
ഏഷ്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തായ്‍ലന്‍ഡ്. നിരവധി ഇന്ത്യൻ വിനോദ സഞ്ചാരികൾ വർഷം തോറും സന്ദർശിക്കുന്ന രാജ്യം. ഇന്ത്യൻ വിനോദ സഞ്ചാരികൾ രാജ്യത്ത് പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നെന്നുള്ള പരാതികളും തായ്‍ലന്‍ഡിൽ നിന്നും അടുത്ത കാലത്തായി ഉയർന്നിരുന്നു. ഇതിനിടെയാണ് തായ്‍ലന്‍ഡിലെ ഫുക്കറ്റിലുള്ള ഒരു റെസ്റ്റോറന്‍റിൽ വച്ച് ഒരു ഇന്ത്യൻ വിനോദ സഞ്ചാരിയെ റെസ്റ്റോറന്‍റിലെ സ്ത്രീ പുരുഷ ജീവനക്കാർ ചേർന്ന് മർദ്ദിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
വീഡിയോയുടെ തുടക്കത്തിൽ തന്നെ ഒരാളെ ചുമരോട് ചേർത്ത് നിർത്തി ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങിയ സംഘം ക്രൂരമായി മർദ്ദിക്കുന്നത് കാണാം. ഇതിനിടെ ഇയാൾ നിലവിളിക്കുന്നതും കേൾക്കാം. കുറച്ചേറെ നേരം സംഘർഷം തുടരുന്നു. ഈ സമയമത്രയും ഇയാൾ നിലവളിക്കുന്നതും വീഡിയോയിൽ കേൾക്കാം. അല്പം സമയത്തിന് ശേഷം റെസ്റ്റോറന്‍റിലേക്ക് പോലീസ് എത്തുകയും കടയുടമയോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഈ സമയം അവരെന്നെ തല്ലിയെന്നും എനിക്ക് വീട്ടിൽ പോകമെന്നും ഇയാൾ കൈ കൂപ്പി പറയുന്നതും വീഡിയോയിൽ കാണാം. നിമിഷങ്ങൾക്കുള്ളിൽ പോലീസ് സംഘം ഇന്ത്യൻ വിനോദ സഞ്ചാരിയെ കൈയാമം വച്ച് പുറത്തേക്ക് കൊണ്ടു പോകുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ഈ സമയം റെസ്റ്റോറന്‍റിലുണ്ടായിരുന്നവരാണ് ഏതാണ്ട് 4.25 മിനിറ്റുള്ള വീഡിയോ ചിത്രീകരിച്ചത്.
സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിവരം അനുസരിച്ച് ഇന്ത്യൻ സഞ്ചാരിയായ ജിതേഷ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്. ഇയാൾ റെസ്റ്റോറന്‍റിലെ ജീവനക്കാരിയെ കയറിപ്പിടിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും കുറിപ്പിൽ പറയുന്നു. അതേസമയം തായ്‍ലന്‍ഡ് പോലീസ് വിഷയത്തിൽ ഔദ്ധ്യോഗിക വിശദീകരണങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.