
ഡെൽഹിയിൽ ബൈക്ക് ടാക്സി ഡ്രൈവറെ ഹെൽമറ്റ് വച്ച് അടിക്കുന്നൊരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രോഷമുണർത്തുന്നത്. രോഹിണി സെക്ടർ 18 മെട്രോ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ആക്രമിച്ചയാളെ ഡെൽഹി പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ റോഡിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഡെൽഹി പൊലീസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഒരാൾ ബൈക്ക് ടാക്സി ഡ്രൈവറുമായി വഴക്കുണ്ടാക്കുന്നതും ഒരു സ്ത്രീ സഹായത്തിനായി വിളിക്കുന്നതും വീഡിയോയിൽ കാണാം. താൻ ബുക്ക് ചെയ്ത ബൈക്ക് ടാക്സിയിലാണ് ഈ സംഭവം നടന്നതെന്ന് ഈ യുവതി പിന്നീട് വ്യക്തമാക്കി.
യുവതി പറയുന്നത് പ്രകാരം, തെറ്റായ ദിശയിൽ ഓടിച്ചുവന്ന മറ്റൊരു ബൈക്ക് ഇവരുടെ വാഹനത്തിൽ ഇടിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ, എതിർദിശയിൽ വന്ന ബൈക്ക് യാത്രക്കാരൻ താഴെയിറങ്ങി, ബൈക്ക് ടാക്സി ഡ്രൈവറുടെ ഹെൽമറ്റ് ബലമായി ഊരിയെടുക്കുകയും യാതൊരു പ്രകോപനവുമില്ലാതെ അതുപയോഗിച്ച് തലങ്ങും വിലങ്ങും ഡ്രൈവറെ അടിക്കുകയും ചെയ്തു. മർദ്ദനത്തിനിടയിൽ ഹെൽമറ്റിന്റെ മുൻവശത്തെ ഗ്ലാസ് തകരുകയും, അതിന്റെ കഷണങ്ങൾ തെറിച്ച് വീണ് തനിക്കും പരിക്കേറ്റതായും യുവതി പറഞ്ഞു. താൻ ഈ സംഭവം മൊബൈലിൽ റെക്കോർഡ് ചെയ്യുകയും, ഇയാളുടെ വാഹന നമ്പർ കുറിച്ചെടുത്ത് ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നെന്നും അവർ പറഞ്ഞു.
സമയപൂർ ബദ്‌ലി പൊലീസ് സ്റ്റേഷനിൽ നിൽക്കുന്ന ഇയാളുടെ ചിത്രങ്ങളും വീഡിയോയുടെ അവസാന ഭാഗത്ത് കാണാം. ഗൗരവ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രോഹിണി സെക്ടർ 18 മെട്രോ സ്റ്റേഷന് സമീപം താൻ തെറ്റായ ദിശയിലാണ് ബൈക്ക് ഓടിച്ചതെന്നും തുടർന്ന് ബൈക്ക് ടാക്സിയിൽ ഇടിക്കുകയായിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. തനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും ഹെൽമറ്റ് ഉപയോഗിച്ച് ഡ്രൈവറുടെ തലയ്ക്ക് അടിച്ചതായും വീഡിയോയിൽ ഇയാൾ കുറ്റസമ്മതം നടത്തുന്നുണ്ട്. താൻ ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച ഇയാൾ, ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും വാഹനം ഓടിക്കുമ്പോൾ ശാന്തത പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. വീഡിയോ പകർത്തുകയും പൊലീസിനെ വിളിക്കുകയും ചെയ്ത യുവതിയെയും, ഉടനടി നടപടിയെടുത്ത പൊലീസിനെയും പലരും അഭിനന്ദിച്ചു.