
വീക്കെൻഡിൽ അമ്മയറിയാതെ അമ്മയ്ക്കൊരു സർപ്രൈസ് യാത്രയൊരുക്കി സഹോദരിമാർ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഒരാഴ്ച മുഴുവനും അവർ അമ്മയുടെ വസ്ത്രങ്ങളും സാധനങ്ങളും രഹസ്യമായി പാക്ക് ചെയ്യുകയും റിസർവേഷനുകൾ നടത്തുകയും ചെയ്യുകയായിരുന്നു. ഒടുവിൽ ശരിക്കും എവിടേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ ആ അമ്മ ഞെട്ടിപ്പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ? ശ്രവ്യ ഗുണിപുടി എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എങ്ങനെയാണ് ഈ സർപ്രൈസ് ഒരുക്കിയത് എന്നതിനെ കുറിച്ചും ശ്രവ്യ ഇൻസ്റ്റഗ്രാമിൽ വിവരിച്ചിട്ടുണ്ട്. 'ഇത് പ്ലാൻ ചെയ്ത് നടപ്പിലാക്കിയത് വളരെ രസമായിരുന്നു. ഞാനും സഹോദരിയും ആഴ്ച മൊത്തം വീട്ടിൽ നിന്ന് വസ്ത്രങ്ങൾ രഹസ്യമായി എടുത്ത് കാറിന്റെ ബൂട്ടിൽ സൂക്ഷിച്ചു. ഞങ്ങൾക്ക് അമ്മയെ സർപ്രൈസ് ചെയ്യണമായിരുന്നു, അതിനാൽ ഒരാഴ്ച മുമ്പ് തന്നെ ഇത് പ്ലാൻ ചെയ്തു, റിസർവേഷനുകൾ നടത്തി, വീക്കെൻഡിൽ അമ്മയ്ക്ക് മറ്റ് തിരക്കുകളൊന്നുമില്ലെന്ന് ഉറപ്പാക്കി. രണ്ട് മണിക്കൂർ നേരത്തേക്ക് ഒരു പാർക്കിൽ പോകാമെന്ന വ്യാജേനയാണ് അമ്മയെ ഇറക്കിയത്' എന്ന് ശ്രവ്യ പറയുന്നു.
'അമ്മ ഞങ്ങളെ ഒരു നിമിഷം പോലും തനിയെ വിടാറില്ല. അതുകൊണ്ട് തന്നെ ഇത് പ്ലാൻ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, ഒടുവിൽ അതിന് 100 ശതമാനം ഫലം ലഭിച്ചു. നിങ്ങളുടെ മാതാപിതാക്കളെ സർപ്രൈസ് ചെയ്യൂ. നിങ്ങൾ അവർക്കും നിങ്ങൾക്കും നൽകുന്ന ഏറ്റവും മനോഹരമായ ഓർമ്മകളിൽ ഒന്നായിരിക്കും ഇത്' എന്നും ശ്രവ്യ പറയുന്നു.
മൂവരും കാറിൽ പോകുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അമ്മ പിൻസീറ്റിലാണ് ഇരിക്കുന്നത്. അടുത്തുള്ള ഒരു പാർക്കിലേക്കാണ് പോകുന്നതെന്നാണ് അവർ കരുതിയത്. അമ്മ നല്ല സന്തോഷത്തിലാണ്, അത് മക്കളോട് പറയുന്നുമുണ്ട്. 'പക്ഷേ നമ്മൾ പാർക്കിലേക്കല്ല പോകുന്നത്. നമ്മൾ ഈ വീക്കെൻഡിൽ ശ്രീശൈലത്തിലേക്ക് പോവുകയാണ്' എന്ന് പെട്ടെന്ന് സഹോദരിമാരിൽ ഒരാൾ പറയുന്നു.
ഇത് കേട്ട് അമ്മ അമ്പരന്നുപോയി. 'നിങ്ങൾ എന്നെ കളിയാക്കുകയാണോ' എന്നാണ് അവർ ചോദിക്കുന്നത്. യാത്രയ്ക്കുള്ളതെല്ലാം തങ്ങൾ ഇതിനകം പാക്ക് ചെയ്തിട്ടുണ്ടെന്ന് സഹോദരിമാർ പറയുമ്പോൾ, 'നിങ്ങൾ ഇത് സീരിയസായി പറയുകയാണോ' എന്ന് അമ്മ വീണ്ടും ചോദിക്കുന്നു. വലിയ ആവേശത്തിലാണ് അമ്മയുള്ളത്. കുടുംബം ശ്രീശൈലത്തിൽ ഒന്നിച്ച് വീക്കെൻഡ് ആസ്വദിക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. വളരെ മനോഹരമായ കാര്യമാണ് അമ്മയ്ക്ക് വേണ്ടി മക്കൾ ചെയ്തത് എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.