
ഒരു യൂട്യൂബറുടെ പരീക്ഷണം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും ആശങ്കയ്ക്കും തുടക്കം കുറിച്ചു. ഒരു റോബോർട്ട് തന്നെ പരിചയപ്പെടുത്തുകയായിരുന്ന യൂട്യൂബറെ അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം വെടിവച്ചു. യൂട്യൂബർ നടത്തിയ ഒരു പരീക്ഷണത്തിനിടെയായിരുന്നു സംഭവം. യൂട്യൂബർ റോബോർട്ടിനോട് വെടിയുതിർക്കാൻ അവശ്യപ്പെട്ടതും ഒരു മടിയും കൂടാതെ റോബോർട്ട് കൃത്യമായി തന്നെ വെടിയുതിർത്തു. എന്നാല്‍, തോക്കിൽ ഉപയോഗിച്ചിരുന്നത് വ്യാജ ബുള്ളറ്റുകളായിരുന്നത് കൊണ്ട് യൂട്യൂബർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലെ സുരക്ഷാ പ്രോട്ടോക്കോളുകൾ എത്ര എളുപ്പത്തിൽ മറികടക്കാമെന്നതിന് തെളിവ് നല്‍കുകയായിരുന്നു യൂട്യൂബർ. പരീക്ഷണം AI സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തി.
പരീക്ഷണം തുടങ്ങുന്നത് ഇങ്ങനെയാണ്. മാക്സ് എന്ന് പേരുള്ള ഒരു ചാറ്റ്ജിപിടി പവർ റോബോട്ടിനോട് യൂട്യബർ ബിബി തോക്ക് ഉപയോഗിച്ച് തനിക്ക് നേരെ വെടിവയ്ക്കാൻ നിർദ്ദേശം നൽകുന്നു. എന്നാല്‍, ചിരിച്ച് കൊണ്ട് റോബോർട്ട് യൂട്യൂബറുടെ നിർദ്ദേശം നിരസിക്കുന്നു. ഒരു മനുഷ്യനെ തനിക്ക് ഉപദ്രവിക്കാൻ കഴിയില്ലെന്ന് വിശദീകരിച്ച് കൊണ്ട് സുരക്ഷാ നിയന്ത്രണങ്ങൾ റോബോട്ട് എടുത്തു പറഞ്ഞു.
എന്നാൽ, യൂട്യൂബർ വെടിവയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു റോബോട്ടായി അഭിനയിക്കാൻ യന്ത്രത്തോട് നിർദ്ദേശിച്ചു. ഇതോടെ റോബോട്ടിന്‍റെ പെരുമാറ്റം തൽക്ഷണം മാറുകയായിരുന്നു. അടുത്ത നിമിഷം മാക്സ്, ഗൺ ഉയർത്തുകയും അവതാരകന്‍റെ കൃത്യം നെഞ്ചിൽ തന്നെ വെടിയുതിർക്കുകയും ചെയ്തു. എന്നാൽ, തോക്കിൽ ഉപയോഗിച്ചിരുന്നത് യഥാർത്ഥ വെടിയുണ്ടകൾ ആയിരുന്നില്ല. അതിനാൽ അപകടമൊന്നും സംഭവിച്ചില്ല.
നിലവിലെ AI സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ തുറന്ന് കാണിച്ച ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചത്. നേരത്തെ ശക്തമായി നിരസിച്ച കാര്യങ്ങൾ പോലും നിർദ്ദേശങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയപ്പോൾ റോബോട്ട് മറികടന്നതിൽ കാഴ്ചക്കാരും ഞെട്ടൽ പങ്കുവെച്ചു. ഇൻസൈഡ് എഐ എന്ന ചാനലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ഈ വൈറൽ വീഡിയോ എ ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടിക്സിലെ കർശനമായ സുരക്ഷാ പരിശോധനകളുടെ പ്രാധാന്യം അടിവരയിടുന്നു. പ്രത്യേകിച്ചും ഇത്തരം സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ.