
അഫ്ഗാനിസ്ഥാനിലെ ഒരു ജ്യൂസ് വില്പനക്കാരന്‍റെ ഹൃദയസ്പർശിയായ ഒരു സംഭാഷണം പകർത്തിയ ഇന്ത്യൻ ട്രാവൽ വ്ലോഗറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കൈലാഷ് മീന എന്ന ഉള്ളടക്ക സൃഷ്ടാവാണ് വീഡിയോ തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചത്. മാതളനാരങ്ങ കൊണ്ടുണ്ടാക്കിയ ഒരു പാനീയത്തിന് പണം സ്വീകരിക്കാൻ വിസമ്മതിക്കുന്ന പ്രാദേശിക ജ്യൂസ് വിൽപ്പനക്കാരനും കൈലാഷും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷത്തെ വീഡിയോ പകർത്തുന്നു.
വ്ലോഗർ ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ ജ്യൂസിന്‍റെ പണം വാങ്ങാന്‍ അഫ്ഗാൻ സ്വദേശി വിസമ്മതിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഒരു സാധാരണ തെരുവ് വണ്ടിയിൽ മാതളനാരങ്ങ ജ്യൂസ് വില്പനക്കാരനായിരുന്നു അദ്ദേഹം. ജ്യൂസ് കുടിച്ച ശേഷം കൈലാഷ് പണം നൽകാൻ തയ്യാറാകുന്നു. എന്നാല്‍ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിക്കുന്നു. ഒരു ഊഷ്മളമായ പുഞ്ചിരിയോടെ അയാൾ കൈലാഷിനോട് ഇന്ത്യക്കാര്‍ മെഹ്മാൻ എന്ന് പറയുന്നു. മെഹ്നാൻ എന്നാല്‍ അതിഥി എന്നാണ് അർത്ഥം.
സന്ദർശകരെ ബഹുമാനത്തോടെയും വാത്സല്യത്തോടെയും പരിഗണിക്കുന്നതിലുള്ള ആഴത്തിലുള്ള സാംസ്കാരിക വിശ്വാസത്തെ അദ്ദേഹത്തിന്റെ സ്വരത്തിലും ഭാവത്തിലും കാണാം. ഈ സമയം ജ്യൂസ് വില്പക്കാരന് സമീപത്ത് നിൽക്കുന്ന ഒരു തദ്ദേശവാസി, ഇന്ത്യക്കാരെ അവരുടെ രാജ്യത്ത് അതിഥികളായി സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്നതും കേൾക്കാം.
അദ്ദേഹത്തിന്റെ പ്രവർത്തി കണ്ട് കൈലാഷ്, "യേ ഹേ അഫ്ഗാനിസ്ഥാൻ കി മെഹ്മന്നവാസി" (ഇതാണ് അഫ്ഗാനിസ്ഥാന്‍റെ ആതിഥ്യമര്യാ) എന്ന് പറഞ്ഞ് നന്ദി പ്രകടിപ്പിക്കുന്നു. അഫ്ഗാൻ ആതിഥ്യം എന്ന കുറിപ്പോടെയാണ് കൈലാഷ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയത്. മറ്റുള്ളവർ പലപ്പോഴും കാണാത്ത യഥാർത്ഥ അഫ്ഗാൻ സംസ്കാരമാണിതെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്നു, ഇത് അതിന്‍റെ തെളിവാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.