
വർഷത്തിൽ ഏകദേശം 2.3 കോടി രൂപ വരുമാനമുണ്ടായിട്ടും ഈ 5 കാര്യങ്ങൾക്ക് താൻ പണം ചിലവഴിക്കാറില്ല എന്ന് പറയുകയാണ് ഇന്ത്യൻ വംശജയായ ഷിവി ചൗഹാൻ. അമേരിക്കയിലെ ഫെഡറൽ റിസർവ് ബാങ്കിൽ സീനിയർ എക്സാമിനറായി ജോലി നോക്കുകയാണ് ഷിവി. എന്തൊക്കെയാണ് ആ അഞ്ച് കാര്യങ്ങൾ എന്നല്ലേ?
ഒന്നാമതായി ആഡംബര ബാഗുകളാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന അത്തരം ഡിസൈനർ ബാഗുകൾ താൻ വാങ്ങാറില്ല എന്ന് ഷിവി പറയുന്നു. '3,000 ഡോളർ വിലയുള്ള ഒരു ബാഗിന്റെ ആവശ്യമെന്താണ്? പലപ്പോഴും ഇത്തരം ബാഗുകൾക്ക് അലമാരയിൽ ഇരിക്കാനായിരിക്കും വിധി' എന്നാണ് അവർ പറയുന്നത്.
അടുത്തതായി വിലയേറിയ ബ്രാൻഡ് സാധനങ്ങളുടെ വില കുറഞ്ഞ ഡ്യൂപ്ലിക്കേറ്റ് താൻ വാങ്ങാറില്ല എന്നാണ് ഷിവി പറയുന്നത്. ഇങ്ങനെ വാങ്ങുന്നത് ലാഭമാണെന്ന് പലരും കരുതും. എന്നാൽ ഇത് ഇരട്ടി നഷ്ടമാണ്. ഡ്യൂപ്പ് വാങ്ങി കുറച്ചു ദിവസം കഴിയുമ്പോൾ ഒറിജിനൽ വാങ്ങാൻ തോന്നും. ഇത് ഒരേ കാര്യത്തിന് രണ്ടുതവണ പണം ചിലവാക്കാൻ കാരണമാകും എന്നാണ് ഷിവി പറയുന്നത്.
അടുത്തതായി പാർലറിൽ പോയുള്ള ഹെയർ റിമൂവൽ സർവീസുകളാണ്. കഴിഞ്ഞ 10 വർഷമായി ഇതിനായി പണം ചിലവാക്കാറില്ല. പകരം വീട്ടിൽ തന്നെ ഒരു എപ്പിലേറ്റർ ഉപയോഗിക്കുന്നതാണ് പണം ലാഭിക്കാൻ താൻ കണ്ടെത്തിയ മാർഗമെന്നാണ് ഷിവി വെളിപ്പെടുത്തുന്നത്.
അതുപോലെ, കഴിഞ്ഞ മൂന്ന് വർഷമായി 'സാറ', 'എച്ച് ആന്റ് എം' തുടങ്ങിയ ഫാസ്റ്റ് ഫാഷൻ ബ്രാൻഡുകളിൽ നിന്ന് താൻ ഒന്നും വാങ്ങിയിട്ടില്ലെന്ന് ഷിവി പറയുന്നു. ഈ തുണികൾക്ക് ഗുണനിലവാരം കുറവാണെന്നും ഒരു അലക്ക് കഴിയുമ്പോഴേക്കും കേടുവരുന്ന ഇത്തരം വസ്ത്രങ്ങൾ വാങ്ങുകയെന്നാൽ അത് പണം വെറുതെ കളയുന്നതിന് തുല്യമാണെന്നാണ് ഷിവിയുടെ അഭിപ്രായം.
അടുത്തതായി ഹോട്ടലുകളെ കുറിച്ചാണ് ഷിവി പറയുന്നത്. വിശേഷ ദിവസങ്ങളിൽ നല്ല ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുന്നത് ഇഷ്ടമാണ്. എന്നാൽ എല്ലാ ദിവസവും കോഫി പുറത്തുനിന്ന് വാങ്ങുന്നതും, ഗുണനിലവാരമില്ലാത്ത ഇടങ്ങളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതും ഒഴിവാക്കും. വീട്ടിലെ ഭക്ഷണം ആരോഗ്യകരമാണെന്നാണ് ഷിവിയുടെ അഭിപ്രായം