
സ്വന്തം അധ്വാനത്തിലൂടെ നേടിയ പണം കൊണ്ട് അമ്മയ്ക്ക് പുതിയ ടെലിവിഷൻ വാങ്ങി നൽകിയ സ്വിഗ്ഗി ഡെലിവറി ഏജന്‍റായ മകന്റെ ഹൃദയസ്പർശിയായ നിമിഷം സമൂഹ മാധ്യമങ്ങളിൽ വൈറൽ. കുടുംബത്തിനായി ഏറെക്കാലം ജോലി ചെയ്ത് ലഭിച്ച ചെറിയ തുകകൾ പോലും മാറ്റി വച്ച്, അവസാനം അദ്ദേഹം പുതിയൊരു സ്മാർട്ട് ടിവി വീട്ടിലേക്ക് വാങ്ങിക്കുകയായിരുന്നു. സമ്മാനം വീട്ടിലെത്തിച്ച് അമ്മയ്ക്കും മുത്തശ്ശിക്കും മുന്നിൽ തുറക്കുന്ന ദൃശ്യങ്ങളാണ് നിരവധി പേരുടെ മനസ്സ് കീഴടക്കിയത്.
റോ ഇന്ത്യ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടലൂടെയാണ് വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. വീഡിയോയിൽ യുവാവ് പുതിയ ടെലിവിഷൻ വീട്ടിലെത്തിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളോട് സന്തോഷവാർത്ത പങ്കിടുന്നത് കാണാം. സ്വിഗ്ഗിയിൽ ജോലി ചെയ്ത് ദിവസവരുമാനത്തിൽ നിന്ന് കുറേശ്ശെ പണം മാറ്റിവെച്ചാണ് ടിവി വാങ്ങാനുള്ള തുക കണ്ടെത്തിയതെന്ന് അദ്ദേഹം പറയുന്നു. സ്വന്തം അധ്വാനത്തിന്‍റെ ഫലമായി അമ്മയ്ക്ക് ഒരു സന്തോഷം നൽകണമെന്ന ആഗ്രഹമാണ് ഇത്തരമെരു ഉദ്യമത്തിന് പിന്നിലെന്ന് വ്യക്തം.
വീട്ടിലേക്ക് പുതിയൊരു ടിവി ലഭിച്ചതിന്‍റെ സന്തോഷത്തിൽ അമ്മയും മുത്തശ്ശിയും മറച്ച് വയ്ക്കുന്നില്ല. അവരിരുവരും വികാരാധീനരാകുന്നതും വീഡിയോയിൽ കാണാം. വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത വീട്ടിലെ ഈ ചെറിയ സന്തോഷം തന്നെയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ കൂടുതൽ ആകർഷിച്ചതും. കുടുംബത്തോടുള്ള യുവാവിന്‍റെ സ്നേഹത്തെയും കഠിനാധ്വാനം ചെയ്യാനുള്ള മനസിനെയും നിരവധി പേർ പ്രശംസിച്ചു.
വീഡിയോയ്ക്ക് വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം ഏതാണ്ട് 10 ലക്ഷത്തിലേറെ പേർ വീഡിയോ കണ്ടു കഴിഞ്ഞു. ഏകദേശം ഒരു ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. മൂവായിരത്തിലധികം കമന്‍റുകളും ലഭിച്ചു. “എപ്പോഴും വിജയത്തിലേക്ക് മുന്നേറട്ടെ” എന്ന് നിരവധി പേരാണ് ആശംസ നേർന്നത്. ചെറിയ നേട്ടങ്ങളെയും വലിയ വിജയങ്ങളായി കാണാനും തുടർച്ചയായി അധ്വാനിക്കാനും മറ്റ് ചിലർ അദ്ദേഹത്തെ ഉപദേശിച്ചു. പണത്തിന്‍റെ അളവല്ല, അതിലൂടെ ലഭിക്കുന്ന സന്തോഷമാണ് പ്രധാനമെന്ന് മറ്റൊരു കൂഴ്ചക്കാരൻ എഴുതി.