
മനുഷ്യവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങി ചെല്ലുന്നത് ഇന്ന് ഒരു പുതിയ വാർത്തയല്ല. ആനയും കടുവയും അടക്കം മൃഗങ്ങളാണ് പലപ്പോഴും ജനങ്ങൾക്കിടയിലേക്ക് വരുന്നത്. അതിനാൽ തന്നെ മനുഷ്യ-മൃഗ സംഘട്ടനങ്ങളും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യവും വരെ ഉണ്ടാവുന്നുണ്ട്. അതുപോലെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ഒരു കടുവയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു ഹൗസിങ് സൊസൈറ്റിയിൽ ഉറങ്ങിക്കിടക്കുന്ന നായയെ കടുവ ആക്രമിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ.
നാസിക് സിറ്റിയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. സിസിടിവിയിലാണ് നായയുടെ അടുത്തെത്തിയ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. കോറിഡോറിൽ കിടന്നുറങ്ങുകയായിരുന്ന നായയുടെ അടുത്തേക്ക് കടുവ വരുന്നതും അതിനെ അക്രമിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ പതിഞ്ഞിരിക്കുന്നത്. അതേ സമയത്ത് തന്നെ മറ്റൊരു നായ ഉറങ്ങിക്കിടക്കുകയായിരുന്ന നായയുടെ രക്ഷയ്ക്കെത്തുന്നതും വീഡിയോയിൽ കാണാം. ആ നായ കടുവയ്‍ക്ക് നേരെ നിർത്താതെ കുരയ്ക്കുകയാണ്.
കടുവ പുറത്തേക്കിറങ്ങുന്നതും നായകളും പുറത്തേക്ക് ഇറങ്ങുന്നതും വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. എന്നിരുന്നാലും നായകൾക്ക് കടുവയെ പേടിപ്പിച്ച് ഓടിക്കാൻ സാധിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് വീഡിയോയിൽ ഉണ്ടായിരുന്ന നായകളെ അഭിനന്ദിച്ചത്. അതേ സമയത്ത് തന്നെ മഹാരാഷ്ട്രയിൽ ജനവാസ കേന്ദ്രങ്ങളിൽ തുടരെ തുടരെ കടുവകളെ കാണുന്നത് വലിയ ആശങ്ക തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥയായ വൃശാലി ഗഡെ പറഞ്ഞത്, അടുത്തുള്ള പാടത്ത് നിന്നായിരിക്കാം കടുവ ജനവാസ മേഖലയിലേക്ക് എത്തിച്ചേർന്നത് എന്നാണ്. കടുവയെ കുടുക്കാനുള്ള കൂടൊരുക്കിയിട്ടുണ്ട് എന്നും ഗഡെ പറഞ്ഞു. അതേസമയം ഇതുവരെ ഈ കടുവയുടെ ആക്രമണത്തിൽ പ്രദേശത്ത് ആർക്കും പരിക്കേറ്റതായി പരാതി ഉയർന്നിട്ടില്ല എന്നും ഗഡെ പറഞ്ഞു.