
നമ്മുടെ കണ്ണ് നനയിക്കുന്ന, സ്നേഹം കൊണ്ട് ഉള്ള് നിറയ്ക്കുന്ന അനേകം കാഴ്ചകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ കാണാം. ബെംഗളൂരുവിൽ നിന്നുള്ള ഒരു ഡോക്ടർ പങ്കുവച്ചിരിക്കുന്ന അതുപോലെ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ കുട്ടിക്കാലത്ത് ബഹ്‌റൈനിൽ വെച്ച് തന്നെ നോക്കി വളർത്തിയ നാനിയെ ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടുമുട്ടിയതിന്റെ വികാരനിർഭരമായ വീഡിയോയാണ് അത്. ഡോ. റെനോയ് ഫിലിപ്പ് ആണ് വർഷങ്ങൾക്ക് ശേഷം ജാനകി ആന്റിയെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്ന ഈ മനോഹര വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
വീഡിയോയുടെ തുടക്കത്തിൽ ബഹ്‌റൈനിലെ പഴയകാല ഫോട്ടോകൾ കാണിച്ചുകൊണ്ടാണ് ഡോ. റെനോയ് സംസാരിക്കുന്നത്. തങ്ങളെ 15 വർഷത്തോളം നോക്കിയ ജാനകി ആന്റിയെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം പങ്കുവെക്കുന്നു. 'ഇതാണ് ഞങ്ങളുടെ ജാനകി ആന്റി, ഞാൻ അവരുമായി വളരെ സ്നേഹത്തിലായിരുന്നു' എന്ന് പഴയ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്നു.
ഒടുവിൽ കാലങ്ങൾക്കു ശേഷം ജാനകി ആന്റിയുടെ വീട്ടിലെത്തുന്ന റെനോയ്, 'ജാനകി ആന്റി, നിങ്ങൾ എവിടെയാണ്?' എന്ന് വിളിച്ചുകൊണ്ട് അകത്തേക്ക് ചെല്ലുന്നത് കാണാം. 93 വയസ്സായ ആന്റിയെ കണ്ടയുടൻ അദ്ദേഹം സ്നേഹത്തോടെ ആശ്ലേഷിക്കുന്നു. ഇരുവരുടെയും ഈ കൂടിക്കാഴ്ച നെറ്റിസൺസിനെ കണ്ണീരണിയിച്ചു.
'29 വർഷങ്ങൾക്ക് ശേഷം... എന്റെ പ്രിയപ്പെട്ട നാനിയുമായുള്ള പുനഃസമാഗമം! 93 വയസ്സായെങ്കിലും ഇപ്പോഴും ഊർജസ്വലയും സന്തോഷവതിയുമാണ്' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഡോക്ടർ കുറിച്ചത്. ഈ മനോഹരമായ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരുടെ ഹൃദയം കവർന്നു കഴിഞ്ഞു. 'കാലത്തിന് പോലും തകർക്കാൻ കഴിയാത്ത ചില ബന്ധങ്ങളുണ്ട്' എന്നാണ് പലരും അഭിപ്രായപ്പെട്ടത്.