
അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും ഡ്രൈവർ സഹായത്തിനായി നിലവിളിച്ചപ്പോൾ ഓടിക്കൂടിയ ആൾക്കൂട്ടം ലോറിയിൽ നിന്നും വീണ് ചിതറിയ സോഫ്റ്റ് ഡ്രിങ്ക് കുപ്പികൾ മോഷ്ടിക്കാൻ തിരക്ക് കൂട്ടി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്. ഇതിന് മുമ്പ് സമാനമായ സംഭവങ്ങൾ ഉത്തരേന്ത്യയിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴും പൊതുജനം അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിൽ അലംഭാവം കാണിച്ചിരുന്നു. എന്നാൽ അപകടങ്ങളെത്ര നടന്നാലും ഇത്തരം കാര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്ന് പുറത്ത് വരുന്ന വീഡിയോകളും വാർത്തകളും ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യത്വം മരവിച്ച നിമിഷങ്ങളിലൊന്നായിരുന്നു അത്. ഘർ കെ കലേഷ് എന്ന ജനപ്രിയ അക്കൗണ്ടിൽ നിന്നും പങ്കുവച്ച വീഡിയോയിൽ ബൈക്കുകളിലെത്തിയ ആളുകൾ മറിഞ്ഞ് വീണ ലോറിയിൽ നിന്നും 10 കുപ്പികൾ അടങ്ങിയ സോഫ്റ്റ് ഡ്രിങ്കിന്‍റെ പാക്കറ്റുകൾ മോഷ്ടിച്ച് കടക്കുന്നത് കാണാം. ആരും ലോറിയിലെ ഡ്രൈവറെ കുറിച്ച് ആശങ്കപ്പെടുകയോ അന്വേഷിക്കുകയോ ചെയ്തില്ല. എവിടെ നടന്ന സംഭവമാണെന്ന് വീഡിയോയിൽ പറയുന്നില്ല. അതേസമയം റോഡിൽ നിന്നും താഴേക്ക് മറിഞ്ഞ ലോറിയിൽ നിന്നും സോഫ്റ്റ് ഡ്രിങ്കുകളുടെ കുപ്പികൾ ആളുകൾ ചാക്കുകളിലും ബൈക്കുകളിലുമായി കടത്തി കൊണ്ട് പോകുന്നതും കാണാം. വീഡിയോ ചിത്രീകരിച്ച് കൊണ്ടിരുന്നയാൾ സംഭവം വിവരിച്ചെങ്കിലും ആളുകൾ തങ്ങളുടെ പ്രവർത്തി ഒരു മടിയും കൂടാതെ ചെയ്യുന്നതും കാണാം.
മണിക്കൂറുകൾക്കുള്ളിൽ ഏതാണ്ട് 30,000 ത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ വീഡിയോ റീ ട്വീറ്റ് ചെയ്തു. നിരവധി പേർ മനുഷ്യത്വത്തെ കുറിച്ച് സംസാരിച്ചു. ആളുകൾ എന്ത് കൊണ്ടാണ് വെറും സോഫ്റ്റ് ഡ്രിങ്കുകളുടെ വില പോലും ഒരു മനുഷ്യന്‍റെ നിലവിളിക്ക് നൽകാത്തത് എന്ന് ആശങ്കപ്പെട്ടു. അപകടത്തിൽപ്പെടുന്ന ഒരാളെ സഹായിക്കാൻ ആരും മുന്നോട്ട് വരാത്തതെന്നതാണെന്ന് ചിലർ ആശങ്കപ്പെട്ടു. "ഒരു അപകട സ്ഥലത്ത് നിങ്ങളുടെ ആദ്യ ലക്ഷ്യം എനിക്ക് എന്ത് എടുക്കാൻ കഴിയും എന്നതാണെങ്കിൽ, ആ രാജ്യത്തെ അഴിമതിയെക്കുറിച്ച് പരാതിപ്പെടാനുള്ള അവകാശം നിങ്ങൾക്ക് നഷ്ടപ്പെട്ടു. നിങ്ങൾ സീറ്റില്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ്." എന്ന് ഒരു കാഴ്ചക്കാരൻ രൂക്ഷമായി പ്രതികരിച്ചു. നിരവധി പേർ അസ്വസ്ഥത പ്രകടിപ്പിച്ച് രംഗത്തെത്തി. മറ്റ് ചിലർ ആളുകളെ പരിഹസിച്ചു. പൗരബോധത്തെ കുറിച്ചും സാമൂഹിക തകർച്ചയെ കുറിച്ചും ചിലർ ആധിപൂണ്ടു. ഒരു സമൂഹം എന്ന നിലയിൽ നമ്മൾ എവിടെയാണ് എത്തി നിൽക്കുന്നതെന്ന് മറ്റ് ചിലർ ചോദിച്ചു.