
ലോകത്തിലെ തന്നെ ഏറ്റവും വിചിത്രവും ഭയാനകവുമായ കാഴ്ചകളിലൊന്നാണ് തുർക്ക്മെനിസ്ഥാനിലെ കാരാക്കും മരുഭൂമിയിലുള്ള 'ദർവാസ ഗ്യാസ് ക്രേറ്റർ' (Darvaza Gas Crater). 'നരകവാതിൽ' (Door to Hell) എന്ന് ലോകം വിളിക്കുന്ന ഈ ഗർത്തം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അണയാതെ കത്തുകയാണ്.
നൂറുകണക്കിന് വർഷങ്ങളായി കത്തുന്ന ഒരു പ്രകൃതി പ്രതിഭാസമല്ല ഇത്, മറിച്ച് 1971-ൽ നടന്ന ഒരു മനുഷ്യസഹജമായ പിഴവിന്‍റെ ഫലം. അന്ന് സോവിയറ്റ് യൂണിയനിലെ ശാസ്ത്രജ്ഞർ ഈ മേഖലയിൽ പ്രകൃതിവാതകത്തിനായി ഡ്രില്ലിംഗ് നടത്തുന്നതിനിടെ ഭൂമി ഇടിഞ്ഞുതാഴ്ന്ന് വലിയൊരു ഗർത്തം രൂപപ്പെട്ടു. ഇതിൽ നിന്നും വിഷവാതകങ്ങൾ , പ്രധാനമായും മീഥേൻ പുറത്തുവരാൻ തുടങ്ങിയതോടെ സമീപവാസികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ ഭയപ്പെട്ടു. വാതകം കത്തിച്ചു തീർക്കുകയാണ് ഇതിന് പരിഹാരമെന്ന് കരുതിയ അവർ ഗർത്തത്തിന് തീ കൊടുത്തു. ഏതാനും ആഴ്ചകൾക്കുള്ളിൽ തീ അണയുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ ആ തീ 54 വർഷം പിന്നിട്ടിട്ടും അണയാതെ തുടരുന്നു.
ഏകദേശം 230 അടി വീതിയും 65 അടി താഴ്ചയുമുള്ള കൂറ്റൻ ഗർത്തമാണിത്. ഗർത്തത്തിനുള്ളിലെ താപനില അതീവ ഭയാനകമാണ്. ഇതിന്‍റെ ചുവന്ന പ്രഭ കിലോമീറ്ററുകൾ അകലെ നിന്ന് പോലും കാണാൻ സാധിക്കും. തുർക്ക്മെനിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി ഇന്ന് ഇത് മാറിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ഈ കത്തുന്ന ഗർത്തം കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. 2022-ൽ തുർക്ക്മെനിസ്ഥാൻ പ്രസിഡന്‍റ് ഈ ഗർത്തത്തിലെ തീ അണയ്ക്കാൻ ഉത്തരവിട്ടിരുന്നു. പ്രകൃതിവാതകത്തിന്‍റെ നഷ്ടം കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനുമാണ് ഈ നീക്കം. എന്നാൽ, ഇത് സാങ്കേതികമായി എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ നടക്കുകയാണ്. പ്രകൃതിയുടെ നിഗൂഢതയും മനുഷ്യന്‍റെ ഇടപെടലും ചേർന്ന ഈ വിസ്മയം ലോകമെമ്പാടുമുള്ള സഞ്ചാരികളെയും ശാസ്ത്രജ്ഞരെയും ഒരേപോലെ ആകർഷിക്കുന്നു.