
മാനസികാരോഗ്യത്തെ കുറിച്ച് പലപ്പോഴും ആളുകൾക്ക് വേണ്ടത്ര അവബോധമുണ്ടാവാറില്ല. ശാരീരികമായി ബാധിക്കുന്ന അസുഖങ്ങൾക്ക് കൂടെ നിൽക്കുകയും പിന്തുണ നൽകുകയും ചെയ്യുമെങ്കിലും മാനസികാരോഗ്യപ്രശ്നങ്ങൾ പലപ്പോഴും ആരും കൂടെയില്ലാതെ, തെറാപ്പിസ്റ്റിനെ ഒന്നും കാണാതെ അവഗണിക്കപ്പെടാറാണ് പതിവ്. എന്നാൽ, മകൻ അത്തരം അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ കൂടെ നിൽക്കുകയും അവനെ പരിചരിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇൻഫ്ലുവൻസറായ അനിഷ് ഭഗത് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത്, വിഷാദത്തിലൂടെ കടന്നു പോകുന്ന മകനൊപ്പം നിൽക്കാനെത്തുന്ന മാതാപിതാക്കളാണ്. 'കൂടുതൽ മാതാപിതാക്കൾ ഇതുപോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അമ്മയ്ക്കും അച്ഛനും നന്ദി. നിങ്ങൾ എനിക്ക് വേണ്ടി ചെയ്ത ഏറ്റവും മധുരമുള്ള കാര്യമാണിത്' എന്നാണ് അനിഷ് കുറിച്ചിരിക്കുന്നത്. 'താൻ ഒരു ധൈര്യവാനാണ് എന്ന് കാണിക്കാനോ, പ്രചോദനമാവാനോ അല്ല താൻ ഇത് ഷെയർ ചെയ്തിരിക്കുന്നത്. മറിച്ച്, പിന്തുണ എന്നാൽ ശരിക്കും ഇങ്ങനെയാണ് എന്ന് കാണിക്കാനാണ്' എന്നും അനിഷ് കുറിക്കുന്നു.
വീഡിയോയിൽ അച്ഛനും അമ്മയും എത്തുന്നതും അനിഷിന്റെ മുറിയും വീടുമൊക്കെ വൃത്തിയാക്കുന്നതും, ഒപ്പം ജിമ്മിൽ പോകുന്നതും, ഇഷ്ടപ്പെട്ട ബിരിയാണി വച്ചുകൊടുക്കുന്നതും എല്ലാം കാണാം. തീർന്നില്ല, അവനെ തെറാപ്പിസ്റ്റിനെ കാണാൻ കൂടെ നിൽക്കുകയും ചെയ്യുന്നുണ്ട് അച്ഛനും അമ്മയും. ഭഗത്തിന്റെ അവസ്ഥ എന്താണെന്ന് അവർക്ക് മനസ്സിലാവില്ലായിരിക്കാം, എന്നാൽ എപ്പോഴും അവനോടൊപ്പമുണ്ടായിരിക്കുമെന്നാണ് അവർ പറയുന്നു.
വീഡിയോയുടെ അവസാനം അനിഷിന്റെ അച്ഛൻ പറയുന്നത്, 'നീ അനുഭവിക്കുന്നതെല്ലാം ഞങ്ങൾക്ക് മനസ്സിലാകണമെന്നില്ല, പക്ഷേ ഞങ്ങൾ എവിടേക്കും പോകില്ല, നിനക്കൊപ്പമുണ്ടാകും' എന്നാണ്. അനേകങ്ങളാണ് ഈ ഹൃദയസ്പർശിയായ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 'അച്ഛനമ്മമാരിൽ നിന്ന് ഇത്തരത്തിലുള്ള പിന്തുണയാണ് ആരും ആഗ്രഹിക്കുന്നത്', 'ശരിയായ പാരന്റിംഗ് ഇതാണ്' തുടങ്ങിയ കമന്റുകളാണ് പലരും നൽകിയിരിക്കുന്നത്.