കനത്ത ചൂട്, നിർജ്ജലീകരണത്താൽ തളർന്നുവീണ് പക്ഷി, വെള്ളം നൽകി ബ്രിട്ടീഷ് സഞ്ചാരി

Published : May 03, 2026, 05:50 PM IST
viral video

Synopsis

ദില്ലിയിലെ കനത്ത ചൂടിൽ നിർജ്ജലീകരണം മൂലം തളർന്നുവീണ പക്ഷിക്ക് വെള്ളം നല്‍കി നിക്ക് ബൂക്കർ എന്ന ബ്രിട്ടീഷ് സഞ്ചാരി. പക്ഷിയുടെ പരിചരണം പിന്നീട് ഒരു വൈല്‍ഡ്‍ലൈഫ് എന്‍ജിഒ -യെ ഏല്പിക്കാനും അദ്ദേഹം മറന്നില്ല. 

രാജ്യമെങ്ങും കനത്ത ചൂടിൽ വെന്തുരുകയാണ്. മനുഷ്യർക്ക് മാത്രമല്ല, മറ്റ് ജീവജാലങ്ങൾക്കും വലിയ പ്രയാസം തന്നെയാണ് ഈ ചൂടിനെ അതിജീവിക്കൽ. അതിനിടയിൽ നിക്ക് ബൂക്കർ എന്നൊരു ബ്രിട്ടീഷ് സഞ്ചാരി ദില്ലിയിൽ നിന്നും പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ കുറിച്ച് പലപ്പോഴും സോഷ്യൽ മീഡിയയിൽ രസകരമായ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള ആളാണ് നിക്ക്. യാത്രയ്ക്കിടെ കണ്ടുമുട്ടിയ നിർജ്ജലീകരണം കാരണം തളർന്നുപോയ ഒരു ചക്കിപ്പരുന്തിനെ പരിചരിക്കുന്ന വീഡിയോയാണ് നിക്ക് സോഷ്യൽ മീഡിയയിൽ‌ ഷെയർ ചെയ്തിരിക്കുന്നത്. പക്ഷിക്ക് വെള്ളം നൽകിയ ശേഷം അതിന്റെ പരിചരണം ഒരു എൻജിഒയെ ഏൽപ്പിക്കാനും നിക്ക് മറന്നില്ല.

'നമുക്കിത് ചൂടാണെങ്കിൽ അവയ്ക്കും ഇത് ചൂട് തന്നെയാണ്. ഉഷ്ണതരം​ഗത്തിൽ പല പക്ഷികളും പ്രയാസത്തിലാണ്. നിർജ്ജലീകരണം സംഭവിച്ച്, അനങ്ങാനാവാത്ത വിധത്തിൽ ഞങ്ങൾ ഈ ചക്കിപ്പരുന്തിനെ കണ്ടു' എന്നാണ് നിക്ക് പറയുന്നത്. പക്ഷിയെ എടുത്ത നിക്ക് ഒരു മരത്തിന്റെ തണലിലേക്ക് നീങ്ങിനിൽക്കുന്നതും അതിന് വെള്ളം നൽകുന്നതും വീഡിയോയിൽ കാണാം. വെള്ളത്തിന് വേണ്ടി ദാഹിച്ചുവലഞ്ഞ ആ പക്ഷി വളരെ ആർത്തിയോടെയാണ് ആ വെള്ളം കുടിക്കുന്നത് എന്നും വീഡിയോയിൽ കാണാം.

 

 

ഇന്ന് 41°C ആണ് താപനിലയെന്നും , വർഷത്തിലെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൊന്നാണിത് എന്നും നിക്ക് പറയുന്നുണ്ട്. ഒപ്പം പക്ഷിയുടെ വിവരം അറിയിച്ചപ്പോൾ തന്നെ അതിന്റെ പരിചരണം ഏറ്റെടുത്ത @wildlifesos എന്ന ഓർ​ഗനൈസേഷനും നിക്ക് നന്ദി പറയുന്നുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. വീടിന് പുറത്ത് പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും വേണ്ടി ഒരു പാത്രത്തിൽ കഴിയുന്നതും വെള്ളം വയ്ക്കാൻ ശ്രദ്ധിക്കണം എന്ന് പലരും കമന്റിൽ സൂചിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

കേറിപ്പോടാ; കടലിനടിയിൽ വെച്ച് ആമ 'തല്ലി'; വൈറലായി യാത്രാ വ്ലോഗറുടെ അനുഭവം
അമ്പമ്പോ, ഇത് ഓട്ടോ തന്നെയാണോ? അകത്തെ കാഴ്ചകൾ കണ്ടാൽ കണ്ണുതള്ളിപ്പോകും