കുടിവെള്ളക്ഷാമമെന്ന് വീട്ടമ്മമാരുടെ പരാതി, 10 രൂപയുടെ കുപ്പിവെളളം നീട്ടി എംഎൽഎ; വീഡിയോ വൈറൽ, പിന്നാലെ പ്രതിഷേധം

Published : Jun 30, 2026, 10:10 PM IST
 BJP MLA Pritam Lodhi

Synopsis

മധ്യപ്രദേശിലെ ശിവ്പുരിയിൽ കുടിവെള്ളക്ഷാമത്തെക്കുറിച്ച് പരാതിപ്പെട്ട വീട്ടമ്മമാർക്ക് ബിജെപി എംഎൽഎ പ്രീതം ലോധി കുപ്പിവെള്ളം നൽകി. കാറിൽ നിന്നിറങ്ങാതെ വീട്ടമ്മമാരെ പരിഹസിച്ച എംഎൽഎയുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നു.

 

ധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ കുടിവെള്ളവും വൈദ്യുതിയും ഇല്ലെന്ന് സ്ഥലം എംഎൽഎയോട് പരാതിപ്പെട്ട വീട്ടമ്മമാർക്ക് 10 രൂപയുടെ കുപ്പിവെള്ളം നീട്ടിയ ബിജെപി എംഎൽഎയുടെ നടപടി സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. ശിവ്പുരി ജില്ലയിലെ പിച്ചോർ നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎയായ പ്രീതം ലോധിയാണ് തന്‍റെ അടുത്ത് പരാതി പറയാൻ എത്തിയ വീട്ടമ്മമാർക്ക് നേരെ തന്‍റെ കാറിൽ ഇരുന്ന് 10 രൂപയുടെ ഒരു കുപ്പി വെള്ളം നീട്ടിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പങ്കുവയ്ക്കപ്പെടുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.

കുടിവെള്ളമില്ലെന്ന് വീട്ടമ്മ, കുപ്പിവെള്ളം നീട്ടി എംഎൽഎ

പിച്ചോറിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പുറമേയാണ് സ്ഥിരമായുള്ള വൈദ്യുതി മുടക്കവും. ഇതേതുടർന്ന് തങ്ങളുടെ പരാതി എംഎൽഎയോട് പറയുകയായിരുന്നു വീട്ടമ്മമാർ. ഒരു വീട്ടമ്മ തങ്ങളുടെ പ്രദേശത്ത് ദിവസങ്ങളായി ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നില്ലെന്നും വൈദ്യുതി വിതരണം സ്ഥിരമായി തടസപ്പെടുകയാണെന്നും കാറിൽ തന്നെ ഇരിക്കുകയായിരുന്ന എംഎൽഎയോട് പരാതിപ്പെട്ടു. തന്‍റെ മണ്ഡലത്തിലെ പൗരന്മാരുടെ പ്രശ്നങ്ങൾ കേൾക്കാൻ കാറിൽ നിന്നും ഇറങ്ങാൻ പോലും എംഎൽഎ പ്രീതം ലോധി തയ്യാറായില്ല. വിട്ടമ്മമാർ പരാതി തുടരുന്നതിനിടെ പ്രീധം ലോധി കാറിൽ ഇരുന്ന് തന്നെ ഒരു പത്ത് രൂപ വിലയുള്ള ഒരു കുപ്പി വെള്ളം വീട്ടമ്മമാർക്ക് നേരെ നീട്ടി. ഇതോടെ വീട്ടമ്മമാരുടെ ശബ്ദം ഉയരുന്നതും തങ്ങൾക്ക് കുപ്പിവെള്ളം വേണ്ടെന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.

 

 

രൂക്ഷമായ പ്രതികരണം

സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയത്. അതേസമയം ചിലർ ജനങ്ങളുടെ പ്രശ്നം നേരിട്ട് കേട്ട്, ഉടൻ തന്നെ സഹായം നൽകാൻ ശ്രമിച്ച എംഎൽഎയുടെ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തി. മറ്റുചിലർ കുടിവെള്ളക്ഷാമം പോലുള്ള അടിസ്ഥാന പ്രശ്നങ്ങൾക്ക് കുപ്പിവെള്ളം നൽകുന്നതാണോ എംഎൽഎമാരുടെ ജോലിയെന്ന് ചോദ്യം ചെയ്തു. സ്ഥിരപരിഹാരവും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് സർക്കാറിന്‍റെയും ജനപ്രതിനിധികളുടെയും കടമയും ഉത്തരവാദിത്തവുമാണെന്നും ചിലർ ചൂണ്ടിക്കാണിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

സ്കൂളിലേക്ക് സ്കൂട്ടർ ഓടിച്ച് പോകവെ ഹൃദയാഘാതം, റോഡിൽ കുഴഞ്ഞുവീണ അധ്യാപികയ്ക്ക് സിപിആർ നൽകി യുവാക്കളുടെ രക്ഷാപ്രവർത്തനം, വീഡിയോ
'അന്തസ്സില്ലാത്ത മരണങ്ങൾ'; മാലിന്യ വാഹനത്തിന് പിന്നിൽ കെട്ടിവലിച്ച് പശുവിന്‍റെ മൃതശരീരം; വൻ പ്രതിഷേധം, വീഡിയോ