മുംബൈയേക്കാൾ ചെറുത്, കൊൽക്കത്തയോട് സാമ്യം; പക്ഷേ വികസനത്തിൽ വിസ്മയം! സിംഗപ്പൂർ വിശേഷങ്ങളുമായി ട്രാവൽ ഇൻഫ്ലുവൻസർ

Published : Jan 17, 2026, 02:21 PM IST
viral video

Synopsis

ഇന്ത്യയില്‍ നിന്നുള്ള ട്രാവൽ ഇൻഫ്ലുവൻസർ ടാനിയ ഖനിജോ സിംഗപ്പൂരില്‍ നിന്നും ഷെയര്‍ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയേക്കാൾ ചെറിയ ഈ രാജ്യം എങ്ങനെ മനോഹരമായി മാറുന്നു എന്നതിനെ കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. 

സിംഗപ്പൂർ എന്ന കൊച്ചു രാജ്യം ലോകത്തിന് മുന്നിൽ ഒരു വിസ്മയമായി മാറുന്നത് എങ്ങനെയാണെന്ന് വിവരിക്കുകയാണ്  ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ ടാനിയ ഖനിജോ. തന്റെ പുതിയ വീഡിയോയിലൂടെ സിംഗപ്പൂരിലെ കാഴ്ചകളും അവിടുത്തെ കൗതുകകരമായ നിയമങ്ങളും ഇന്ത്യയുമായുള്ള ആഴത്തിലുള്ള ബന്ധവുമാണ് ടാനിയ പങ്കുവെക്കുന്നത്. "ഈ രാജ്യം അത്രമേൽ പച്ചപ്പുള്ളതാണ്, ഇവിടുത്തെ കെട്ടിടങ്ങൾക്കുള്ളിൽ പോലും മരങ്ങൾ വളരുന്നുണ്ട്" എന്ന് പറഞ്ഞുകൊണ്ടാണ് ടാനിയ വീഡിയോ തുടങ്ങുന്നത്. വിസ്തീർണ്ണത്തിൽ മുംബൈയേക്കാൾ ചെറുതാണെങ്കിലും ലോകത്തിലെ ഏറ്റവും ശുദ്ധമായ വായുവും വെള്ളവും റോഡുകളും സിംഗപ്പൂർ ഉറപ്പാക്കുന്നുണ്ട്.

സിംഗപ്പൂരിന്റെ ചരിത്രത്തെക്കുറിച്ച് ടാനിയ പറയുന്ന ഒരു കാര്യം ഏതൊരു ഇന്ത്യക്കാരനെയും അത്ഭുതപ്പെടുത്തും. സ്വാതന്ത്ര്യത്തിന് ശേഷം സിംഗപ്പൂരിനെ വികസിപ്പിക്കാൻ ഇറങ്ങിത്തിരിച്ച അവിടുത്തെ നേതാക്കൾക്ക് പ്രചോദനമായത് ഇന്ത്യയിലെ കൊൽക്കത്ത നഗരമായിരുന്നു. എന്നാൽ ഇന്ന്, ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള രാജ്യമായി സിംഗപ്പൂർ വളർന്നു കഴിഞ്ഞു. ഇന്ത്യയുമായുള്ള സാംസ്കാരിക ബന്ധം സിംഗപ്പൂർ ഇന്നും കാത്തുസൂക്ഷിക്കുന്നു. അവിടുത്തെ നാല് ഔദ്യോഗിക ഭാഷകളിൽ ഒന്ന് തമിഴാണ്. 'ലിറ്റിൽ ഇന്ത്യ' എന്നറിയപ്പെടുന്ന പ്രദേശം അവിടുത്തെ ഇന്ത്യൻ സാന്നിധ്യത്തിന്റെ വലിയ ഉദാഹരണമാണ്.

അവിടെ കാറുകൾ വാങ്ങുന്നത് ചെലവേറിയ കാര്യമാണ്. നഗരത്തിലെ തിരക്ക് കുറയ്ക്കാൻ ബോധപൂർവ്വം ചെയ്തതാണ് ഇത്. ഇവിടെ 90 ശതമാനവും മാലിന്യം കത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു, അതും മലിനീകരണം ഇല്ലാതെ. ഇവിടുത്തെ വാട്ടർ റീസൈക്ലിംഗ് സംവിധാനവും എടുത്തുപറയേണ്ടതാണ്. നിയമങ്ങൾ പാലിക്കുന്ന കാര്യത്തിൽ സിംഗപ്പൂർ വിട്ടുവീഴ്ചക്കില്ല. പൊതുസ്ഥലത്ത് മാലിന്യം ഇടുന്നതോ, പബ്ലിക് ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യാത്തതോ ഒക്കെ വലിയ കുറ്റമാണ്. ഒരു ആഡംബര ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന അത്രയും തുക ഇത്തരം കാര്യങ്ങളിൽ പിഴയായി നൽകേണ്ടി വരും.

 

 

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായ ചാംഗിയിലെ കാഴ്ചകളും ടാനിയ പങ്കുവെക്കുന്നു. അഞ്ചാം നിലയിൽ യാതൊരു പ്രത്യേകതയുമില്ലാതെ സ്വാഭാവികമായി മരങ്ങൾ വളരുന്നതും ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ വെള്ളച്ചാട്ടവും ഏതു സഞ്ചാരിയെയും അതിശയിപ്പിക്കുന്നതാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് സിംഗപ്പൂരിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

അമേരിക്കൻ ഡ്രീം പോലെയല്ല, ജർമ്മനിയിലേക്ക് വിമാനം കയറും മുമ്പ് അറിയണം, വീഡിയോയുമായി യുവാവ്
ഇന്ത്യയിലെ ട്രെയിനിൽ ഒരു രാത്രി, അനുഭവം പ്രതീക്ഷിച്ചതായിരുന്നില്ല, വീഡിയോയുമായി വിദേശിയായ യുവതി