മെഡിക്കൽ കോളേജിന്‍റെ പുതിയ എമർജൻസി കെട്ടിടത്തിന്‍റെ വരാന്തയിലിരുന്ന് മൂന്ന് സ്ത്രീകളും ഒരു പുരുഷനും മദ്യപിക്കുന്ന ദൃശ്യങ്ങൾ വൈറൽ. മദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

ദർഭംഗ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ (DMCH) ജീവനക്കാരെന്ന് സംശയിക്കുന്നവർ ആശുപത്രിയിൽ വച്ച് മദ്യപിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ബിഹാറിൽ വൻ വിവാദം. വീഡിയോ ദൃശ്യങ്ങളിൽ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണുള്ളത്. പിന്നാലെ സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മദ്യവിൽപ്പനയും ഉപഭോഗവും നിരോധിച്ചിട്ടുള്ള ബിഹാറിൽ സർക്കാർ ആശുപത്രിക്കുള്ളിൽ നടന്ന സംഭവം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

അടിയന്തര ചികിത്സാ വിഭാഗത്തിന് മുന്നിൽ മദ്യപാനം

ആശുപത്രിയുടെ പുതിയ അടിയന്തര ചികിത്സാ വിഭാഗത്തിന്‍റെ കെട്ടിടത്തിലെ പടിക്കെട്ടിനോട് ചേർന്ന വരാന്തയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നാല് പേരെ കാണാം. ഇതിൽ മൂന്ന് സ്ത്രീകളും ഒരു പുരുഷനും മദ്യം കഴിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. രണ്ട് സ്ത്രീകൾ വരന്തയിൽ ശീതളപാനീയങ്ങളും ലഘുഭക്ഷണവുമായി ഇരിക്കുന്നതും മറ്റൊരു സ്ത്രീ പടിക്കെട്ടിനടുത്ത് നിന്നും അവരുടെ അടുത്തേക്ക് വരുന്നതും പിന്നാലെ അവർക്കൊപ്പമിരുന്ന് മദ്യപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Scroll to load tweet…

ഇതിനിടെയാണ് ഒരു യുവാവ് ഇവർക്ക് സമീപത്ത് കൂടി കടന്ന് പോകുന്നതിനിടെ സ്ത്രീകളിലൊരാൾ അയാൾക്ക് മദ്യം ഗ്ലാസിൽ ഒഴിച്ച് കൊടുക്കുന്നു. പിന്നാലെ ഇയാൾ അത് കുടിക്കുകയും രണ്ടാമതും വാങ്ങി കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇയാൾ പോയതിന് പിന്നാലെ സ്ത്രീകൾ മൂന്ന് പേരും ഒന്നിച്ചിരുന്ന് ഗ്ലാസിൽ മദ്യമൊഴുച്ച് കഴിക്കുകയും സമീപത്തായുണ്ടായിരുന്ന ടച്ചിംഗ് എടുത്ത് ഇടയ്ക്ക് കഴിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

അന്വേഷണം നടക്കുന്നെന്ന് പോലീസ്

എന്നാൽ, ദൃശ്യങ്ങളിലുള്ളവരുടെ പേരും ഔദ്യോഗിക പദവിയും ആശുപത്രിയുമായുള്ള തൊഴിൽബന്ധവും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ ജൂൺ 9 എന്ന തീയതിയും കാണാം. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജഗദീഷ് ചന്ദ്ര അന്വേഷണം നടത്താനും ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാനും നിർദേശിച്ചു. ദർഭംഗ എസ്എസ്പിയുടെ നിർദേശപ്രകാരം ബെന്താ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം മദ്യ നിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത്. അതും ആശുപത്രിയ്ക്കുള്ളിൽ എങ്ങനെ മദ്യമെത്തിയെന്ന് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിച്ചത്.