
അമേരിക്കയില്‍ പാര്‍ക്ക് ചെയ്തിരുന്ന സഹോദരന്റെ കാറിന്റെ നാല് ചക്രങ്ങളും മോഷ്ടാക്കള്‍ ഊരിയെടുത്ത സംഭവത്തില്‍ ഞെട്ടല്‍ മാറാതെ ഇന്ത്യന്‍ യുവതി. വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്നും നാല് ടയറുകളും നഷ്ടപ്പെട്ട ദൃശ്യങ്ങള്‍ ഐഷിക സോണി എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചക്രങ്ങളൊന്നുമില്ലാതെ താഴ്ന്ന നിലയിലുള്ള കാറിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. 'അമേരിക്കയില്‍ ഒന്നും മോഷണം പോവില്ലെന്ന് ആരാണ് പറഞ്ഞത്' എന്ന് ചോദിച്ചുകൊണ്ടാണ് ഐഷിക വീഡിയോ ആരംഭിക്കുന്നത്. കാറിന് സംഭവിച്ച നാശനഷ്ടങ്ങളും വീഡിയോയിൽ കാണാം. ഒപ്പം തന്നെ ഇവിടെ പ്രദേശവാസികള്‍ക്കായി പതിച്ചിരുന്ന ഒരു മുന്നറിയിപ്പും ഇവർ കാണിക്കുന്നുണ്ട്.
'കഴിഞ്ഞ വീക്കെൻഡിൽ ക്രിസ്റ്റല്‍ ഹൗസ് പരിധിയില്‍ കുറഞ്ഞത് 3 കാറുകളെങ്കിലും അടിച്ചുതകര്‍ക്കപ്പെട്ടിരുന്നു. ഈ വീക്കെൻഡിൽ കുറഞ്ഞത് 3 കാറുകളുടെ ചക്രങ്ങള്‍ മോഷണം പോയി. ക്രിസ്റ്റല്‍ ഹൗസ് മാനേജ്‌മെന്റ് പാര്‍ക്കിങ് ലോട്ടിലെ കുറ്റകൃത്യങ്ങളെ ഗൗരവമായി കാണുന്നില്ലെങ്കില്‍ ഇത് തടയാനാകില്ല. ഇക്കാര്യം അവരെ അറിയിക്കൂ' എന്നായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അമേരിക്കയില്‍ വാഹന മോഷണങ്ങളും അതുപോലെയുള്ള മറ്റ് അതിക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയതും നിരവധി പേരാണ്. 'വളരെ ഞെട്ടലുണ്ടാക്കുന്ന സംഭവമാണിത്. പോലീസ് ഈ വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടത്തണം' എന്ന് ഒരാള്‍ കമന്റ് ചെയ്തു.
'നിര്‍ഭാഗ്യവശാല്‍ ഇവിടെയും ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ട്. അടുത്തിടെ ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിന് അടുത്തുള്ള ടെക്സസിലെ പ്ലാനോയിലും സമാനമായ സംഭവം നടന്നിട്ടുണ്ട്' എന്ന് മറ്റൊരാള്‍ എഴുതി.
'കാലിഫോര്‍ണിയയില്‍ കൊള്ളയടി വളരെ വലിയൊരു പ്രശ്‌നമാണ്... കാറിനുള്ളില്‍ എന്തെങ്കിലും വസ്തുക്കള്‍ വെച്ച് പൊതുസ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. ബേ ഏരിയയില്‍ കാറിനുള്ളില്‍ എന്തെങ്കിലും സാധനങ്ങള്‍ കണ്ടാല്‍ ചില്ല് തകര്‍ത്ത് അവ അടിച്ചുകൊണ്ടുപോകും' എന്നാണ് മറ്റൊരാൾ കുറിച്ചത്.