
ജീവിതത്തിലെ പല കാര്യങ്ങളും നമ്മുക്ക് അവിശ്വസനീയമായി തോന്നാം. ഒരിക്കലുമത്തരമൊന്ന് നടക്കില്ലെന്ന് വിശ്വസിച്ചിരിക്കെ കൺമുന്നിലത് നടക്കുമ്പോൾ ഏങ്ങനെയാണ് അത് വിശ്വസിക്കാൻ പറ്റുക? ഏതാണ്ടത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കടയിലേക്ക് തോക്കുമായി കയറിയ മോഷ്ടാവിന് കടയുടമയുടെ കുഞ്ഞു മകൾ തന്‍റെ കൈയിലെ ലോലിപോപ്പ് നീട്ടി. പിന്നാലെ മാനസാന്തരപ്പെട്ട മോഷ്ടാവ് അവിടെ നിന്നെടുത്തതെല്ലാം തിരികെ വച്ച് പോകുന്നതാണ് വീഡിയോ.
വീഡിയോ കണ്ടവരില്‍ നിരവധി പേര്‍ അത് അവിശ്വസനീയമെന്നാണ് കുറിച്ചത്. മറ്റ് ചിലര്‍ സ്ക്രിപ്റ്റഡ് എന്നും മറ്റെവിടെ നടന്നാലും പാകിസ്ഥാനില്‍ ഒരിക്കലും നടക്കില്ലെന്നും കുറിച്ചു. അതെ, സിസിടിവി വീഡിയോ പാകിസ്ഥാനിലെ ഏതോ ഒരു കടയുടെ ഉള്ളില്‍ നിന്നുള്ളതാണ്. കടയുടമയും അദ്ദേഹത്തിന്‍റെ കുഞ്ഞും കടയ്ക്കുള്ളില്‍ ഇരിക്കുമ്പോൾ പെട്ടെന്ന് മുഖം മറച്ച ഒരാൾ കയറിവരുന്നു. അടുത്തിരിക്കുന്ന കുട്ടിയെ പോലും ശ്രദ്ധിക്കാതെ കൈയിലെ തോക്ക് ചൂണ്ടി മോഷ്ടാവ് കടയുടമയുടെ മുഖത്ത് അടിച്ച് പണം എടുക്കാന്‍ ആവശ്യപ്പെടുന്നു.
അപ്രതീക്ഷിതമായ അടിയിൽ പതറിപ്പോയ കടയുടമ എല്ലായിടത്തും പണം തപ്പുന്നെങ്കിലും നിരാശപ്പെടുന്നു. ഒടുവില്‍ അയാൾ തന്‍റെ കീശയിലുണ്ടായിരുന്ന പണമെല്ലാം മോഷ്ടാവിന് കൈമാറുന്നു. ഇതിനിടെ മോഷ്ടാവ് കടയുടമയുടെ മുഖത്ത് നിരവധി തവണ അടിക്കുന്നതും വീഡിയോയില്‍ കാണാം. ഈ സമയമത്രയും ഭയന്നിരുന്ന കുട്ടി തന്‍റെ കൈയിലുണ്ടായിരുന്ന ലോലിപോപ്പ് കള്ളന് നേരെ നീട്ടുന്നു. ഇതോടെ വികാരാധീനനാകുന്ന അയാൾ കിട്ടിയ പണമെല്ലാം അവിടെ ഉപേക്ഷിച്ച് ഒരു നിമിഷം കുട്ടികളുടെ നെറ്റിയിൽ ചുംബിക്കുകയും അസ്വസ്ഥതയോടെ പുറത്തിറങ്ങി തന്നെ കാത്ത് നില്‍ക്കുന്ന ബൈക്കിൽ കയറി പോകുന്നു. കുട്ടിയുടെ അപ്രതീക്ഷിത നീക്കം കള്ളനെ അടിമുടി ഉലച്ചുകളഞ്ഞെന്ന് വ്യക്തം.
കുട്ടികൾ അനുഗ്രഹിക്കപ്പെട്ടവരാണെന്നും അവരുടെ നിഷ്ക്കളങ്കത അപകടകരമായ സാഹചര്യങ്ങളില്‍ കരുണയുടെ വർഷമാകുമെന്ന് കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയ്ക്ക് താഴെ ഒരു കാഴ്ചക്കാരൻ എഴുതി, 'പാകിസ്ഥാനിൽ പകൽ കൊള്ള സാധാരണമാണ്. പെൺമക്കൾ എപ്പോഴും അതിശയകരവും മനോഹരവുമാണ്.' വേഷം മാറിയ കൊച്ചുമാലാഖ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുട്ടിയെ വിശേഷിപ്പിച്ചത്. അതേസമയം വീഡിയോ സ്ക്രിപ്റ്റഡ് ആണെന്നും മോഷ്ടാവ് കടയുടമയെ അടിക്കുന്നില്ല, മറിച്ച് അടിക്കുന്നതായി അഭിനയിക്കുകയാമെന്നും മറ്റ് ചിലര്‍ ആരോപിച്ചു. മോഷ്ടാവിന്‍റെ ചുംബനം പോലും അഭിനയമാണെന്ന് മറ്റ് ചിലരും ആരോപിച്ചു.