'-5 ഡിഗ്രിയിൽ ഒരു സ്നോബോർഡിങ്, അതും 'ലഹങ്ക'യണിഞ്ഞ്'; 'ഏതാണ്ട് മരിച്ചപോലാ'യെന്ന് ഇന്ത്യൻ യുവതി, വീഡിയോ വൈറൽ

Published : Oct 05, 2026, 05:45 PM IST
Urmila Pable

Synopsis

സ്വിറ്റ്സർലൻഡിലെ മൗണ്ട് ടിറ്റ്ലിസിൽ -5 ഡിഗ്രി തണുപ്പിൽ ലെഹങ്ക ധരിച്ച് സ്നോബോർഡിങ് നടത്തിയ മുംബൈ സ്വദേശിനി ഉർമിള പാബ്ലെയുടെ വീഡിയോ വൈറലാകുന്നു. പ്രതികൂല കാലാവസ്ഥയെയും അപകടങ്ങളെയും അതിജീവിച്ചാണ് ഇവർ ഈ സാഹസിക പ്രകടനം പൂർത്തിയാക്കിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ലഭിച്ചത്.

സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവ്വതനിരയുടെ ഭാഗമായ മൗണ്ട് ടിറ്റ്ലിസിൽ ലെഹങ്ക ധരിച്ച് സ്നോബോർഡിങ് നടത്തിയ ഇന്ത്യൻ യുവതിയുടെ വീഡിയോ വൈറൽ. മുംബൈ സ്വദേശിനിയായ സ്നോബോർഡർ ഉർമിള പാബ്ലെയാണ് കടുത്ത തണുപ്പിനെയും പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ച് നടത്തിയ സാഹസിക പ്രകടനത്തിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വീഡിയോയ്ക്ക് ഒരു ദിവസത്തിനുള്ളിൽ 25 ലക്ഷത്തിലേറെ കാഴ്ചകളാണ് ലഭിച്ചത്.

-5 ഡിഗ്രിയിൽ ഒരു സ്നോബോർഡിങ്

ടിറ്റ്ലിസിൽ വൈകിട്ട് നാലുമണിയോടെ എത്തിയ ഉർമിളയും സംഘവും സൂര്യാസ്തമയം കാണാനും അതിനൊപ്പം സ്നോബോർഡിങ് നടത്താനുമായി മണിക്കൂറുകളോളം കാത്തുനിന്നു. ഏകദേശം -5 ഡിഗ്രി സെൽഷ്യസായിരുന്നു അപ്പോൾ താപനില. വൈകിട്ട് എട്ട് മണിയോടെയാണ് ഇവിടെ സൂര്യാസ്തമയം പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെ ലിഫ്റ്റുകൾ അടച്ചിരുന്നു. സ്കീ പാതകളുടെ പരിപാലന ജോലികളും നടന്നുകൊണ്ടിരുന്നു. അതിനാൽ താഴേക്ക് തെന്നി നീങ്ങി പോകുന്നത് അനുവദിച്ചിരുന്നില്ലെന്നാണ് ഉർമിള പറയുന്നത്.

എന്നിരുന്നാലും സൂര്യാസ്തമയത്തിന് ശേഷം അവർ യാത്ര ആരംഭിച്ചു. സാധാരണ സ്നോബോർഡിങ് വസ്ത്രങ്ങൾക്ക് പകരം പർപ്പിൾ നിറത്തിലുള്ള ലെഹങ്കയായിരുന്നു ഉർമിള ധരിച്ചിരുന്നത്. മറ്റ് ജാക്കറ്റുകളൊന്നും ധരിച്ചിരുന്നില്ല. മേഘങ്ങൾക്കുള്ളിലൂടെ കാഴ്ച ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലും അവർ സ്നോബോർഡ് ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വീഡിയോയ്ക്ക് വൻ സ്വീകരണം

സാഹസിക യാത്രയ്ക്കിടെ ഓഫ്-പിസ്റ്റ് മേഖലയിലൂടെ കടക്കേണ്ടിവന്നതായും വഴിയിൽ ചെളിയും മഞ്ഞും നിറഞ്ഞ അപകടകരമായ ഭാഗങ്ങൾ മറികടന്നതായും ഉർമിള പറയുന്നു. ഒരു ഘട്ടത്തിൽ മലയിൽ നിന്ന് തെന്നിവീഴാൻ പോയെന്നും എങ്കിലും വെളിച്ചം പൂർണമായും മങ്ങുന്നതുവരെ യാത്ര തുടർന്നെന്നും അവർ അവകാശപ്പെട്ടു. പിന്നീട് താഴ്‌വരയിലൂടെ ഏകദേശം ഒരു മണിക്കൂർ നടന്നാണ് യാത്ര പൂർത്തിയാക്കിയതെന്നും പറയുന്നു. “ഏതാണ്ട് കൊല്ലപ്പെട്ടു, ഏതാണ്ട് പിടിക്കപ്പെട്ടു, തണുത്ത് മരവിച്ചു; പക്ഷേ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ സാഹസിക അനുഭവങ്ങളിലൊന്നായിരുന്നു ഇത്” എന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് ഉർമിളയുടെ പ്രതികരണം. നടി ലിസ ഹെയ്ഡൻ ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

നോയിഡയിലെ മാളിൽ 'നെയ് മോഷണം'! നെയ്യും റിഫൈൻഡ് ഓയിലും മോഷ്ടിച്ചെന്ന് ആരോപണം; വീഡിയോ വൈറൽ
എത്ര എളുപ്പം; ചാറ്റ്ജിപിടി ഉപയോ​ഗിക്കാന്‍ അച്ഛനെ പഠിപ്പിച്ച് മകൻ; വൈറലായി ക്യൂട്ട് വീഡിയോ