
എന്തെങ്കിലും തരത്തിലൊരു പ്രശ്നം സമൂഹത്തിൽ ഉണ്ടാകുമെന്ന് അറിഞ്ഞാൽ ഉടനെ തന്നെ കിട്ടാവുന്നത്രയും സാധനങ്ങൾ ശേഖരിച്ച് സംഭരിക്കുകയെന്നത് മനുഷ്യ സഹജമായ സ്വഭാവമാണ്. അതിന് ഇന്ത്യക്കാരനെന്നോ ആഫ്രിക്കക്കാരനെന്നോ ഓസ്ട്രേലിയക്കാരനെന്നോ വ്യത്യാസമില്ല. തങ്ങളുടെ മുന്നോട്ടുള്ള ജീവിതം സുഗമമാക്കുക എന്നതിലപ്പുറം മറ്റൊരു വികാരവും അവിടെ പ്രവർത്തിക്കുന്നില്ല. കൂടെയുള്ളവരുടെ കാര്യമൊന്നും അത്തരക്കാർ ആലോചിക്കാറേയില്ലെന്നതാണ് യാഥാർത്ഥ്യം. ലോകത്തിൽ ഏറ്റവും കുടുതൽ എണ്ണ കയറ്റുമതി നടക്കുന്ന ഹോർമൂസ് കടലിടുക്ക് ഭാഗികമായി അടച്ച് കൊണ്ട് തുടരുന്ന ഇസ്രയേൽ ഇറാൻ യുദ്ധത്തെ തുടർന്ന് ലോകത്ത് എണ്ണ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈയവസരത്തിൽ ഒരു ഓസ്ട്രേലിയക്കാരൻ കിട്ടാവുന്നത്രയും കാനുകളിൽ പെട്രോൾ ശേഖരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വില്ല്യം പവർഫിഷ് എന്ന് സമൂഹ മാധ്യമങ്ങളിൽ അറിയപ്പെടുന്ന വില്ല്യം അൻഗെർമാൻ എന്ന സമൂഹ മാധ്യമ പ്രാങ്ക്സ്റ്റർ ആണ് ഈ വീഡിയോ പകർത്തിയത്. ഈ ആഴ്ച ആദ്യം ഓസ്ട്രേലിയയിലെ ട്വീഡ് ഹെഡ്‌സിലെ ഒരു പെട്രോൾ പമ്പിൽ ഒരാൾ നിരവധി കാനികളിൽ പെട്രോൾ നിറയ്ക്കുന്നത് കണ്ടപ്പോഴാണ് താൻ വീഡിയോ റെക്കോർഡ് ചെയ്തതെന്ന് അദ്ദേഹം പറയുന്നു. വീഡിയോയിൽ ഒരു ഡ്രൈവർ തന്‍റെ വാഹനത്തിന്‍റെ പിന്നിൽ വച്ചിരിക്കുന്ന നിരവധി ജെറി ക്യാനുകളിലേക്ക് പെട്രോൾ പമ്പ് ചെയ്യുന്നതായി കാണാം. റെക്കോർഡിംഗ് തുടരുമ്പോൾ, ക്യാമറ കാറിന്‍റെ തുറന്ന ബൂട്ടിലേക്ക് നീളുന്നു. അവിടെ പെട്രോൾ നിറച്ച നിരവധി കണ്ടെയ്നറുകൾ കാണാം. അവയിൽ ജെറി ക്യാനുകൾ, മെറ്റൽ കാനിസ്റ്ററുകൾ, ഒരുമിച്ച് പായ്ക്ക് ചെയ്ത വാട്ടർ കണ്ടെയ്നറുകൾ എന്നിവയടക്കമുണ്ട്.
മറ്റൊന്നും ശ്രദ്ധിക്കാതെ പെട്രോൾ ഊറ്റിക്കൊണ്ടിരുന്ന ആ മനുഷ്യനോട് വില്ല്യം തനിക്ക് കൂടി എന്തെങ്കിലും ബാക്കി വയ്ക്കാമോയെന്ന് ചോദിക്കുന്നത് കേൾക്കാം. അയാൾ തിരിഞ്ഞ് വില്ല്യമിനെ നോക്കിയെങ്കിലും ഒന്നും പറയാതെ തന്‍റെ പ്രവർത്തി തുടർന്നു. പക്ഷേ, വില്ല്യം പിന്മാറാൻ തയ്യാറായിരുന്നില്ല. മൊത്തം പെട്രോളും ഊറ്റരുതെന്നും തനിക്ക് വേണ്ടി അല്പം ബാക്കി വയ്ക്കണമെന്നും അയാൾ വിളിച്ച് പറഞ്ഞു. പക്ഷേ. ഒന്നും സംഭവിക്കുന്നില്ലെന്ന് കണ്ടതോടെ വില്ല്യം അസ്വസ്ഥനാകുന്നതും വീഡിയോയിൽ കാണാം. "എല്ലാവരും പരിഭ്രാന്തിയിലാണ്" എന്ന അടിക്കുറിപ്പോടെ വില്ല്യം ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചതോടെ വളരെ പെട്ടെന്ന് തന്നെ വൈറലായി. ലോകമെങ്ങും ഇന്ധന ലഭ്യത കുറയുമെന്ന ആശങ്ക ഇസ്രയേൽ - ഇറാൻ യുദ്ധത്തോടെ ശക്തമാണ്. അതോടൊപ്പം തന്നെ പാചകവാതക ക്ഷാമവും എല്ലാവരും പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ പല പ്രമുഖ നഗരങ്ങളിലെയും ഹോട്ടലുകൾ മിക്കതും അടഞ്ഞ് കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ.