രസഗുള തീർന്നു; വരന്‍റെയും വധുവിന്‍റെയും വീട്ടുകാർ ചേരി തിരഞ്ഞ് അടി, വിവാഹം മുടങ്ങി, വീഡിയോ

Published : Dec 04, 2025, 03:21 PM IST
Shortage Of Rasgullas In Wedding Turns Into Full Blown Fight

Synopsis

ബീഹാറിലെ ബോധ് ഗയയിൽ നടന്ന വിവാഹ ചടങ്ങിൽ രസഗുള തീർന്നതിനെ തുടർന്ന് വധൂവരന്മാരുടെ വീട്ടുകാർ തമ്മിൽ കൂട്ടത്തല്ലുണ്ടായി. സംഘർഷം രൂക്ഷമായതോടെ നിരവധി പേർക്ക് പരിക്കേൽക്കുകയും വിവാഹം മുടങ്ങുകയും ചെയ്തു.  

 

വിവാഹത്തിന് ഭക്ഷണം തീർന്നതിന്‍റെ പേരിൽ ഉണ്ടാകുന്ന അടിപിടികൾ പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. ആലപ്പുഴയിൽ വിവാഹ സദ്യക്ക് പപ്പടം തീർന്നതിനെ ചൊല്ലിയുണ്ടായ കൂട്ടത്തല്ല് മലയാളികൾ മറന്നു കാണില്ല. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവമുണ്ടായത് അങ്ങ് ബീഹാറിൽ. ബോധ് ഗയയിൽ ഒരു കല്യാണാഘോഷം രസഗുള തീർന്നതിനെ തുടർന്ന് കൂട്ടയടിയിൽ കലാശിച്ചു. വധുവിന്‍റെയും വരന്‍റെയും കുടുംബാംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് വിവാഹവും മുടങ്ങി.

തീർന്നു പോയ രസഗുള

നവംബർ 29 ന് ഒരു ഹോട്ടലിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. അതിഥികൾക്ക് വിളമ്പാറുള്ള പരമ്പരാഗത മധുര പലഹാരമായ രസഗുള തീർന്നപ്പോഴാണ് പ്രശ്നം തുടങ്ങിയത്. ചെറിയൊരു വാക്കുതർക്കമായി തുടങ്ങിയ സംഭവം അതിവേഗം വളർന്ന് കൂട്ടയടിയിൽ കലാശിക്കുകയായിരുന്നു. എന്തായാലും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

 

 

അടി അടിയോടടി

ഇരുവശത്തുമുള്ള അതിഥികൾ കൈയാങ്കളി നടത്തുകയും പരസ്പരം തള്ളുകയും ചെയ്തു. പിന്നീട് ഒരു പടി കൂടി കടന്ന് ചുവന്ന പ്ലാസ്റ്റിക് കസേരകൾ ആയുധങ്ങളായി എറിയാൻ തുടങ്ങി. എന്തായാലും സംഘർഷം വിവാഹ ചടങ്ങുകളെ തടസ്സപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റത്തോടെ ചടങ്ങ് അവസാനം നിർത്തിവെച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

പിന്നാലെ കേസ്

സംഭവത്തിന് പിന്നാലെ വരന്‍റെ വീട്ടുകാർക്കെതിരെ സ്ത്രീധനം ആവശ്യപ്പെട്ടെന്നാരോപിച്ച് വധുവിന്‍റെ കുടുംബം പരാതി നൽകി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളില്ല. സിസിടിവി ദൃശ്യങ്ങൾ കണ്ട ഒരു അതിഥി സംഭവ ദിവസത്തെ ഓർത്ത് കുറിച്ചത്, സന്തോഷകരമായ ഒരു ഒത്തുചേരൽ യുദ്ധക്കളം പോലെയാണ് അവസാനിച്ചത്, കസേരകൾ പറക്കുകയും ആളുകൾ നിസാരമായ ഒരു വീഴ്ചയുടെ പേരിൽ പരസ്പരം ആക്രമിക്കുകയും ചെയ്തുവെന്നായിരുന്നു. എന്തായാലും സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തെ അപലപിച്ച് നിരവധി കമന്റുകൾ വന്നു.

PREV
Read more Articles on
click me!

Recommended Stories

പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി
ഷോക്കേറ്റ് വീണ പാമ്പിന് വായിലൂടെ സിപിആർ നൽകുന്ന യുവാവ്; വീഡിയോ വൈറലായതോടെ മുന്നറിയിപ്പുമായി വിദ​ഗ്‍ദ്ധരും