റെസ്റ്റോറന്റിലെ തീൻമേശയിൽ പെരുമ്പാമ്പ്, വൈറലായി വീഡിയോ, സത്യാവസ്ഥ അന്വേഷിച്ച് ചെന്നപ്പോൾ...

By Web TeamFirst Published Jan 11, 2023, 4:07 PM IST
Highlights

“പെരുമ്പാമ്പിനൊപ്പം അത്താഴം കഴിക്കുന്നു. പാമ്പ് പട്ടിണി ആകാതിരിക്കാൻ അതിനു കൂടി കുറച്ചു കൊടുക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ്  വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ വൈറലാകാൻ ആളുകൾ പലപ്പോഴും ചില അപകടകരമായ കാര്യങ്ങൾ ചെയ്യാറുണ്ട്.  ഇവയിൽ ചിലത് തികഞ്ഞ വൈദ​ഗ്ദ്ധ്യത്തോടെ ചെയ്യുന്നതാണെങ്കിൽ മറ്റു ചിലത് ആകട്ടെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാനും വൈറലാവാനും വേണ്ടി മാത്രം ചെയ്യുന്നതാണ്. കഴിഞ്ഞദിവസം സമാനമായ രീതിയിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

രണ്ട് സ്ത്രീകൾ ഒരു റസ്റ്റോറന്റിൽ അവരുടെ മേശപ്പുറത്ത് ഒരു വലിയ പെരുമ്പാമ്പിനൊപ്പം അത്താഴം കഴിക്കുന്നതിന്റെ വീഡിയോയാണ് ഇത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ വൈറലായ ഈ വീഡിയോ നിരവധി ആളുകളാണ് കണ്ടത്. പക്ഷേ, ഇതിൻറെ സത്യാവസ്ഥ എന്താണെന്ന്  ആർക്കും വലിയ പിടിത്തമില്ല.

സെക്കൻഡുകൾ മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം. വളരെയധികം തിരക്കേറിയ ഒരു റസ്റ്റോറന്റിലാണ് ഈ യുവതികൾ ഭക്ഷണം കഴിക്കാനായി ഇരിക്കുന്നത്. അവർക്ക് മുൻപിലായി നിരത്തിയിരിക്കുന്ന ഭക്ഷണ സാധനങ്ങൾക്ക് അരികിലായാണ് തീൻമേശയിൽ പെരുമ്പാമ്പ് വിശ്രമിക്കുന്നത്. എന്നാൽ തെല്ലും ഭയം ഇല്ലാതെ യുവതികൾ അവിടെ ഇരിക്കുന്നു എന്ന് മാത്രമല്ല തങ്ങളുടെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതും കാണാം. ഇതിനിടയിൽ പെരുമ്പാമ്പ് യുവതികൾക്ക് അരികിലേക്ക് തല നീട്ടുന്നതും വീഡിയോയിൽ കാണാം. ഒറ്റനോട്ടത്തിൽ ആരായാലും ഒന്നു പേടിച്ചു പോകും എന്ന കാര്യത്തിൽ സംശയമില്ല. 

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരു കോടിയിലധികം കാഴ്ചകളും 74,000 -ത്തിലധികം  ലൈക്കുകളുമായി വീഡിയോ വൈറലായിക്കഴിഞ്ഞു. “പെരുമ്പാമ്പിനൊപ്പം അത്താഴം കഴിക്കുന്നു. പാമ്പ് പട്ടിണി ആകാതിരിക്കാൻ അതിനു കൂടി കുറച്ചു കൊടുക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ്  വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഭയംകൊണ്ട് വീഡിയോ ഒരുവട്ടം മാത്രം കണ്ട ആളുകൾ ഇതിനു പിന്നിലെ കാരണങ്ങൾ തേടി കമൻറ് ബോക്സിൽ എത്തി. എന്തിനാണ് ഈ രണ്ടു യുവതികൾ പെരുമ്പാമ്പും ആയി റസ്റ്റോറന്റിൽ എത്തിയത് എന്നായിരുന്നു കൂടുതൽ ആളുകൾക്കും അറിയേണ്ടിയിരുന്നത്.

എന്നാൽ വീഡിയോ രണ്ടോ മൂന്നോ തവണ അടുപ്പിച്ചു കണ്ടാൽ സംഗതി വെറും ആനിമേഷൻ ആണെന്ന് മനസ്സിലാകും. ഇത്തരത്തിൽ കാര്യം മനസ്സിലാക്കിയ നിരവധി ആളുകളും കമൻറ് ബോക്സിൽ എത്തി. അനിമേഷൻ സിനിമകളെ വെല്ലുന്ന ഗ്രാഫിക്സ് എന്നായിരുന്നു ചിലർ കമൻറ് ആയി കുറിച്ചത്. സംഗതി ആനിമേഷൻ ആണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകുമെന്നും അതുകൊണ്ടാണ് റസ്റ്റോറന്റിൽ ഉള്ള ആരും പെരുമ്പാമ്പിനെ ശ്രദ്ധിക്കാത്തതെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്തായാലും സംഗതി സത്യമാണെങ്കിലും മിഥ്യയാണെങ്കിലും വീഡിയോ പോസ്റ്റ് ചെയ്തവരുടെ ആഗ്രഹം പോലെ തന്നെ വീഡിയോ വൈറലായി കഴിഞ്ഞു.

click me!