
ആദ്യത്തെ ശമ്പളം മാതാപിതാക്കളെ ഏല്പിക്കുക, മിക്കവരുടേയും സ്വപ്നമായിരിക്കും അത്. ആ സമയത്ത് അവരുടെ മുഖത്തുണ്ടാകുന്ന അഭിമാനവും ആഹ്ലാദവും കാണാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. അതുപോലെ മനോഹരമായ ഒരു മുഹൂർത്തമാണ് ഈ യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ആദ്യ ശമ്പളം നേരിട്ട് മാതാപിതാക്കൾക്ക്. ഇത് പെർഫെക്ട് എന്നതിൽ നിന്ന് വളരെ അകലെയായിരിക്കാം, പക്ഷേ എനിക്ക് ലഭിച്ചത് ഇതാണ്' എന്ന ക്യാപ്ഷനോടെയാണ് ആയുഷ്മാൻ സിംഗ് എക്‌സിൽ (ട്വിറ്റർ) വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ യുവാവ് അമ്മയോടും അച്ഛനോടും കണ്ണടച്ചിരിക്കാനാണ് പറയുന്നത്.
തന്റെ ആദ്യത്തെ ശമ്പളം സർപ്രൈസായി നൽകുന്നതിന് വേണ്ടിയാണ് യുവാവ് ഇരുവരെയും ഒരുമിച്ചിരുത്തി കണ്ണടച്ചിരിക്കാൻ പറയുന്നത്. പിന്നീട് യുവാവ് പതിയെ അവർക്കരികിലേക്ക് വരികയും അവരുടെ കയ്യിലേക്ക് നോട്ടുകൾ വച്ചുകൊടുക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അമ്മ അമ്പരപ്പോടെ ഇത് എന്താണ് എന്ന് ചോദിക്കുകയും തന്റെ കയ്യിലിരിക്കുന്ന 500 രൂപാ നോട്ടുകളിലേക്ക് നോക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. തൊട്ടടുത്തായി ഇരിക്കുന്ന അച്ഛന്റെ മുഖത്തും അതേ അമ്പരപ്പ് ദൃശ്യമാണ്. അപ്പോഴാണ് യുവാവ് ഇത് തന്റെ ആദ്യത്തെ ശമ്പളമാണ് എന്ന് അവരോട് പറയുന്നത്.
അമ്മ, ആശ്ചര്യത്തിലും സന്തോഷത്തിലും ഇത് ഒരുപാട് പണമുണ്ടല്ലോ എന്നും യുവാവിനോട് ചോദിക്കുന്നതും കാണാം. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ആളുകളെ ആകർഷിച്ചു. ആദ്യത്തെ ശമ്പളം അച്ഛനേയും അമ്മയേയും ഏൽപ്പിച്ചതിന് നെറ്റിസൺസ് യുവാവിനെ അഭിനന്ദിച്ചു. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ വികാരങ്ങളിലൊന്ന് ഇതാണ്. ഇതിനെ തോല്പിക്കാൻ മറ്റൊന്നിനും സാധിക്കില്ല എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.