു. യാത്ര പറയുന്നതിന് മുൻപ് 'അവർക്ക് നല്ല ഭംഗിയുള്ള ചിരിയുണ്ടെന്ന് പറയൂ' എന്ന് ക്രിസ് കൂടെയുള്ള ആളോട് ആവശ്യപ്പെട്ടു. ഇത് കേട്ട് ആ സ്ത്രീ ഉറക്കെ ചിരിക്കുകയും, ക്രിസ് 'ധന്യവാദ്' എന്ന് പറഞ്ഞ് അവിടെ നിന്നും മടങ്ങുകയും ചെയ്തു.

 

 

'ഇന്ത്യയിലെ ഒരു വഴിയോരക്കച്ചവടക്കാരിയെ സഹായിക്കുന്നു' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം അനേകം ആളുകളാണ് കണ്ടത്. 'ആ സ്ത്രീയുടെ മുഖത്തെ പുഞ്ചിരിയിൽ എല്ലാമുണ്ടായിരുന്നു, തികച്ചും മനോഹരമായ കാഴ്ച', 'ചെറിയൊരു കാരുണ്യത്തിന് ഒരാളുടെ ദിവസത്തെ മുഴുവൻ മാറ്റിമറിക്കാൻ കഴിയും', 'ഒരു വ്യക്തിയുടെ അന്തസ്സ് കെടുത്താതെ, അത്രമേൽ ദയയോടെ അവരെ സഹായിച്ച വ്ലോഗർക്ക് വലിയൊരു കൈയടി' എന്നിങ്ങനെ നീളുന്നു സോഷ്യൽ മീഡിയയിലെ കമൻ്റുകൾ.

PREV
Read more Articles on
click me!

Recommended Stories

പ്രായമൊരു തടസ്സമല്ല; അമ്മയൊരു ആ​ഗ്രഹം പറഞ്ഞു, മകളത് കേട്ടു, 73 -കാരിക്ക് സ്വപ്നസാക്ഷാത്കാരം
ശരിക്കും ലക്കിയാണ് ഈ മകൾ, കണ്ണ് നനയിച്ച് ഒരച്ഛൻ, ഇതിൽപ്പരമെന്ത് വേണം; കാണാം വീഡിയോ