കടിച്ച പാമ്പേതെന്ന് ചോദിച്ചപ്പോൾ, മൂർഖനെ ജാക്കറ്റിന്‍റെ പോക്കറ്റിൽ നിന്നും പുറത്തെടുത്ത് ഓട്ടോ ഡ്രൈവർ

Published : Jan 13, 2026, 04:53 PM IST
Auto driver pulls cobra from his jacket

Synopsis

ഉത്തർപ്രദേശിലെ മഥുരയിൽ പാമ്പ് കടിയേറ്റ ഒരു ഇ-റിക്ഷാ ഡ്രൈവർ, കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിലെത്തി. ചികിത്സയ്ക്കിടെ ഏത് പാമ്പാണ് കടിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ, പോക്കറ്റിൽ നിന്ന് ഒരു മൂർഖൻ കുഞ്ഞിനെ പുറത്തെടുത്ത് കാണിച്ചു. 

 

പാമ്പ് കടിച്ചതിന് ചികിത്സയ്ക്കായി യുപിയിലെ മഥുരയിലെ ജില്ലാ ആശുപത്രിയിലെത്തിയ ഇ റിക്ഷാ ഡ്രൈവർ ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും അമ്പരപ്പിച്ചു. ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചപ്പോൾ അസലൊരു മൂർഖൻ കുഞ്ഞിനെ തന്‍റെ ജാക്കറ്റിന്‍റെ പോക്കറ്റിൽ നിന്നും ഇയാൾ പുറത്തെടുക്കുകയായിരുന്നു. ഇത് കണ്ട് ഡോക്ടർമാരും നേഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും അക്ഷരാർത്ഥത്തിൽ ഞെട്ടി.

മൂർഖനെ ജാക്കറ്റിലിട്ട് ആശുപത്രിയിലേക്ക്

ദീപക് എന്ന മഥുരയിലെ ഒരു ഇ റിക്ഷാ ഡ്രൈവറാണ് ഇത്തരമൊരു അസാധാരണ പ്രവ‍ർത്തി ചെയ്തതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇ റിക്ഷ ഓടിക്കുന്നതിനിടെ വണ്ടിയിലുണ്ടായിരുന്ന പാമ്പ് ദീപക്കിനെ കടിക്കുകയായിരുന്നു. പിന്നാലെ പരിഭ്രമിക്കാതെ ഇയാൾ പാമ്പിനെ എടുത്ത് തന്‍റെ ജാക്കറ്റിന്‍റെ പോക്കറ്റിലിട്ടു. പിന്നാലെ നേരെ ജില്ലാ ആശുപത്രിയിലേക്ക് വച്ച് പിടിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് ഡോക്ടർമാർ അദ്ദേഹത്തോട് പാമ്പിനെ തുറന്ന് വിടാനും ചികിത്സ തേടാനും ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ദീപക്, തന്‍റെ ഇ റിക്ഷ ആശുപത്രിക്ക് പുറത്തെ റോഡിൽ പാർക്ക് ചെയ്ത് ഗതാഗത തടസം സൃഷ്ടിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ ദീപക്, പാമ്പിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ചികിത്സയ്ക്കായി ഡോക്ടർമാരോട് അപേക്ഷിക്കുന്നതും കാണാം.

 

 

പാമ്പിനെ ഡോക്ടർമാരെ കാണിക്കാൻ

റോഡ് തടസപ്പെടുത്തിയത് അറിഞ്ഞ് സംഭവ സ്ഥലത്ത് പോലീസെത്തി. പോലീസ് ദീപക്കിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. ഏറെ നേരത്തെ നിർബന്ധത്തിന് ശേഷം ദീപക് പാമ്പിനെ ഒറു പെട്ടിയിലാക്കി പൂട്ടി. അതിന് ശേഷം മാത്രമാണ് അയാൾ ചികിത്സയ്ക്ക് സമ്മതിച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ചികിത്സ തേടുമ്പോൾ കടിച്ചത് ഏത് പാമ്പാണെന്ന് ഡോക്ടർമാരെ കാണിക്കാനായാണ് താന്‍ പാമ്പുമായി ആശുപത്രിയിലെത്തിയതെന്നാണ് ദീപക്കിന്‍റെ വാദം. വീഡിയോ വൈറലായതിന് പിന്നാലെ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി.

 

PREV
Read more Articles on
click me!

Recommended Stories

വധുവിന് നൽകാതെ വരൻ കേക്ക് രുചിച്ചു, വധു ചോദ്യം ചെയ്തു, പിന്നാലെ കേക്ക് വലിച്ചെറിഞ്ഞ് വരൻ; വിവാഹം മുടങ്ങി, വീഡിയോ
ചായയ്ക്ക് 782 രൂപ, ഒരു പ്ലേറ്റ് പോഹയ്ക്ക് 1512; ലോസ് ആഞ്ചെലെസിൽ ഇന്ത്യൻ യുവാവിന്റെ ചായവില്പന വൈറൽ