
ഹിമാലയൻ മലനിരകളിലെ അതിസാഹസികമായ 'ട്രെയിൽസ് പാസ്' (Traill's Pass) കീഴടക്കി മടങ്ങിയ 19 അംഗ പർവതാരോഹണ സംഘം വൻ ഹിമപാതത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സമുദ്രനിരപ്പിൽ നിന്ന് 5,312 മീറ്റർ ഉയരത്തിലുള്ള, ദുർഘടം പിടിച്ച ബാഗേശ്വർ ജില്ലയിലെ ഹിമാലയൻ മേഖലയിലാണ് ഈ നടുക്കുന്ന സംഭവം ഉണ്ടായത്. പർവതനിര വിജയകരമായി മുറിച്ചുകടന്നതിന് തൊട്ടുപിന്നാലെയാണ് സംഘത്തിന് നേരെ ഭീമാകാരമായ ഹിമപാതം (Avalanche) പാഞ്ഞടുത്തത്. പത്ത് ദിവസത്തോളം കഠിനമായ പ്രതികൂല കാലാവസ്ഥയോട് പോരാടി ലക്ഷ്യസ്ഥാനത്ത് എത്തിയ ട്രെക്കർമാരെ, പെട്ടെന്നുണ്ടായ ഈ മതിൽ പോലുള്ള മഞ്ഞുപാളിയുടെ വരവ് തെല്ലൊന്നുമല്ല പരിഭ്രാന്തിയിലാക്കിയത്.
ഹിമപാതത്തിന് മുൻപ് തന്നെ, കുമായൂൺ മലനിരകളിലെ അതിശൈത്യവും കൊടുംകാറ്റും, ആഴമേറിയ മഞ്ഞുരുകിയ കുഴികളും കനത്ത മഞ്ഞുവീഴ്ചയും സംഘത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. കടുത്ത ശാരീരികക്ഷീണവും അവസാന നിമിഷത്തെ മരണഭയവും വകവെക്കാതെ, തങ്ങളുടെ കഠിനപ്രയത്നത്തിനൊടുവിൽ അപകടമേഖല സുരക്ഷിതമായി മറികടക്കാൻ സംഘത്തിന് സാധിച്ചു. പർവതാരോഹക സംഘത്തിലെ എല്ലാ അംഗങ്ങളും സുരക്ഷിതരാണെന്ന് പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചു. പ്രവചനാതീതമായ കാലാവസ്ഥയും എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്ന ഭൂപ്രകൃതിയും കാരണം പർവതാരോഹകർക്കിടയിൽ ഏറെ വെല്ലുവിളി നിറഞ്ഞതാണ് ട്രെയിൽസ് പാസ്. അതുകൊണ്ടുതന്നെ ഈ അത്ഭുതകരമായ രക്ഷപ്പെടൽ ട്രെക്കിംഗ് ലോകത്തിന് വലിയ ആശ്വാസമാണ് പകരുന്നത്.
A 19-member team narrowly escaped death after conquering the remote 5,312-meter Traill’s Pass in Bageshwar. After surviving a brutal 10-day battle with blizzards and deep crevasses, the mountaineers faced sudden panic when a massive avalanche roared directly toward them right… pic.twitter.com/wDg5gYgjCw
— NDTV (@ndtv) June 17, 2026
ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉയർന്ന പർവതാരോഹണ പാതകളിലൊന്നാണ് ഉത്തരാഖണ്ഡിലെ കുമായൂൺ മേഖലയിലുള്ള 'ട്രെയിൽസ് പാസ്'. സമുദ്രനിരപ്പിൽ നിന്ന് 5,312 മീറ്റർ (17,428 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാത ബാഗേശ്വറിലെ പിണ്ഡാരി താഴ്‌വരയെയും പിത്തോരഗഢിലെ ജോഹർ താഴ്‌വരയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. 'നന്ദാദേവി ഈസ്റ്റ്', 'ചംഗൂച്ച്' തുടങ്ങിയ വമ്പൻ കൊടുമുടികളാൽ ചുറ്റപ്പെട്ട ഈ വഴി, ഇന്ത്യൻ ഹിമാലയത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞതും പർവതാരോഹകർ ഏറെ ആദരിക്കുന്നതുമായ ഒരു ക്രോസ്ഓവർ റൂട്ടാണ്.
സാധാരണ ട്രെക്കിംഗുകളിൽ നിന്ന് വ്യത്യസ്തമായി, വിപുലമായ പർവതാരോഹണ വൈദഗ്ധ്യവും സാങ്കേതികതികവും ആവശ്യമുള്ള ഒന്നാണിത്. 1830 -ൽ കുമായൂണിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ജി.ഡബ്ല്യു. ട്രെയിൽ ആണ് ആദ്യമായി ഈ പാത മുറിച്ചുകടന്നത്. അന്നുമുതൽ ഇന്നുവരെ ഈ റൂട്ട് പർവതാരോഹകർക്ക് കടുത്ത പരീക്ഷണങ്ങൾ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. കഴിഞ്ഞ 200 വർഷത്തിനിടയിൽ, ഇവിടെയെത്തിയ നൂറോളം പ്രൊഫഷണൽ സംഘങ്ങളിൽ 20-ൽ താഴെ ടീമുകൾക്ക് മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഹിമാലയൻ പർവതാരോഹണ ചരിത്രത്തിൽ ഇതൊരു അപൂർവ നേട്ടമായി കണക്കാക്കപ്പെടുന്നതും അതുകൊണ്ടാണ്.