
കോർപറേറ്റ് ജോലിയെ കുറിച്ച് നിരവധി പരാതികൾ ഉയരാറുണ്ട്. എന്നാൽ, ദിവസേന ചെയ്യുന്ന ജോലിയെ കുറിച്ച് ഇങ്ങനെ നിരന്തരം പരാതിപ്പെടുന്നത് നിർത്തൂ എന്ന് പറഞ്ഞുകൊണ്ട് ശ്രദ്ധ നേടുകയാണ് സോഷ്യൽ മീഡിയയിൽ ഒരു യുവാവ്. Anmol Warikoo എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'ഇത് നമ്മുടെ തിരഞ്ഞെടുപ്പാണ്. നിരന്തരം കുറ്റം പറയുന്നത് നിർത്തി അത് മനസിലാക്കൂ' എന്നാണ് യുവാവ് പറയുന്നത്. 'തനിക്കു പറയാനുള്ളത് കേട്ടാൽ പലരും തന്നെ അപമാനിച്ചേക്കാം, തനിക്കതിൽ ഒരു കുഴപ്പവുമില്ല. കാരണം, ആരും പറയാത്ത സത്യമാണ് താൻ പറയുന്നത്' എന്നാണ് യുവാവ് പറയുന്നത്.
'നിങ്ങളുടെ കോർപ്പറേറ്റ് ജോലിയെക്കുറിച്ച് പരാതിപ്പെടുന്നതും അതിനെക്കുറിച്ച് എപ്പോഴും സങ്കടം പറയുന്നതും നിർത്തൂ. നിങ്ങൾ അത്രയധികം കഠിനാധ്വാനിയും, താല്പര്യമുള്ളവരും, കഴിവുള്ളവരും ആണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഇവിടെത്തന്നെ കുടുങ്ങിക്കിടക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങളുടെ ഇഷ്ടങ്ങളെ ഒരു തൊഴിലായി മാറ്റാതിരുന്നത്? എന്തുകൊണ്ടാണ് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാതിരുന്നത്? എന്തുകൊണ്ടാണ് ഒരു സംരംഭകനാവാതിരുന്നത്' എന്നാണ് യുവാവ് വീഡിയോയിൽ ചോദിക്കുന്നത്.
'നിങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുന്നതിന് ഒരു കാരണമുണ്ട്. ആ കാരണം നിങ്ങൾ എന്നെപ്പോലെ തന്നെ ഒരു ശരാശരിക്കാരനാണ് എന്നതാണ്. എല്ലാവർക്കും സച്ചിൻ ടെണ്ടുൽക്കറോ വിരാട് കോഹ്‌ലിയോ ആകാൻ കഴിയില്ല. ഒരുപാട് ആളുകൾ തികച്ചും സാധാരണക്കാരായി ജീവിക്കുന്നു, അതിൽ യാതൊരു തെറ്റുമില്ല' എന്നും യുവാവ് പറയുന്നു. താൻ ടോക്സിക്കായിട്ടുള്ള തൊഴിൽ സംസ്കാരത്തെ പിന്തുണയ്ക്കുകയല്ല. ദിവസം 8 മണിക്കൂർ ചെയ്യുന്ന ഒരു ജോലിയെക്കുറിച്ച് എപ്പോഴും പരാതിപ്പെട്ടുകൊണ്ടിരുന്നാൽ, ഒരിക്കലും സന്തോഷമായിരിക്കാൻ കഴിയില്ല. സന്തോഷം എന്നത് ഒരു തിരഞ്ഞെടുപ്പാണ്. ഞാൻ മോശം വർക്ക് ലൈഫ് ബാലൻസിനെ പ്രോത്സാഹിപ്പിക്കുകയല്ല. നിങ്ങളുടെ ജോലി ടോക്സിക്കാണെങ്കിൽ അത് ഉപേക്ഷിക്കണം. എന്നാൽ ജോലി അത്ര മോശമല്ലെങ്കിൽ, പരാതി പറയുന്നത് നിർത്തി അത് ആസ്വദിക്കണം, നിങ്ങളുടെ ജീവിതം മാറും' എന്നും യുവാവ് പറയുന്നു.
യുവാവ് പറഞ്ഞത് ശരിയാണ് എന്നും എല്ലാവരും പറയാൻ മടിക്കുന്ന സത്യമാണ് ഇത് എന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ, അതേസമയം തന്നെ എല്ലാവർക്കും ജോലി മാറുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ പറയുംപോലെ അത്ര എളുപ്പമല്ല എന്നും ആളുകൾ അഭിപ്രായപ്പെട്ടു.