വിമാനത്താവളത്തിൽ അലങ്കാരത്തിനായിട്ടൊരുക്കിയ ജലധാരകളിൽ ആളുകൾ ഇറങ്ങിനിൽക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്. മറ്റ് ചില ദൃശ്യങ്ങളിൽ വിമാനത്താവളത്തിന് പുറത്തുള്ള പുൽത്തകിടികളിൽ നിന്ന് അലങ്കാരച്ചെടികൾ ആളുകൾ കടത്തിക്കൊണ്ടുപോകുന്നതും കാണാം.
സിവിക് സെൻസ് ഇല്ലെങ്കിൽ എത്രത്തോളം വികസനങ്ങൾ കൊണ്ടുവന്നിട്ടും കാര്യമില്ല എന്ന് പറയാറുണ്ട്. പൊതുവിടങ്ങൾ ശുചിയായും വൃത്തിയായും സൂക്ഷിച്ചില്ലെങ്കിൽ പിന്നെ അവിടെ എത്ര സൗകര്യങ്ങൾ ഒരുക്കിയിട്ടും കാര്യമില്ല. ഇന്ത്യയിൽ പലയിടങ്ങളിൽ നിന്നും പ്രചരിക്കുന്ന പല വീഡിയോകളിലും ഈ സിവിക് സെൻസില്ലായ്മ കാണാം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വ്യാപക വിമർശനത്തിന് കാരണമാകുന്നത്. ആന്ധ്രാപ്രദേശിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ചില വീഡിയോകളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ കണ്ടതോടെ ആളുകളുടെ സിവിക് സെൻസില്ലായ്മയെ വിമർശിച്ച് അനേകങ്ങളാണ് കമന്റുകൾ നൽകുന്നത്.
വിമാനത്താവളത്തിൽ അലങ്കാരത്തിനായിട്ടൊരുക്കിയ ജലധാരകളിൽ ആളുകൾ ഇറങ്ങിനിൽക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്. മറ്റ് ചില ദൃശ്യങ്ങളിൽ വിമാനത്താവളത്തിന് പുറത്തുള്ള പുൽത്തകിടികളിൽ നിന്ന് അലങ്കാരച്ചെടികൾ ആളുകൾ കടത്തിക്കൊണ്ടുപോകുന്നതും വിമാനത്താവളത്തിന്റെ പരിസരം ഒരു വിനോദകേന്ദ്രം പോലെ ഉപയോഗിക്കുന്നതും കാണാം.
ആന്ധ്രാപ്രദേശിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക നാഴികക്കല്ലാണ് ഈ വിമാനത്താവളം. അവിടെ നിന്നുള്ള ഇത്തരം പെരുമാറ്റങ്ങൾ വലിയ വിമർശനങ്ങൾക്കാണ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. ഇത്തരം പെരുമാറ്റങ്ങൾ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അനേകങ്ങളാണ് ചൂണ്ടിക്കാണിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടണമെന്നും നിർബന്ധമായും തക്കതായ പിഴ ചുമത്തണമെന്നും അധികൃതരോട് ആവശ്യപ്പെടുന്നവരുമുണ്ട്.
'ഇത്തരം മഹത്തായ പൗരന്മാരിൽ നിന്ന് മരങ്ങളെയും ചെടികളെയും സംരക്ഷിക്കാൻ ഇനി വനംവകുപ്പിനെക്കൂടി പോലീസിനൊപ്പം നിയോഗിക്കേണ്ടി വരും' എന്നാണ് ഒരാൾ കമന്റ് നൽകിയത്. ഇനി സ്കൂൾതലം മുതൽക്ക് തന്നെ ആളുകളെ സിവിക് സെൻസ് കൂടി പഠിപ്പിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു മറ്റ് ചിലർ കമന്റ് നൽകിയത്.
