
ഉത്തർപ്രദേശിലെ ബാഗ്‌പത് ജില്ലയിൽ ആൺ കുട്ടികൾക്കും യുവാക്കൾക്കും കർശന നിയന്ത്രണങ്ങളുമായി വീണ്ടും ഖാപ്പ് പഞ്ചായത്ത്. കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും പൊതുസ്ഥലങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ഹാഫ് പാന്‍റ്സ് അഥവാ ഷോർട്‌സ് ധരിക്കരുതെന്നുമാണ് പഞ്ചായത്തിന്‍റെ പുതിയ നിർദ്ദേശം.
'താംബ പട്ടി മെഹർ ദേഷ് ഖാപ്പ്' (Thamba Patti Mehar Deshkhap) എന്ന പഞ്ചായത്താണ് ഈ അസാധാരണ തീരുമാനമെടുത്തത്. കുട്ടികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന പാശ്ചാത്യ സ്വാധീനം തടയുന്നതിനും സാംസ്‌കാരിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്ന് ഇവർ അവകാശപ്പെടുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് പഞ്ചായത്ത് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. സ്മാർട്ട്ഫോണുകൾ കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നുവെന്നാണ് പഞ്ചായത്തിന്‍റെ വാദം.
ആൺകുട്ടികൾ ഹാഫ് പാന്‍റ്സിന് പകരം കുർത്ത - പൈജാമയും, പെൺകുട്ടികൾ സൽവാർ - കുർത്തയും ധരിക്കണമെന്നും പഞ്ചായത്ത് നിർദ്ദേശിച്ചു. മാന്യമായ വസ്ത്രധാരണം ഗ്രാമത്തിലെ അച്ചടക്കം നിലനിർത്താൻ ആവശ്യമാണെന്ന് ഇവർ പറയുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, കുട്ടികളുടെ വളർച്ചയ്ക്ക് ഇത്തരം നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.
ബാഗ്‌പത്തിലെ ഖാപ്പ് പഞ്ചായത്ത് കൈക്കൊണ്ട തീരുമാനത്തിന്‍റെ വിശദീകരണങ്ങൾ അടങ്ങിയ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വസ്ത്രധാരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പിന്നിലെ യുക്തി ഒരു ഖാപ്പ് പ്രതിനിധി വിവരിക്കുന്നത് ഇങ്ങനെയാണ്, "നമ്മുടെ ആൺകുട്ടികൾ ഹാഫ് പാന്‍റുകൾ ധരിക്കുന്നു. അവർ ഇത് വീടിനുള്ളിലും പുറത്തും ധരിക്കാറുണ്ട്. വീടിനുള്ളിൽ ധരിക്കുന്നത് കൊണ്ടാണ് അവർ പുറത്തും ഇത് ധരിക്കാൻ ധൈര്യപ്പെടുന്നത്. പാന്‍റോ, കുർത്ത - പൈജാമയോ അല്ലെങ്കിൽ നമ്മുടെ സമൂഹത്തിന് യോജിച്ച മറ്റ് വസ്ത്രങ്ങളോ ധരിച്ച് മാത്രം പുറത്തിറങ്ങുക. ആൺകുട്ടികളും പെൺകുട്ടികളും ഹാഫ് പാന്‍റ് ധരിച്ച് തെരുവിലിറങ്ങുന്നത് സമൂഹത്തിന് മുന്നിൽ അരോചകമായ ഒരു പ്രദർശനമാണ്. അതുകൊണ്ട് സമൂഹം എടുത്ത ഈ തീരുമാനം ഞങ്ങൾ എല്ലാവരും പിന്തുടരും."
കല്യാണ മണ്ഡപങ്ങളിൽ വെച്ച് വിവാഹം നടത്തുന്നത് ഒഴിവാക്കണമെന്നും, പകരം സ്വന്തം ഗ്രാമത്തിലോ വീട്ടുമുറ്റത്തോ വെച്ച് ലളിതമായി വിവാഹം നടത്തണമെന്നും പഞ്ചായത്ത് നിർദ്ദേശിച്ചു. ഇത് കുടുംബബന്ധങ്ങൾ ദൃഢമാക്കാനും അനാവശ്യ ചിലവുകൾ ഒഴിവാക്കാനും സഹായിക്കുമത്രെ. വിവാഹത്തിന് വിലകൂടിയ കാർഡുകൾ അച്ചടിക്കുന്നതിന് പകരം വാട്സാപ്പ് വഴി ക്ഷണിക്കുന്നത് സ്വീകാര്യമാണെന്നും അവർ അറിയിച്ചു. രാഷ്ട്രീയ ലോക്ദൾ (RLD) എംപി രാജ്കുമാർ സാങ്‌വാൻ ഉൾപ്പെടെയുള്ള ചില നേതാക്കൾ ഈ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കാൻ ഇത്തരം നീക്കങ്ങൾ ആവശ്യമാണെന്നാണ് ഇവരുടെ പക്ഷം.
പഞ്ചായത്തിന്‍റെ ഈ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ സാമൂഹികമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കുടുംബങ്ങൾ കുട്ടികളുടെ വസ്ത്രധാരണത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് ഭാരവാഹികൾ നിർദ്ദേശിച്ചു. ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിലും ഖാപ്പ് പഞ്ചായത്തുകൾ മുമ്പും സമാനമായ വസ്ത്രധാരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ ഉപയോഗിക്കുന്നതിനും ജീൻസ് ധരിക്കുന്നതിനും മുൻപ് പെൺകുട്ടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.