
ബക്രീദിനോട് അനുബന്ധിച്ച് വിപണികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഗോവധ നിരോധവും ഗോ സംരക്ഷകരും ശക്തമായതോടെ മാംസ വിപണിയിൽ ആട്ടിൻ മാംസത്തിന് ആവശ്യക്കാരേറി. ഇതിനിടെയാണ് ഏവരുടെയും ശ്രദ്ധ നേടിക്കൊണ്ട് ഒരു ആട് ഇൻഡോറിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. മൊയീൻ ഖാൻ എന്ന ആട് കർഷകന്‍റെ ഉടമസ്ഥതയിലുള്ള 200 കിലോഗ്രാം ഭാരമുള്ള 'സുൽത്താൻ' എന്ന പഞ്ചാബി ബീറ്റൽ ആടാണ് ആ താരം.
'സുൽത്താൻ' വെറുമൊരു ആടല്ല. കുടിക്കാൻ പാലും കഴിക്കാൻ ഡ്രൈ ഫ്രൂട്ട്‌സും താമസ സ്ഥലത്ത് സ്വന്തമായി കൂളർ സൗകര്യങ്ങൾ ഓക്കെയുള്ള ലക്ഷ്വറി ജീവിതം നയിക്കുന്ന ആടാണ് സുൽത്താൻ. ഈ 'ലക്ഷ്വറി' പരിചരണം തന്നെയാണ് സുൽത്താനെ സമൂഹ മാധ്യമങ്ങളിൽ അവനെ വൈറലാക്കിയതും. മറ്റൊരു പ്രശസ്ത ആടായ ഗോലുലാലയും അതിന്‍റെ ആഡംബര ജീവിതശൈലിയിലൂടെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിച്ചു. ഈ വർഷത്തെ ബക്രീദിന് രണ്ട് ആടുകളെയും ബലിയർപ്പിക്കുമെന്ന് ഉടമകൾ പറഞ്ഞു.
'സുൽത്താൻ' പഞ്ചാബി ബീറ്റൽ ഇനത്തിൽപ്പെട്ട ആടാണ്. 200 കിലോയിൽ കൂടുതൽ ഭാരവും ഏകദേശം 48 ഇഞ്ച് ഉയരവുമുള്ള സുൽത്താൻ, ഗുൽസാർ കോളനിയിലെ മോയിൻ ഖാന്‍റെ ഉടമസ്ഥതയിലുള്ള ആടാണ്. ഒരു വർഷം മുമ്പ് പഞ്ചാബിൽ നിന്ന് രണ്ട് ദിവസം കൊണ്ട് 1,000 കിലോമീറ്റർ സഞ്ചരിച്ചാണ് ആടിനെ കൊണ്ടുവന്നതെന്ന് മോയിൻ ഖാൻ പറയുന്നു. സുൽത്താന് പ്രത്യേക പരിചരണം നൽകി ഒരു കുടുംബാംഗത്തെപ്പോലെയാണ് വളർത്തിയതെന്ന് മോയിൻ ഖാൻ പറയുന്നു.
സുൽത്താൻറെ ഒരു ദിവസത്തെ മെനുവിൽ 2 ലിറ്റർ പാൽ, 250 ഗ്രാം ഉണങ്ങിയ പഴങ്ങൾ, ഏകദേശം 10 കിലോ ഇലകൾ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്. വേനൽക്കാലത്തെ ചൂടിൽ നിന്ന് സംരക്ഷണം നൽകാനായ അവന് പ്രത്യേകം കൂളർ പോലുമുണ്ട്. അവന് കുടിക്കാൻ തണുത്ത വെള്ളവും വെണ്ണ പാലുമാണ് നൽകുന്നത്. സ്വന്തമായി ഒരു മുറി പോലും സുൽത്താനുണ്ട്. പ്രശസ്തി കുതിച്ചുയർന്നതോടെ സുൽത്താന് 8 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ട വില. സുൽത്താനെ ഒരു നോക്ക് കാണാനായി ദൂര സ്ഥലത്ത് നിന്ന് പോലും ആളുകൾ എത്തുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഗോലുലാല എന്ന് പേരുള്ള മറ്റൊരു ആടും ഇൻഡോറിലെ ബക്രീദ് വിപണിയിൽ ഏറെ ശ്രദ്ധ നേടി. ഒരു വർഷം മുമ്പാണ് ഗോലുലാലയെ വാങ്ങിയതെന്ന് ഉടമ ഫാത്തിമ പറയുന്നു. കുടുംബാംഗത്തെ പോലെയാണ് വളർത്തിയത്. സ്വന്തമായി കിടക്കയുള്ള ഗോലു ലാലയുടെ രാവിലത്തെ ഭക്ഷണം പാർലെഗ് ബിസ്കറ്റ് ആണ്. പിന്നാലെ വീട്ടുകാർ കഴിക്കുന്നതിൽ ഒരു പങ്ക് അവന് വേണ്ടി മാറ്റിവയ്ക്കുന്നു. ബദാം, കശുവണ്ടി, പാൽ എന്നിവ അടങ്ങുന്ന ഒരു മെനുവും ഗോലു ലാലയ്ക്കുണ്ട്. വേനൽക്കാലത്ത് ചൂട് തോന്നാതിരിക്കാൻ പ്രത്യേക കൂളർ ഗോലു ലാലയ്ക്കുമുണ്ട്.