
ചിക്കാഗോയിലെ ഒരു വൺ മിഷലിൻ സ്റ്റാർ ഇന്ത്യൻ റസ്റ്റോറന്റിൽ വച്ച് ഭക്ഷണം കഴിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കയാണ് ഒരു യുവാവ്. ഭക്ഷണത്തിന്റെ വില കേട്ട് അമ്പരന്ന് നെറ്റിസൺസ്. അനുഷ്ക് ശർമ്മ എന്ന യുവാവാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭക്ഷണത്തിന്റെ രുചിയെ കുറിച്ചും ഓരോ വിഭവവും എങ്ങനെയിരുന്നു എന്നതിനെ കുറിച്ചുമെല്ലാം യുവാവ് പറയുന്നുണ്ട്. 'ഞങ്ങൾ 40,000 രൂപയ്ക്ക് ഇവിടെ നിന്നും ഭക്ഷണം കഴിച്ചു. ചിക്കാഗോയിലെ ഒരു ഇന്ത്യൻ മിഷലിൻ സ്റ്റാർ റെസ്റ്റോറന്റാണിത്, തീർച്ചയായും ഇത് ആ വിലയ്ക്കുള്ളതുണ്ട്' എന്നും അനുഷ്ക് ശർമ്മ വീഡിയോയിൽ പറയുന്നു. പിന്നീട്, മേശയിൽ നിരത്തിയിരിക്കുന്ന ഭക്ഷണസാധനങ്ങളും വീഡിയോയിൽ കാണിക്കുന്നത് കാണാം.
പരമ്പരാഗതമായ ഇന്ത്യൻ വിഭവങ്ങളെ എങ്ങനെയാണ് റെസ്റ്റോറന്റ് പുനരവതരിപ്പിച്ചത് എന്നതിനെ കുറിച്ചാണ് പിന്നീട് യുവാവ് പറയുന്നത്. കടുകും കറിവേപ്പിലയുമിട്ട ധോക്ല, ബക്ക്‌വീറ്റ്, പാഷൻ ഫ്രൂട്ട്, ഗ്രീൻ ആപ്പിൾ എന്നിവ ചേർത്ത പാനിപൂരി എന്നിവയെല്ലാം ഇതിൽ പെടുന്നു. ഇന്ത്യയുടെ തനതായ രുചി പോകാതെ തന്നെയാണ് ഇവയെല്ലാം ഉണ്ടാക്കിയിരിക്കുന്നത് എന്നും അനുഷ്ക് പറയുന്നു. സ്ട്രോബെറിയും പുളിയും ചേർത്ത യോഗർട്ട് ചാട്ട്, ബട്ടർനട്ട് സ്ക്വാഷും തക്കാളി പച്ചടിയും ചേർത്ത ഉഴുന്നുവട തുടങ്ങിയ വിഭവങ്ങളും വീഡിയോയിൽ കാണാം.
മെയിൻ കോഴ്സായി സെലറിയക് കബാബ്, പനീർ കോഫ്ത തുടങ്ങിയ വിഭവങ്ങളാണ് ഉള്ളത്. ഇവ കൂടാതെ ഡിസേർട്ടുകളും ഒരുക്കിയിട്ടുണ്ട്. എന്തായാലും, ഇവിടുത്തെ ഭക്ഷണം വളരെ രുചികരവും മനോഹരമായി തയ്യാറാക്കിയതാണ് എന്നുമാണ് യുവാവ് പറയുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരു ഇന്ത്യൻ റെസ്റ്റോറന്റിന് മിഷലിൻ സ്റ്റാർ കിട്ടിയതിന്റെ സന്തോഷം പലരും കമന്റിൽ പ്രകടിപ്പിച്ചു. എന്നാൽ, മറ്റ് ചിലർ ഇത്രയും രൂപയ്ക്കുള്ള ഭക്ഷണമുണ്ടോ ഇത് എന്നാണ് ചോദിച്ചത്.