നായ കുട്ടിയെ നിർബന്ധിച്ച് 'ലഹരി' കുടിപ്പിച്ചു; യുവാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം, വീഡിയോ

Published : Feb 01, 2026, 03:07 PM IST
 youths who forced the puppy to drink alcohol

Synopsis

ജയ്പൂരിൽ ഒരു കൂട്ടം യുവാക്കൾ നായക്കുട്ടിയെ ബലമായി എനർജി ഡ്രിങ്ക് കുടിപ്പിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. കുറ്റവാളികൾക്കെതിരെ നടപടി വേണമെന്നും ആവശ്യം ശക്തമായി.

 

രാജസ്ഥാനിലെ ജയ്പൂരിന് സമീപം തെരുവ് നായക്കുട്ടിയോട് യുവാക്കൾ കാട്ടിയ ക്രൂരതയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിയൊക്കി. ഒരു കൂട്ടം യുവാക്കൾ ചേർന്ന് നായക്കുട്ടിയെ ബലമായി പിടിച്ചുവെച്ച് ക്യാനിൽ നിന്നും ഒരു പാനീയം കുടിപ്പിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.

ഭയന്നു വിറച്ച നായക്കുട്ടി രക്ഷപ്പെടാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, യുവാക്കൾ അതിന്‍റെ വായ ബലമായി തുറന്ന് പാനീയം ഒഴിച്ചുകൊടുക്കുന്നത് വീഡിയോയിൽ കാണാം. ആദ്യ വീഡിയോ വൈറലായതിന് പിന്നാലെ രണ്ടാമതൊരു വീഡിയോ കൂടി ഇവർ പങ്കുവെച്ചത് നെറ്റിസൺസിനെ കൂടുതൽ പ്രകോപിപ്പിച്ചു. തങ്ങളുടെ പ്രവൃത്തി തെറ്റാണെന്ന് മനസ്സിലാക്കുന്നതിന് പകരം, വീണ്ടും സമാനമായ ക്രൂരത ആവർത്തിച്ചത് യുവാക്കളുടെ ധാർഷ്ട്യമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.

മദ്യമല്ല എനർജി ഡ്രിങ്ക്, പക്ഷേ മാരകം

യുവാക്കൾ നൽകുന്നത് മദ്യമാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, വീഡിയോയിലുള്ളത് 'പ്രെഡേറ്റർ' (Predator) എന്ന ബ്രാൻഡിന്‍റെ എനർജി ഡ്രിങ്ക് ക്യാൻ ആണെന്ന് പിന്നീട് ചിലർ ചൂണ്ടിക്കാട്ടി. പാനീയം ഏതായാലും നായക്കുട്ടികൾക്ക് ഇത് മാരകമാണ്. എനർജി ഡ്രിങ്കുകളിലെ കഫീൻ, പഞ്ചസാര, ഉത്തേജകങ്ങൾ എന്നിവ നായകളുടെ ആരോഗ്യത്തിന് അതീവ ഹാനികരമാണ്. ഇത് നിർജ്ജലീകരണം, ഹൃദയമിടിപ്പ് വർദ്ധിക്കൽ, അപസ്മാരം, വിഷബാധ എന്നിവയ്ക്കും മരണം വരെ സംഭവിക്കാനും കാരണമായേക്കാം.

നടപടി വേണം

1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം , മൃഗങ്ങളെ ബോധപൂർവ്വം ഉപദ്രവിക്കുന്നതും ഹാനികരമായ പദാർത്ഥങ്ങൾ നൽകുന്നതും ശിക്ഷാർഹമായ കുറ്റമാണ്. പ്രമുഖ മൃഗക്ഷേമ സംഘടനയായ പാൽ ഫൗണ്ടേഷൻ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. മൃഗക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ മുംബൈ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഈ പ്രവൃത്തിയെ "അങ്ങേയറ്റം ക്രൂരവും അംഗീകരിക്കാനാവാത്തതും" എന്ന് വിശേഷിപ്പിച്ചു.

മനുഷ്യർ നൽകുന്ന വിശ്വാസത്തെ ചൂഷണം ചെയ്യുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "മനുഷ്യത്വരഹിതമായ പ്രവർത്തി" എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. മൃഗസംരക്ഷണ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് പ്രതികരിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

വന്ദേഭാരതിൽ 1700 രൂപയുടെ സീറ്റിൽ കുഞ്ഞിന്‍റെ 100 രൂപയുടെ ചെരുപ്പെന്ന് യുവതി, പിന്നാലെ രൂക്ഷമായി പരിഹസിച്ച് നെറ്റിസെന്‍സ്
വൈറലാകാൻ മുടിക്ക് ചുവപ്പ് നിറമടിച്ച് പോലീസ് ഉദ്യോഗസ്ഥൻ, പിന്നാലെ എയറിലായി; വീഡിയോ