
അതിശക്തമായി പെയ്ത മഴയെ തുടർന്ന് പൂനെയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒലിച്ച് പോയപ്പോൾ സ്വന്തം ജീവൻ പോലും പണയം വച്ച് നെഞ്ചോളം വെള്ളത്തിൽ നിന്ന് കാറിനെ വലിച്ച് കയറ്റിയ ഉടമയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വൈകാരികമായ ഈ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ വളരെയധികം ആകർഷിച്ചു, അവർ അദ്ദേഹത്തിന്‍റെ ദൃഢനിശ്ചയത്തെ പ്രശംസിക്കുകയും പലരും അവരുടെ വാഹനങ്ങളോട് കാണിക്കുന്ന വൈകാരിക മൂല്യത്തെ എടുത്ത് കാണിക്കുകയും ചെയ്തു.
പൂനെയിൽ നിന്നുള്ള വീഡിയോയായിരുന്നു അത്. വെള്ളപ്പൊക്ക സമയത്ത് സ്വന്തം സുരക്ഷയെ പണയപ്പെടുത്തി തന്‍റെ കാർ സംരക്ഷിക്കുന്ന ഉടമയെ സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രശംസിച്ചു. മുന്നിലുള്ള അപകടത്തെക്കാൾ അദ്ദേഹം തന്‍റെ ജീവിത സമ്പാദ്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടി. വീഡിയോയിൽ നെഞ്ചറ്റം വെള്ളത്തിൽ നിന്ന് പ്രളയ ജലത്തിൽ തലകുത്തനെ കിടന്ന കാറിനെ പിടിച്ച് നിൽക്കുന്ന ഒരാളിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പ്രളയ ജലത്തിന്‍റെ ഒഴുക്കിൽ കാർ മുന്നോട്ട് നീങ്ങാൻ ശ്രമിക്കുമ്പോൾ അദ്ദേഹം തന്‍റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് കാറിനെ പിടിച്ച് വയ്ക്കാൻ പെടാപാട് പെട്ടു. അല്പ നേരത്തിന് ശേഷം ഒരു ജെസിബി എത്തുകയും കാറിൽ കയറ് കെട്ടി അതിനെ കരയിലേക്ക് വലിച്ച് അടുപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. അപ്പോഴും ഉടമ തന്‍റ കാറിൽ നിന്നും കൈയെടുത്തിട്ടില്ലെന്ന് നെറ്റിസെൺസ് ചൂണ്ടിക്കാണിച്ചു.
കാറുകളെ ദൈനംദിന ആവശ്യങ്ങളായോ സാമ്പത്തിക നിക്ഷേപങ്ങളായോ ആണ് സാധാരണയായി ആളുകൾ കണക്കാക്കുന്നത്. എന്നാൽ അവയെ ചുറ്റിപ്പറ്റി ഉടമയുടെ വ്യക്തിപരമായ നാഴികക്കല്ലുകൾ, വൈകാരിക മൂല്യം. വർഷങ്ങളുടെ ഓർമ്മകൾ എന്നിവയുണ്ടാകും. ഈ ആത്മബന്ധമാണ് വീഡിയോയിൽ കാണാൻ കഴിയുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടി. വൈകാരികവുമായ വീഡിയോ ഇതിനകം ദശലക്ഷക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞു. ഉടമയുടെ ദൃഢനിശ്ചയത്താൽ പ്രചോദിതരായി ആയിരക്കണക്കിന ആളുകളാണ് കുറിപ്പെഴുതിയത്. നിരവധി പേർ ഹൃദയഭേദകമായ രംഗമെന്ന് വിശേഷിപ്പിച്ചു. മറ്റ് ചിലർ അദ്ദേഹത്തിന്‍റെ ധൈര്യത്തെയും സമർപ്പണത്തെയും പ്രശംസിച്ചു. "ആ കാർ തനിക്ക് എത്രമാത്രം പ്രധാനമാണെന്ന് ഉടമയ്ക്ക് മാത്രമേ അറിയൂ", എന്നായിരുന്നു ഒരു കുറിപ്പ്.