
യുഎസിലെ സാൻ ജോസിലെ വെസ്റ്റ്ഫീൽഡ് വാലി ഫെയർ മാളിൽ നടന്ന ബ്ലാക്ക് ഫ്രൈഡേ വെടിവയ്പിൽ താനും നാല് വയസ്സുള്ള മകനും അനുഭവിച്ച ഭയാനകമായ നിമിഷങ്ങളെ കുറിച്ച് ഇന്ത്യക്കാരിയുടെ വെളിപ്പെടുത്തൽ. തന്‍റെ നാല് വയസുകാരനായ മകന്‍ വെടിവയ്പ്പ് കണ്ട് ഭയന്ന് പോയെന്ന് യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
ചന്ദന റോയ് എന്ന ഇന്ത്യൻ വംശജയാണ് തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിൽ, തന്നെയും കുഞ്ഞിനെയും ചിത്രീകരിച്ചിരിക്കുന്ന ഒരു ക്ലിപ്പ് ചേർത്തത്. ഇതിൽ ഇരുവരും ഭയന്നിരിക്കുന്നതും, ആൺകുട്ടി കണ്ണീരോടെ കരയുന്നതും കാണാം. കുട്ടി തന്‍റെ പിതാവിനോട് സംഭവം വിവരിക്കുന്നതോടെയാണ് ക്ലിപ്പ് അവസാനിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ടവർ മോശം ആളുകളാണെന്നും അവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛന്‍ സൗമ്യമായി ഉറപ്പുനൽകുന്നതും കേൾക്കാം. ഈ സമയം അങ്ങേയറ്റം നിഷ്ക്കളങ്കതയോടെ 'ദുഷ്ടന്മാര്‍ മിഠായികൾ മോഷ്ടിക്കാന്‍ വന്നതാണെന്ന്' കുട്ടി പറയുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
ഞങ്ങൾ സുരക്ഷിതമായി വീട്ടിലെത്തി. ഇന്നലെ മാസിയുടെ രണ്ടാം നിലയിലുള്ള വെസ്റ്റ്ഫീൽഡ് വാലി ഫെയറിൽ നിന്ന്, 10 അടി അകലെ നിന്ന് ഒന്നിലധികം വെടിയൊച്ചകൾ കേട്ടതിന് ശേഷമാണ് ഞങ്ങൾ അവസാന സന്ദേശം അയച്ചത്. ആളുകൾ നിലവിളിക്കുന്നു, ഓടുന്നു, ജനാലകൾ തകർക്കുന്നു, ഒളിക്കുന്നുവെന്ന മാളിനുള്ളിലെ അമ്പരപ്പും അരക്ഷിതാവസ്ഥയും വിവരിക്കുന്ന കുറിപ്പോടെയാണ് ചന്ദന റോയ് വീഡിയോ പങ്കുവച്ചത്.
'ദുഷ്ടന്മാർ തോക്ക് ബൂം ബൂം ബൂം ഉപയോഗിച്ച് വെടിവയ്ക്കുകയും കടയിലെ എല്ലാ മിഠായികളും മോഷ്ടിക്കുകയും ചെയ്തു' എന്ന് തന്‍റെ നാല് വയസ്സുള്ള കുട്ടി ആ ദുരന്തസംഭവത്തെ കുറിച്ച് പിന്നീടൊരു നിഗമനത്തിലെത്തിയതായി അവർ കൂട്ടിച്ചേർത്തു. രക്ഷപ്പെടുന്നതിനിടെ തന്‍റെ മകൻ അവന്‍റെ കളിപ്പാട്ട കാർ ഉപേക്ഷിച്ചുവെന്നും ഇപ്പോൾ അത് വീണ്ടെടുക്കാൻ കടയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും റോയ് കൂട്ടിച്ചേര്‍ത്തു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് വൈകാരികമായി സംസാരിച്ച് എത്തിയത്. ഇരുവരും സുരക്ഷിതരായി ഇരിക്കുന്നവെന്ന് അറിഞ്ഞതില്‍ ദൈവത്തിന നന്ദിയെന്ന് നിരവധി പേരെഴുതി. ഇത്തരമൊരു അനുഭവത്തിലൂടെ നാല് വയസുകാരന് കടന്ന് പോകേണ്ടിവന്നതില്‍ ശരിക്കും ഖേദമുണ്ടെന്നും ചിലര്‍ കുറിച്ചു. കുട്ടി ആഘാതത്തില്‍ നിന്നും എത്രും പെട്ടെന്ന് മുക്തനാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ചിലരെഴുതി. വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ടെന്ന് സാൻ ജോസ് പോലീസ് മീഡിയ റിലേഷൻസ് ടീം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പരിക്കേറ്റ രണ്ട് പേരെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചെന്നും അറിയിപ്പില്‍ പറയുന്നു.