'നിയമം ലംഘിച്ചാൽ കാര്യങ്ങൾ എളുപ്പം നടക്കും, ഇന്ത്യക്കാർക്ക് സിവിക് സെൻസില്ലാത്തതിന് കാരണം'; പോസ്റ്റുമായി യുവതി

Published : Jun 15, 2026, 08:58 AM IST
viral video

Synopsis

ഇന്ത്യയിലെ സിവിക് സെൻസില്ലായ്മയെക്കുറിച്ച് ഡെൽഹി സ്വദേശിയായ മിതാലി ശർമ്മ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. വിദ്യാഭ്യാസത്തിന്റെയോ പണത്തിന്റെയോ കുറവല്ല, മറിച്ച് നിയമം ലംഘിക്കുന്നവർക്ക് എപ്പോഴും മുൻഗണന ലഭിക്കുന്നു എന്ന ചിന്തയാണ് ഇതിന് പിന്നിലെന്നാണ് മിതാലി പറയുന്നത്.

'പൗരബോധം' അഥവാ 'സിവിക് സെൻസ്' എന്നത് വിദ്യാഭ്യാസത്തിനെയോ പണത്തിനെയോ അറിവിനെയോ ഒന്നും അടിസ്ഥാനമാക്കിയുള്ള ഒന്നല്ല എന്ന് നമ്മൾ പറയാറുണ്ട്. പലപ്പോഴും ശീലത്തിന്റെയും ഇതിങ്ങനെയൊക്കെ മതി എന്ന ചിന്തയുടെയും അടിസ്ഥാനത്തിലാണ് ആളുകൾ പൗരബോധമില്ലാതെ പെരുമാറുന്നത്. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഡെൽഹി സ്വദേശിയായ മിതാലി ശർമ്മയാണ് ഇന്ത്യയിലെ സിവിക് സെൻസില്ലായ്മയെ കുറിച്ച് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെയോ പണത്തിന്റെയോ അവബോധത്തിന്റെയോ കുറവല്ല, മറിച്ച് 'നിയമം ലംഘിക്കുന്നവർക്ക് എപ്പോഴും മുൻഗണന ലഭിക്കുന്നു' എന്ന ചിന്താഗതിയാണ് ഇതിന് പിന്നിലെന്നാണ് മിതാലിയുടെ അഭിപ്രായം.

ഇന്ത്യയ്ക്ക് പുറത്ത് 20 ദിവസം താമസിച്ച ശേഷം തിരിച്ചെത്തിയപ്പോഴാണ് തനിക്ക് ഈ കാര്യം ബോധ്യപ്പെട്ടതെന്ന് മിതാലി വീഡിയോയിൽ പറയുന്നു. 'ഇന്ത്യയിൽ ആളുകൾക്ക് സിവിക് സെൻസ് പോലെയുള്ള ചെറിയ കാര്യങ്ങൾ പോലും പാലിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ കണ്ടെത്തി. അതിന് കാരണം വിദ്യാഭ്യാസത്തിന്റെയോ പണത്തിന്റെയോ അവബോധത്തിന്റെയോ ഒന്നും കുറവല്ല. നമ്മൾ ജനിച്ചതുമുതൽ നമ്മുടെ ഉപബോധമനസ്സിലേക്ക് ഒരു കാര്യം കുത്തിവെക്കപ്പെടുന്നുണ്ട്, ഈ സിസ്റ്റം എപ്പോഴും നിയമങ്ങൾ ലംഘിക്കുന്നവരെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതാണ് അത്' മിതാലി പറയുന്നു.

സ്‌കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ, ക്ഷേത്രങ്ങളിലെ ക്യൂ, ട്രാഫിക് എന്നിവയിലെല്ലാം ഈ ചിന്താഗതി കാണാമെന്ന് അവർ കൂട്ടിച്ചേർത്തു. 'നമ്മൾ നിയമങ്ങൾ കൃത്യമായി പാലിച്ച് സിസ്റ്റത്തിനനുസരിച്ച് മുന്നോട്ട് പോയാൽ, ക്ഷേത്രത്തിലെ വരിയിൽ നിൽക്കുമ്പോൾ പോലും നാലുപേർ നിയമം തെറ്റിച്ച് നമുക്ക് മുന്നിൽ കയറിപ്പോകും, നമ്മൾ അവിടെത്തന്നെ നിൽക്കേണ്ടി വരും' എന്നും മിതാലി പറയുന്നു.

 

 

'അതുകൊണ്ട് ഇത് പണമോ വിദ്യാഭ്യാസമോ അവബോധമോ അല്ല. ചുറ്റുമുള്ള എല്ലാവരും തെറ്റായ വഴികൾ ഉപയോഗിക്കുമ്പോൾ, ഞാൻ മാത്രം എന്തിന് നിയമങ്ങളും വ്യവസ്ഥിതികളും പാലിക്കണം എന്ന മനുഷ്യസഹജമായ ചിന്തയാണിത്' എന്നാണ് അവർ പറയുന്നത്. നിരവധിപ്പേരാണ് മിതാലി പറയുന്നത് സത്യമാണ് എന്ന് പറഞ്ഞ് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 'ഇത് തികച്ചും സത്യമാണ്, പക്ഷേ ഞാൻ ആ കൂട്ടത്തിലില്ല എന്നതിൽ എനിക്ക് സന്തോഷമുണ്ട്' എന്നാണ് ഒരാൾ കുറിച്ചത്. 'ഞാൻ ഇതിനോട് പൂർണ്ണമായും യോജിക്കുന്നു. ഇത് പറഞ്ഞതിന് വളരെ നന്ദി' എന്നായിരുന്നു മറ്റൊരു കമന്റ്.

 

PREV
Read more Articles on
click me!

Recommended Stories

'ഇങ്ങനെയുള്ള കുറച്ചുപേർ മതി, എല്ലാവരുടേയും പേര് കളയാൻ'; അർദ്ധന​ഗ്നരായി അപകടകരമായ യാത്ര, വിമർശിച്ച് നെറ്റിസൺസ്
ബൈക്ക് ടാക്സി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് തലങ്ങും വിലങ്ങുമടിച്ച് യുവാവ്, പൊലീസ് പിടിച്ചപ്പോള്‍ മാപ്പ്