രണ്ട് പാമ്പുകൾ, പെട്ടെന്നൊരെണ്ണം കയ്യിൽ കടിച്ചു; യുഎസ് ഹെൽത് സെക്രട്ടറിയുടെ വീഡിയോ വൈറൽ

Published : May 28, 2026, 04:08 PM IST
viral video

Synopsis

ഫ്ലോറിഡയിൽ വെച്ച് രണ്ട് പാമ്പുകളെ കൈകാര്യം ചെയ്യുന്ന യുഎസ് ഹെൽത് സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയറിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'സതേൺ ബ്ലാക്ക് റേസർ' ഇനത്തിൽപ്പെട്ട പാമ്പുകളെ പിടികൂടുന്നതിനിടെ ഒരെണ്ണം അദ്ദേഹത്തിന്റെ കയ്യിൽ കടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

രണ്ട് പാമ്പുകളുമായി മല്ലിടുന്ന യുഎസ് ഹെൽത് സെക്രട്ടറിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫ്ലോറിഡയിൽ നിന്നും പകർത്തിയിരിക്കുന്ന ദൃശ്യങ്ങളിൽ റോബർട്ട് എഫ് കെന്നഡി ജൂനിയർ രണ്ട് പാമ്പുകളെ കൈകാര്യം ചെയ്യുന്ന രം​ഗമാണ് കാണാനാവുക. 49 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, കെന്നഡി രണ്ട് 'സതേൺ ബ്ലാക്ക് റേസർ' ഇനത്തിൽപ്പെട്ട പാമ്പുകളെ നഗ്നമായ കൈകൾ കൊണ്ട് പിടികൂടുന്നത് കാണാം. യു.എസ് സെന്റർ ഫോർ മെഡികെയർ ആൻഡ് മെഡിഗെയ്ഡ് സർവീസസിന്റെ മേധാവിയും പ്രശസ്ത സെലിബ്രിറ്റി ഡോക്ടറുമായ മെഹ്മത് ഓസിന്റെ പാം ബീച്ചിലുള്ള മാളികയുടെ പാഷ്യോയിൽ വെച്ചാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് സൂചന. വീഡിയോയ്ക്കിടയിൽ, കെന്നഡിയുടെ ഭാര്യ ചെറിൽ ഹൈൻസ് അദ്ദേഹത്തോട് ശ്രദ്ധിക്കാൻ ആവശ്യപ്പെടുന്നുമുണ്ട്.

കെന്നഡി രണ്ട് പാമ്പുകളെയും തന്റെ വലതുകൈയിൽ പിടിച്ചിരിക്കുകയാണ്. അതിനിടയിൽ അതിലൊന്ന് പെട്ടെന്ന് തലപൊക്കി അദ്ദേഹത്തിന്റെ ഇടതുകൈയിൽ കടിക്കുന്നു. വേദനകൊണ്ട് അദ്ദേഹം പെട്ടെന്ന് കൈ പിൻവലിക്കുന്നതും വീ‍ഡിയോയിൽ കാണാം. ഇതിനിടയിൽ അദ്ദേഹത്തിന് ഭ്രാന്താണ് എന്ന് ഒരു സ്ത്രീ പറയുന്നതും വീഡിയോയിൽ കേൾക്കാം. അതേസമയം, ഫ്ലോറിഡയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പാമ്പുകളാണ് 'സതേൺ ബ്ലാക്ക് റേസർ'. വേ​ഗത്തിനും മറ്റും പേരുകേട്ട പാമ്പുകളാണെങ്കിലും ഇവയ്ക്ക് വിഷമില്ല, അപകടകാരികളും അല്ല. ഈ വീഡിയോ എപ്പോഴാണ് ചിത്രീകരിച്ചതെന്നോ അതിനുശേഷം ആ പാമ്പുകൾക്ക് എന്ത് സംഭവിച്ചെന്നോ വ്യക്തമല്ല.

 

 

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും കെന്നഡി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ ഒരു ചത്ത കരടിയുടെ മൃതദേഹം ഉപേക്ഷിച്ചതായി അദ്ദേഹം മുൻപ് സമ്മതിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ, ഒരു മോട്ടോർവേയിൽ ചത്തുകിടന്ന നിലയിൽ കണ്ടെത്തിയ ഒരു റാക്കൂണിന്റെ ശരീരഭാഗം അദ്ദേഹം മുറിച്ചെടുത്തതായും വെളിപ്പെടുത്തിയിട്ടുണ്ട്. യു.എസ് ഡിപാർട്മെന്റ് ഓഫ് ഹെൽത് ആൻഡ് ഹ്യുമൻ സർവീസസ് ഈ വീഡിയോയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ, പാമ്പുകടിയേറ്റതിന് ശേഷവും കെന്നഡി പൂർണാരോഗ്യവാനായിരിക്കുന്നു എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

പേര് 'സുൽത്താൻ', ഭാരം 200 കിലോ, ഉയരം 48 ഇഞ്ച്, വില 8 ലക്ഷം ! ബക്രീദ് സ്പെഷ്യൽ
ജലക്ഷാമം, ഇൻഡോറിൽ ജനം തെരുവിലിറങ്ങി, എല്ലാം 'നാടക'മെന്ന് അധിക്ഷേപിച്ച് മേയറും, പ്രതിഷേധം സോഷ്യൽ മീഡിയയിലേക്കും