
അമ്മ വധു(bride)വായി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കണ്ട് ആവേശഭരിതനായ ഒരു രണ്ട് വയസ്സുകാരന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഇൻസ്റ്റഗ്രാമിൽ പ്രശസ്തയായ ക്രിസ്റ്റി മിഹെലിച്ചി(Kristie Mihelich)ന്റെതായിരുന്നു വിവാഹം. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ അവർ ബോബി മിഹെലിച്ചി(Bobby Mihelich)നെ വിവാഹം കഴിച്ചു. വിവാഹത്തിൽ പങ്കെടുക്കാൻ ഭർത്താവിനും കുടുംബത്തിനുമൊപ്പം ക്രിസ്റ്റിയുടെ മകൻ രണ്ട് വയസ്സുള്ള പിയേഴ്സണുമുണ്ടായിരുന്നു. തന്റെ അമ്മ വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കണ്ട അവൻ തുള്ളിച്ചാടി.
അമ്മയെ കണ്ടയുടൻ അവന്റെ പ്രതികരണമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്നത്. അമ്മയുടെ അടുത്തേയ്ക്ക് അമ്മേയെന്ന് വിളിച്ചുംകൊണ്ട് അവൻ ഓടിയെത്തി. വിവാഹവസ്ത്രത്തിൽ അതിമനോഹരിയായി നിൽക്കുന്ന അമ്മയെ കണ്ട് കൊച്ചുകുട്ടി ആഹ്ലാദിച്ചു. അവന് സന്തോഷം അടക്കാനായില്ല. അവൻ ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിക്കുന്ന വീഡിയോ ക്രിസ്റ്റിയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആദ്യമായി പങ്കിട്ടത്. പിന്നീട്, നിരവധി ഇൻസ്റ്റഗ്രാം, ട്വിറ്റർ ഹാൻഡിലുകൾ അത് വീണ്ടും പോസ്റ്റ് ചെയ്തു.
വിവാഹത്തിന് തന്റെ അമ്മയുടെ മോതിരം പിടിച്ച് കൊണ്ട് നിന്നത് അവനായിരുന്നു. പന്തലിൽ എല്ലാവരും അവളെ കാത്തിരിക്കുകയായിരുന്നു. വരന്റെ അരികിൽ നിൽക്കുകയായിരുന്നു അവൻ. വരൻ ഇതിനകം വികാരാധീനനാകുന്നു. പെട്ടെന്നാണ് ഇടനാഴിയുടെ ഒരറ്റത്ത് വെളുത്ത ഗൗൺ ധരിച്ച് അവൾ എത്തുന്നത്. അണിഞ്ഞൊരുങ്ങി നിൽക്കുന്ന അമ്മയെ കണ്ട അവന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. അവൻ അമ്മയുടെ അടുത്തേക്ക് ഓടി. അമ്മാ എന്നും വിളിച്ചു കൊണ്ടാണ് അവൻ ഇടനാഴിയിലൂടെ അമ്മയുടെ അടുത്തേയ്ക്ക് ഓടിയെത്തിയത്. മകന്റെ സന്തോഷം കണ്ട് അമ്മയ്ക്കും സങ്കടം വന്നു. പിന്നീട് അവൻ അമ്മയുടെ കൈയും പിടിച്ച് പന്തലിൽ എത്തി.
ഏപ്രിൽ 22 -ന് യുഎസ്സിലെ മിഷിഗനിലെ വെസ്റ്റ് ബ്ലൂംഫീൽഡിലുള്ള പ്ലാന്റേറ കൺസർവേറ്ററിയിൽ വച്ചായിരുന്നു വിവാഹം. പിയേഴ്സൺ ഒരു നീല ജാക്കറ്റും, ഒരു വെള്ള ഷർട്ടും, കറുത്ത പാന്റ്സും, കറുത്ത ടൈയുമാണ് ധരിച്ചിരുന്നത്. 'എന്റെ ജീവിതത്തിലെ ഏറ്റവും മാധുര്യമുള്ള നിമിഷം' എന്ന അടിക്കുറിപ്പോടെയാണ് ക്രിസ്റ്റി വീഡിയോ പോസ്റ്റ് ചെയ്തത്. അവന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നുവെന്ന് ക്രിസ്റ്റി ഗുഡ് മോർണിംഗ് അമേരിക്കയുമായി സംസാരിച്ചപ്പോൾ പറഞ്ഞു. "അവൻ അവിടെ എന്നെ കാത്ത് നിൽക്കുമെന്നാണ് കരുതിയത്. എന്നാൽ, അവൻ അമ്മയുടെ അടുത്തേക്ക് ഓടി വരികയായിരുന്നു" അവൾ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ 5,000 -ത്തിലധികം ലൈക്കുകളാണ് അതിന് ലഭിച്ചത്.