
റെസ്റ്റോറന്‍റുകൾ, പാചക വീഡിയോകൾ ഒക്കെ സമൂഹ മാധ്യമങ്ങളില്‍ ഏറെ കാഴ്ചക്കാരുള്ള വിഷയങ്ങളാണ്. പാചക വീഡിയോകളില്‍ തന്നെ പതിനായിരം പേര്‍ക്കുള്ള ബിരിയാണി, നൂറ് കോഴിയുടെ ചിക്കന്‍ കറി തുടങ്ങിയ തരം വീഡിയോകൾക്ക് കാഴ്ചക്കാര്‍ കൂടുതലാണ്. സമാനമായ തരത്തില്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു റൊട്ടി നിര്‍മ്മാണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഒരു മനുഷ്യന്‍ തന്‍റെ കൈകൾ കൊണ്ട് ഒറ്റയ്ക്ക് 12 അടി വലിപ്പമുള്ള കൂറ്റന്‍ റൊട്ടി ചുട്ടെടുക്കുന്നതായിരുന്നു വീഡിയോ.
പുതിയ സാങ്കേതിക വിദ്യയൊന്നും തന്നെ ഉപയോഗിക്കാതെ പരമ്പരാഗതമായ രീതിയില്‍ തീ കൂട്ടിത്തന്നെയാണ് അദ്ദേഹം റൊട്ടി ചുട്ടെടുത്തത്. സാങ്കേതിക വിദ്യ ഇത്രയും വികസിച്ചിട്ടും ഇത്തരം പരമ്പരാഗത ഭക്ഷണ നിര്‍മ്മാണ രീതിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചിലര്‍ കുറിച്ചത്, റൊട്ടിയുടെ നിര്‍മ്മാണത്തിലെ ലാളിത്യവും അതേസമയം അതിന്‍റെ കൂറ്റന്‍ വലിപ്പവും കൊണ്ടാണ്. പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നിന്നുള്ള കണ്ടന്‍റ് ക്രീയേറ്റര്‍ എന്ന് സ്വയം വിശേഷിപ്പിച്ച യു ക്രീയേറ്റ് സീ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ബന്നു വിവാഹ പാരമ്പര്യത്തിന്‍റെ ഭാഗമായി നിര്‍മ്മിക്കുന്ന ഏറ്റവും വലിയ 'റുമാലി റൊട്ടി' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. നിലത്ത് വിരിച്ച തുണിയില്‍ ഇരുന്ന് കൊണ്ട് ഒരു യുവാവ് റൊട്ടി മാവ് തന്‍റെ കൈ കൊണ്ട് പലതരത്തില്‍ പലവട്ടം കറക്കി അതിന്‍റെ വലിപ്പം കൂട്ടുന്നു. ഒടുവില്‍ തന്‍റെ തലയ്ക്ക് മുകളിലുടെ ഒന്ന് വീശിയെടുക്കുമ്പോള്‍ റൊട്ടിക്ക് ഏതാണ്ട് 12 അടി വരെ വലിപ്പം വയ്ക്കുന്നു. ശേഷം അദ്ദേഹം അത് തന്‍റെ തൊട്ടടുത്തായി പൊള്ളായ ഉൾവശത്ത് തീ ഇട്ടിരിക്കുന്ന ഒരു വലിയ ഇരുമ്പ് പൈപ്പിന് മുകളിലേക്ക് ഇടുന്നു. പിന്നാലെ അടുത്ത റൊട്ടിയുടെ മാവ് അദ്ദേഹം പരത്തി തടുങ്ങുന്നു. റൊട്ടി പതുക്കെ ചൂടാകുന്നതിനിടെ വിവാഹത്തിന്‍റെ മറ്റ് ഒരുക്കങ്ങളിലേക്ക് വീഡിയോ പോകുന്നു. ഇതിനിടെ റൊട്ടി ഒരു തവണ മറിച്ചിടുന്നതും കാണാം. പിന്നാലെ അത് എടുത്ത്, നേരത്തെ ഉണ്ടാക്കി അടുക്കിവച്ചിരിക്കുന്ന മറ്റ് റൊട്ടികളുടെ മുകളിലേക്ക് ഇടുന്നു.
വീഡിയോ നിരവധി പേരെ ആകര്‍ഷിച്ചു. ചിലര്‍ വൃത്തിയെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ മറ്റ് ചിലര്‍ ഒരുമിച്ചിരുന്ന് ഒരു റൊട്ടി ഒരുപാട് പേര്‍ പങ്കിട്ട് കഴിക്കുന്നതിനെ കുറിച്ച് വാചാലരായി. 'ഭക്ഷണം ഉണ്ടാക്കുന്നതിന് മുമ്പ് അയാൾ കൈകൾ, മുഖം, കാലുകൾ, മുടി എന്നിവയിൽ സ്പർശിക്കുന്ന ഭാഗം ഞാൻ ഇഷ്ടപ്പെടുന്നു. അതാണ് രുചി' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 'ഭക്ഷണം കൈകൊണ്ട് നിർമ്മിച്ചതും കാൽ കൊണ്ട് നിർമ്മിച്ചതും ഞാൻ ഇഷ്ടപ്പെടുന്നു!' എന്നായിരുന്നു മറ്റൊരാൾ എഴുതിയത്. 'ഒരു റൊട്ടിയുടെ കലോറി കണക്കാക്കുന്നതിൽ ഗൂഗിൾ പരാജയപ്പെട്ടു' എന്നായാരുന്നു ഒരു കാഴ്ചക്കാരന്‍ റൊട്ടിയുടെ വലിപ്പത്തെ വിശേഷിപ്പിച്ചത്. ഒരു റൊട്ടിക്ക് പത്ത് പ്ലേറ്റ് കറി എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഭക്ഷണം കഴിക്കാനോ പുതയ്ക്കാനാണോ എന്നായിരുന്നു മറ്റൊരാൾ റൊട്ടിയുടെ വലിപ്പത്തില്‍ ആശ്ചര്യം കൊണ്ടത്. 'പൊതപ്പ് പോലെയുണ്ട്' എന്നായിരുന്നു വീഡിയോയ്ക്ക് താഴെ മലയാളത്തിൽ എഴുതിയ കുറിപ്പ്.
'റഷ്യക്കാരിയായ ഭാര്യയുമായി നാട്ടില്‍ നടക്കാന്‍ വയ്യെന്ന്' ഇന്ത്യന്‍ യുവാവ്, വീഡിയോ വൈറൽ