വലിയ വലിയ കരിയർ സ്വപ്നങ്ങളുമായി വിദേശത്തേക്ക്, പിന്നീട് സംഭവിക്കുന്നത് ഇതോ? അങ്ങനെ വീണുപോകരുത്, വീഡിയോയുമായി യുവതി

Published : Jul 19, 2026, 11:59 AM IST
viral video

Synopsis

പഠനകാലത്ത് വീട്ടുവാടകയ്ക്കും ഭക്ഷണത്തിനുമായി കണ്ടെത്തുന്ന ഇത്തരം താൽക്കാലിക ജോലികൾ, പഠനം കഴിഞ്ഞയുടൻ വിദ്യാർത്ഥികൾ ഫുൾ ടൈം ജോലികളാക്കി മാറ്റാറുണ്ട്. അവിടുത്തെ സൗഹൃദങ്ങളും ജോലിയുടെ എളുപ്പവുമെല്ലാം കാരണം ജീവിതം സുരക്ഷിതമാണെന്ന തോന്നൽ അവരിലുണ്ടാകും.

ഇന്ന് നിരവധി യുവാക്കളാണ് പഠനത്തിനും ജോലിക്കും ഒക്കെയായി വിദേശത്തേക്ക് പോകുന്നത്. അങ്ങനെ വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കരിയറിനെക്കുറിച്ച് ഉപദേശവുമായി എത്തിയിരിക്കയാണ് ഇന്ത്യക്കാരിയായ യുവതി. പഠനകാലത്ത് ചെലവുകൾക്കായി കണ്ടെത്തുന്ന താൽക്കാലിക ജോലികൾ പിന്നീട് തങ്ങളുടെ കരിയറാക്കി മാറ്റരുതെന്നാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ സൊനാമി വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത്. വലിയ ലക്ഷ്യങ്ങളുമായി വിദേശത്തെത്തുന്ന പലരും പിന്നീട് താൽക്കാലിക ജോലികളിൽ തൃപ്തിപ്പെട്ട് 'കംഫർട്ട് സോണിൽ' കുടുങ്ങിപ്പോകുകയാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.

വിദേശജീവിതത്തിലെ ഏറ്റവും അപകടകരമായ കാര്യം ഈ കംഫർട്ട് സോണാണ് എന്നാണ് സൊനാമി വിഡിയോയിൽ പറയുന്നത്. 'ഇന്ത്യയിൽ നിന്ന് വിദേശത്തേക്കെത്തുമ്പോൾ വിദ്യാർത്ഥികൾ വലിയ ആവേശത്തിലും ലക്ഷ്യബോധത്തിലുമായിരിക്കും. തുടക്കത്തിൽ ചെലവുകൾ നടത്താനായി ഏതെങ്കിലും ഒരു ജോലി കിട്ടിയാൽ മതിയെന്ന ചിന്തയിലാവും അവർ. പഠനത്തോടൊപ്പം അവർ ആ ജോലി കൃത്യമായി കൊണ്ടുപോവുകയും ചെയ്യും. എന്നാൽ യഥാർത്ഥ പ്രശ്നം തുടങ്ങുന്നത് പഠനം കഴിഞ്ഞ ശേഷമാണ്' സൊനാമി പറയുന്നു.

പഠനകാലത്ത് വീട്ടുവാടകയ്ക്കും ഭക്ഷണത്തിനുമായി കണ്ടെത്തുന്ന ഇത്തരം താൽക്കാലിക ജോലികൾ, പഠനം കഴിഞ്ഞയുടൻ വിദ്യാർത്ഥികൾ ഫുൾ ടൈം ജോലികളാക്കി മാറ്റാറുണ്ട്. അവിടുത്തെ സൗഹൃദങ്ങളും ജോലിയുടെ എളുപ്പവുമെല്ലാം കാരണം ജീവിതം സുരക്ഷിതമാണെന്ന തോന്നൽ അവരിലുണ്ടാകും. ഇതോടെ തങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിച്ച കരിയറിലേക്ക് മാറാൻ അവർ മടിക്കുമെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.

പഠിച്ച വിഷയവുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് ജോലികൾക്കായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണമെന്നാണ് സൊനാമി വിദ്യാർത്ഥികളോട് പറയുന്നത്. 'താൽക്കാലിക ജോലികളിൽ ഒതുങ്ങിപ്പോകരുത്. സ്വന്തം മേഖലയിലെ മികച്ച അവസരങ്ങൾക്കായി നിരന്തരം അപേക്ഷിക്കുക. ശ്രമിച്ചുകൊണ്ടിരുന്നാൽ തീർച്ചയായും ലക്ഷ്യത്തിലെത്താം' എന്നും സൊനാമി ഓർമ്മിപ്പിക്കുന്നു. ബിസിനസ്സ് സ്വപ്നം കാണുന്നവരും നിലവിലെ സുരക്ഷിത സാഹചര്യങ്ങളിൽ വീണുപോകാതെ തങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോകണം. ജീവിതത്തിൽ വലിയ വിജയങ്ങൾ നേടണമെങ്കിൽ റിസ്ക് എടുക്കാൻ തയ്യാറാകണമെന്നും സൊനാമി വിഡിയോയിൽ വ്യക്തമാക്കുന്നു.

 

 

യുവതിയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പ്രവാസികളാണ് രംഗത്തെത്തിയിരിക്കുന്നത്. പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം ശരിയാണെന്നും പലരും വിദേശത്ത് നേരിടുന്ന പ്രധാന പ്രതിസന്ധിയാണിതെന്നും കമന്റുകളിൽ ആളുകൾ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

'ആ ഫോൺ ഇങ്ങു തരൂ, ഞാനെടുത്തു തരാമല്ലോ നല്ല ഫോട്ടോ'; അപരിചിതന്‍റെ ആദ്യവിമാനയാത്ര മനോഹരമാക്കി യുവാവ്
നിരന്തരം പീഡിപ്പിച്ച 67 -കാരനായ ഭർതൃപിതാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി യുവതി; വീഡിയോ