
വൈറൽ ഉള്ളടക്കത്തിനായി യുവാക്കളും ജൻസികളും പരക്കം പായുകയാണ്. ഒരു വീഡിയോയെങ്കിലും വൈറലാകണം. അതിനായി എന്തും ഒരു ഉളളടക്കമാക്കിമാറ്റാൻ പുതിയ തലമുറയ്ക്ക് മടിയില്ല. ഇതിനായുള്ള എടുത്ത് ചാട്ടങ്ങൾ പലപ്പോഴും വലിയ അപകടങ്ങൾക്ക് വഴിവെയ്ക്കുന്നു. എന്നാൽ, ഇതിനിടെ തന്‍റെ ആദ്യത്തെ വീഡിയോ തന്നെ വൈറലാക്കി ജൻസികളെ അടക്കം ഞെട്ടിച്ചിരിക്കുകയാണ് ഉത്തർപ്രദേശുകാരനായ 70 -കാരൻ. അദ്ദേഹത്തിന്‍റെ ആദ്യ വീഡിയോ ഇതിനകം 21 ലക്ഷം പേർ കണ്ടു. തന്‍റെ വീഡിയോ വൈറലായതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുന്ന അഞ്ചാമത്തെ വീഡിയോയ്ക്ക് ഒരു ദിവസം കൊണ്ട് ലഭിച്ചത് 19 ലക്ഷം ലൈക്ക്!
വെറും ആറ് ദിവസം മുമ്പാണ് വിനോദ് കുമാർ ശർമ്മ എന്ന ഉത്തർപ്രദേശുകാരനായ 70 -കാരൻ നവമാധ്യമമായ ഇന്‍സ്റ്റാഗ്രാമിൽ അക്കൌണ്ട് തുടങ്ങിയത്. ഇന്ന് അദ്ദേഹത്തിന് അമ്പത്തിയയ്യായിരത്തിന് മുകളിൽ ഫോളോവേഴ്സുണ്ട്. എഴുപത് വയസ്സുള്ളപ്പോൾ ഞാൻ എന്‍റെ ആദ്യത്തെ വ്ലോഗ് നിർമ്മിക്കുകയാണ്. എന്‍റെ പേര് വിനോദ് കുമാർ ശർമ്മ. ഞാൻ ഉത്തർപ്രദേശിൽ നിന്നാണ്. എനിക്ക് വ്ലോഗ് ചെയ്യാൻ അറിയില്ല. പക്ഷേ, ഞാൻ വീഡിയോകൾ നിർമ്മിച്ച് സമയം ചെലവഴിക്കാൻ ശ്രമിക്കുന്നു. ഈ വ്ലോഗ് നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ ഈ ജോലി തുടരാൻ എനിക്ക് പ്രോത്സാഹനം ലഭിക്കുമെന്ന് തന്‍റെ അഞ്ചാമത്തെ വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ഒപ്പം നിങ്ങളിൽ എല്ലാവരിൽ നിന്നും എനിക്ക് വളരെയധികം സ്നേഹം ലഭിച്ചെന്നും ഇന്ന് താൻ ഒറ്റയ്ക്കാണെന്ന് തോന്നുന്നില്ലെന്നും പറഞ്ഞ അദ്ദേഹം എല്ലാവർക്കും തന്‍റെ നന്ദി അറിയിച്ചു.
'ഞങ്ങൾ കാത്തിരിക്കുന്നു'
ആത്മവിശ്വാസത്തോടെയുള്ള അദ്ദേഹത്തിന്‍റെ വാക്കുകൾ നെറ്റിസെന്‍സ് ഏറ്റെടുത്തു. വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറൽ. പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയത്. ചിലർ വീഡിയോ തങ്ങൾക്ക് സന്തോഷം നൽകിയെന്ന് കുറിച്ചു. മറ്റ് ചിലർ അദ്ദേഹത്തിന്‍റെ ആത്മവിശ്വാസത്തെ പ്രശംസിച്ചു. നിങ്ങളുടെ അടുത്ത വ്ലോഗിനായി ഞാൻ കാത്തിരിക്കുന്നു. നിങ്ങളുടെ ആദ്യ വ്ലോഗ് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടുവെന്ന് ഹിന്ദി ടിവി നടൻ ജയ് ഭാനുശാലിയും കുറിപ്പെഴുതാനെത്തി. നിരവധി പേർ മുത്തച്ഛൻറെ വീഡിയോ ഇഷ്ടപ്പെട്ടെന്നും ഇതിനയും ചെയ്യണമെന്നും കുറിച്ചു.