ഹൈവേയിലൂടെ ഓടുന്നതിനിടെ ബസിലെ സീറ്റ് മാറി ഡ്രൈവ‍ർമാരുടെ അഭ്യാസം; നടപടി വേണമെന്ന് ആവശ്യം, വീഡിയോ

Published : Nov 20, 2025, 07:04 PM IST
Bus drivers practice changing seats while traveling on the highway

Synopsis

രാജസ്ഥാനിൽ ഹൈവേയിലൂടെ അതിവേഗം ഓടുന്ന ബസ്സിൽ ഡ്രൈവർമാർ സീറ്റ് മാറുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ ജീവന് പുല്ലുവില കൽപ്പിക്കാത്ത ഈ പ്രകടനത്തിന്റെ വീഡിയോ വൈറലായതോടെ ഡ്രൈവർമാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യം ഉയർന്നു.

 

പൊതു ഗതാഗതത്തെ കുറിച്ച് പറയുമ്പോൾ പലരും പരാതിപ്പെടുന്ന ഒന്നാണ് ബസുകളുടെ അമിത വേഗം. കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. അമിതവേഗതയ്ക്കിടെയിലും ഡ്രൈവ‍ർമാരുടെ അലസമായ ഫോൺ ഉപയോഗവും മറ്റും നിരന്തരം വാര്‍ത്തകൾ സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഹൈവേയിലൂടെ ഓടുന്ന ബസില്‍ നിന്നുള്ള ഡ്രൈവ‍ർമാരുടെ അഭ്യാസ പ്രകടനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പിന്നാലെ ഡ്രൈവ‍ർമാര്‍ക്കെതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.

ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങൾ

ഹൈവേയിലൂടെ അത്യാവശ്യം വേഗത്തില്‍ പോകുമ്പോൾ രണ്ട് ബസ് ഡ്രൈവർമാർ വാഹനത്തിൽ വെച്ച് സീറ്റുകൾ പരസ്പരം മാറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ബസ്സിനുള്ളിലെ സാധാരണക്കാരായ നിരവധി മനുഷ്യരുടെ ജീവന് യാതൊരു വിലയും നൽകാതെയാണ് ഡ്രൈവർമാരുടെ ഈ പ്രകടനം. ദൃശ്യങ്ങളിൽ ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു ഡ്രൈവർ യാതൊരു ധൃതിയുമില്ലാതെ സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നത് കാണാം. ഉടൻ തന്നെ രണ്ടാമത്തെയാൾ ഡ്രൈവറുടെ സീറ്റിലേക്ക് മാറുകയും സ്റ്റിയറിംഗ് വീൽ ഏറ്റെടുത്ത് ഓടിക്കുകയും ചെയ്യുന്നു. ഇതെല്ലാം സംഭവിച്ചത് ബസ് ഹൈവേയിലൂടെ അതിവേഗം കടന്ന് പോകുമ്പോൾ. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. സമൂഹ മാധ്യമ ഉപയോക്താക്കൾ സാധാരണക്കാരുടെ ജീവന്‍റെ സുരക്ഷയെന്തെന്നായിരുന്നു ചോദിച്ചത്.

 

 

പ്രതികരണം

രണ്ട് തരം പ്രതികരണങ്ങളാണ് ഉണ്ടായത്. ഒന്ന് ബസിന് ഉള്ളിലെ യാത്രക്കാരില്‍ നിന്നും. ബസിലെ യാത്രക്കാര്‍ ഡ്രൈവ‍ർമാരുടെ ഈ അഭ്യാസം കണ്ടെങ്കിലും ആരും ഒന്നും തന്നെ പ്രതികരിച്ചില്ല. അവര്‍ നിസഹായരായി എല്ലാം കണ്ടിരുന്നു. എന്നാൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ ശക്തമായ നടപടി വേണമെന്നും നിരവധി ആളുകൾ പ്രതികരിച്ചു. ദൃശ്യങ്ങൾ രാജസ്ഥാൻ പോലീസിന് ടാഗ് ചെയ്തു. ഇത് വെറും അശ്രദ്ധയല്ലെന്നും ആളുകളുടെ ജീവൻ വെച്ച് കളിക്കുകയാണ് എന്നാണ് രൂക്ഷഭാഷയിൽ ഒരാൾ കമൻറ് ചെയ്തത്. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും നിരവധി പേർ രംഗത്തെത്തി. ദൃശ്യങ്ങളിലെ ബസ്, സ്വകാര്യ ബസ് ഓപ്പറേറ്ററായ ശാന്തിനാഥ് ട്രാവൽസിന്‍റെതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സംഭവത്തിന്‍റെ സമയമോ കൃത്യമായ സ്ഥലമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ വിഷയത്തിൽ അധികൃതരുടെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു