
ജമ്മു കശ്മീരിലെ ഗുരേസ് താഴ്‌വരയിൽ നിന്നും ഞെട്ടിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. കശ്മീർ സന്ദർശിക്കാനെത്തിയ ഒരു സംഘം വിനോദ സഞ്ചാരികൾ, മനോഹരമായ ഒരു കാഴ്ച കണ്ടപ്പോൾ വാഹനം നിർത്തി പുറത്തിറങ്ങി, ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഇതിനിടെ പാർക്ക് ചെയ്തിരുന്ന കാർ ഉരുണ്ട് കൊക്കയിലേക്ക് വീണു. യാത്രക്കാർക്കാർക്കും പരിക്കില്ല. അതേസമയം വാഹനം ഇതുവരെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗുരെസ് താഴ്‌വരയുടെ അതിമനോഹരമായ ഭൂപ്രകൃതിയുടെ ചിത്രങ്ങളെടുക്കാനായിരുന്ന സഞ്ചാരികൾ വാഹനം റോഡ് സൈഡിൽ നിർത്തിയത്. എന്നാൽ ചരിവുള്ള പ്രദേശത്ത് നിർത്തിയിട്ട വാഹനം പതുക്കെ നീങ്ങി നിരങ്ങി റോഡിൽ നിന്നും മാറുകയും പിന്നാലെ അഗാധമായ കൊക്കയിലേക്ക് ഉരുണ്ട് പോവുകയുമായിരുന്നു. ഏറെ ദൂരം പിന്നിലേക്ക് നീങ്ങിയ കാർ ഒരു കല്ലിൽ തട്ടിയതിന് പിന്നാലെ ഉരുണ്ട് മറിഞ്ഞ് കൊക്കയിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ഡ്രൈവർമാരുടെ അശ്രദ്ധയെ കുറിച്ച് നിരവധി പേരാണ് എഴുതിയത്. നാടകീയമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മലയോര പ്രദേശങ്ങളിൽ സുരക്ഷിതമായ പാർക്കിംഗ് രീതികളെ കുറിച്ചും നിരവധി പേർ എഴുതി.
A small stone behind your tyres can literally save your car.And please, use some common sense. If a spot looks risky, don’t park there just for a photo. Video from Gurez, JammuKashmir shows a car rolling straight into a gorge seconds after the tourists stepped out for photos. pic.twitter.com/zbk8F2Dfu6
— Nikhil saini (@iNikhilsaini) July 8, 2026
ചരിവുള്ള പ്രദേശത്ത് വാഹനം നിർത്തുമ്പോൾ ഡ്രൈവർമാർ ഹാൻഡ്‌ബ്രേക്ക് ശരിയായി ഇടാനും വാഹനം ഗിയറിൽ വിടാനും വീൽ ചക്കുകൾ ഉപയോഗിക്കാനും നിരവധി പേർ എഴുതി. "ടയറിന് പിന്നിൽ ഒരു ചെറിയ കല്ല് വച്ചാൽ പോലും അത് നിങ്ങളുടെ കാറിനെ രക്ഷിക്കും. ദയവായി കുറച്ച് സാമാന്യബുദ്ധി ഉപയോഗിക്കുക. ഒരു സ്ഥലം അപകടസാധ്യതയുള്ളതായി തോന്നുന്നുവെങ്കിൽ, ഒരു ഫോട്ടോയ്ക്ക് വേണ്ടി മാത്രം അവിടെ പാർക്ക് ചെയ്യരുത്" എന്ന അടിക്കുറിപ്പോടൊയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങുന്നതിന് മുമ്പ് വാഹനം ശരിയായി പാർക്ക് ചെയ്തില്ലായിരിക്കാമെന്ന് മറ്റ് ചിലരെഴുതി. ഭയപ്പെടുത്തുന്ന ദൃശ്യമെന്നായിരുന്നു മറ്റ് ചിലർ കുറിച്ചത്.