'എന്താ കല്ല്യാണം കഴിക്കാത്തേ എന്നുവരെ ചോദിക്കും'; ഇന്ത്യയിൽ ഞെട്ടിച്ച 5 കാര്യങ്ങൾ പറഞ്ഞ് വിദേശി യുവതി

Published : Feb 24, 2026, 02:34 PM IST
viral video

Synopsis

നാൽപതിലധികം രാജ്യങ്ങൾ സന്ദർശിച്ച ട്രാവൽ വ്ലോഗർ മായ റേ, ഇന്ത്യയിലെ തന്റെ സോളോ യാത്രയിൽ അത്ഭുതപ്പെടുത്തിയ അഞ്ച് കാര്യങ്ങൾ പങ്കുവച്ചതാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇന്ത്യക്കാരെ നന്നായി മനസിലാക്കിയിരിക്കുന്നു എന്നാണ് വീഡിയോയ്ക്ക് കമന്‍റുകള്‍.

നാൽപതിലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള പ്രശസ്ത ട്രാവൽ വ്ലോഗർ മായ റേ, ഇന്ത്യയിലെ തന്റെ തനിച്ചുള്ള യാത്രയ്ക്കിടയിൽ കണ്ടറിഞ്ഞ രസകരമായ അഞ്ച് കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. 'ഇന്ത്യയിലെ സോളോ ട്രാവലിൽ എന്നെ ആത്മാർത്ഥമായി അത്ഭുതപ്പെടുത്തിയ 5 കാര്യങ്ങൾ' എന്ന മായയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ ഇന്ത്യക്കാരുടെ ഇടയിൽ വലിയ ശ്രദ്ധ നേടുന്നത്.

മായയെ അത്ഭുതപ്പെടുത്തിയ ആ 5 കാര്യങ്ങൾ എന്തൊക്കെയാണ് എന്നല്ലേ? അതിലൊന്ന് സുരക്ഷിതത്വബോധമാണ്. ഇന്ത്യയിൽ എല്ലായിടത്തും ആളുകൾ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് മായ പറയുന്നു. ആളുകൾ നോക്കുന്നത് ആദ്യം അല്പം അസ്വസ്ഥതയുണ്ടാക്കിയെങ്കിലും, എന്തെങ്കിലും സഹായം ആവശ്യമായി വന്നാൽ അവർ പെട്ടെന്ന് ഓടിയെത്തും. ഇത്രയധികം പരിഗണന മറ്റൊരു രാജ്യത്തും ലഭിച്ചിട്ടില്ലെന്നാണ് മായ പറയുന്നത്.

അടുത്തതായി ഇന്ത്യക്കാർക്ക് ഇം​ഗ്ലീഷ് സംസാരിക്കാൻ സാധിക്കുന്നതിനെ കുറിച്ചാണ് മായ പറയുന്നത്. ഇന്ത്യയിലെ വൈവിധ്യമാർന്ന ഭാഷകൾക്കിടയിലും ഭൂരിഭാഗം ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം എന്നത് മായയെ ഞെട്ടിച്ചു. ട്രെയിൻ ബുക്കിംഗ് മുതൽ ആഴത്തിലുള്ള സംഭാഷണങ്ങൾ വരെ ഇംഗ്ലീഷിൽ നടത്താൻ സാധിച്ചുവെന്നും മായ പറയുന്നു.

ഇന്ത്യക്കാർ പരിചയപ്പെട്ട ഉടനെ ചോദിക്കുന്ന ചോദ്യങ്ങളെ കുറിച്ചും മായ രസകരമായി വിവരിക്കുന്നുണ്ട്. ശമ്പളം എത്രയാണ്?, എന്തുകൊണ്ട് വിവാഹം കഴിച്ചില്ല?, വയസ്സ് എത്രയായി എന്നിങ്ങനെ ഒരു ചമ്മലും കാണിക്കാതെ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്ന രീതി തനിക്ക് പുതിയ അനുഭവമായിരുന്നു എന്നാണ് മായ പറയുന്നത്.

വിദേശ സഞ്ചാരികളേക്കാൾ കൂടുതൽ ഇന്ത്യക്കാർ തന്നെയാണ് സ്വന്തം രാജ്യം ചുറ്റിക്കാണാൻ ട്രെയിനുകളിലും ബസുകളിലും ഉള്ളതെന്ന് മായ നിരീക്ഷിച്ചു. 40 രാജ്യങ്ങൾ സന്ദർശിച്ചിട്ടും ഇത്രയധികം തദ്ദേശീയർ സ്വന്തം രാജ്യം ആസ്വദിക്കുന്നത് കണ്ടിട്ടില്ലെന്ന് അവർ പറയുന്നു.

 

 

ഇന്ത്യൻ ഭക്ഷണത്തിന്റെ രുചിയെ കുറിച്ചാണ് അടുത്തതായി പറയുന്നത്. ആ രുചിയോട് മത്സരിക്കാൻ ലോകത്ത് മറ്റൊന്നിനും കഴിയില്ല. സ്വന്തം നാട്ടിലെ ഇന്ത്യൻ ഹോട്ടലുകളിൽ ലഭിക്കുന്ന ഭക്ഷണത്തിന് ഇന്ത്യയിലെ ഒറിജിനൽ രുചിയില്ലെന്നും മായ കൂട്ടിച്ചേർത്തു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. നിങ്ങൾ ഇന്ത്യയെ ശരിക്കും മനസിലാക്കിയിരിക്കുന്നു എന്നാണ് പലരും കമന്റ് നൽകിയത്.

 

PREV
Read more Articles on
click me!

Recommended Stories

ട്രെയിനിൽ ചിപ്സ് പൊട്ടിച്ചെറിഞ്ഞ് കുഞ്ഞ്, അച്ഛൻ ചെയ്തത് കണ്ടോ? കയ്യടിച്ച് സോഷ്യൽ മീഡിയ
രണ്ട് പ്ലേറ്റ് പോരട്ടെ; കല്യാണസദ്യ തോറ്റു, ട്രെൻഡാവാൻ മാഗി സ്റ്റാൾ, മുന്നിൽ വന്‍തിരക്ക്!